Monday, 4 November 2019

കോടോത്

മാസങ്ങളോളം നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം കിട്ടിയ ഇടവേളയിൽ ഓർമ്മകൾ തറവാട്ടു ചരിത്രത്തിലേക്ക് ഊളിയിട്ടപ്പോൾ

   ---********----  (ശ്രീനാഥ് കോടോത്ത് നായർ)
          
       കാവുകളുടെയും തെയ്യങ്ങളുടെയും സ്വന്തം നാടായ വടക്കേ മലബാറിൽ കണ്ടുവരുന്ന ഒരു സമ്പ്രദായമാണ് പേരിനൊപ്പം അമ്മയുടെ കുടുംബപേര് ( തറവാട്) കൂടി ചേർക്കുക എന്നത്. അങ്ങനെ എനിക്കും കിട്ടി ഒരു പേര്. കോടോത്ത്(kodoth). ബാല്യകാലത്ത് സ്കൂളുകളിലും കളി സ്ഥലങ്ങളിലും ഇത് ഒരു വാലായി തോന്നിയെങ്കിലും പിൽക്കാലത്ത് ചരിത്രം അന്വേഷിച്ചിറങ്ങിയ എനിക്ക് കോടോത്ത് എന്നത് ഒരു വാല്‍  അല്ല ഒരു തല തന്നെ എന്ന് ബോധ്യപ്പെട്ടു. നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ പേരും പെരുമയും നിലനിർത്തിപോരുന്ന കേരളത്തിൽ തന്നെ  അപൂർവം തറവാടുകളിൽ ഒന്നായ കോടോത്ത് തറവാട്ടിലെ ഒരു അംഗമാവാന്‍  കഴിഞ്ഞത് എൻറെ ഭാഗ്യമായി ഞാൻ കാണുന്നു.
ഒരു നാടിനെ പേരും തറവാടിൻറെ പേരും ഒന്നാകുക ആ ഗ്രാമത്തിലെ മുഴുവൻ ഭൂമിയും തറവാട്ടു കാരണവരുടെ പേരിൽ ഒറ്റ പട്ട് നമ്പറിൽ ആകുക, വളരെ വിരളമായി മാത്രം കണ്ടുവരുന്ന ഈ അവസ്ഥ വടക്കേ മലബാറിലെ പ്രശസ്തമായ നായർ തറവാടുകളിൽ ഒന്നായ കോടോത്ത് തറവാട്ടിൽ മാത്രം ഒരുകാലത്ത് നിലനിന്നിരുന്നു.

         കോടോത്ത് നായന്മാരുടെ ചരിത്രം ആരംഭിക്കുന്നത് 17ാം നൂറ്റാണ്ടുമുതൽ ആണെന്ന് പറയപ്പെടുന്നു.ചന്ദ്രഗിരിപ്പുഴ കടന്നുള്ള ഇക്കേരി നായക്കന്മാരുടെ ആക്രമണത്തെ ചെറുക്കാനും അവരുടെ തെക്കോട്ടുള്ള കടന്നുകയറ്റത്തിന് തടയിടാനും കോലത്തിരി രാജാവ് സാമൂതിരിയുടെ സഹായം തേടുകയും സാമൂതിരിയുടെ അനുമതിയോടെ ശക്തമായ ഒരു സൈന്യത്തെ അദ്ദേഹം സംഘടിപ്പിക്കുകയും ചെയ്തു. സാമൂതിരിയുടെ പടനായകനായ ചന്ദ്രശേഖര ഗുരുക്കളും അഞ്ഞൂറോളം വരുന്ന നായർ പടയാളികളും ഇക്കേരി രാജവംശവുമായുള്ള യുദ്ധത്തിൽ ഏർപ്പെടുകയും നായക്കന്മാരെ പരാജയപ്പെടുത്തുകയും ചെയ്തു. അഞ്ഞൂറോളം വരുന്ന നായർ പടയാളികൾ കീഴൂര്‍ കേന്ദ്രമായി ആണ് നായക്കന്മാരുമായി യുദ്ധത്തിൽ  ഏർപ്പെട്ടത്.ഇതിൽ പ്രധാനിയായിരുന്നു ചന്ദ്രശേഖര ഗുരുക്കൾ.
          
            ഇപ്രകാരം പൊന്നാനിത്താലൂക്കിൽ വന്നേരി എന്ന സ്ഥലത്തുനിന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് ഇവിടെ എത്തിച്ചേർന്ന ചന്ദ്രശേഖരൻ ഗുരുക്കളുടെ വംശ പരമ്പരയിൽ പെട്ടവരാണ് കോടോത്ത് തറവാട്ടുകാർ.
      
             ഇക്കേരി നായ്ക്കന്മാെരെ പരാജയപ്പെടുത്തിയ തിനുശേഷം കോലത്തിരി രാജാവിന് കാവലാളായി സാമൂതിരിയുടെ അനുവാദത്തോടെ ചന്ദ്രശേഖര ഗുരുക്കളും നായർ പോരാളികളും  ഇവിടങ്ങളിൽ തന്നെ തുടർന്നു. പിന്നീട് കൊളത്തൂർ വരികുളം എന്നസ്ഥലത്ത് വരുകയും ഇവിടെ ഒരു കളരി സ്ഥാപിക്കുകയും തൻറെ ഉപാസനാമൂർത്തിയായ ചാമുണ്ടിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. പിന്നീട് ഇതിന് അനുബന്ധമായി ഒരു എട്ടുകെട്ട് വീടും ഗുരുക്കൾ പണികഴിപ്പിച്ചു. ഇവിടെവച്ച് കുരുക്കൾ സമാധി ആകുകയും കളരിയിൽ തന്നെ സമാധി ഇരുത്തുകയും ചെയ്തു എന്ന് ചരിത്രം.

           
           പിന്നീട് പടനായകനായ ചന്ദ്രശേഖര ഗുരുക്കളുടെ പിൻതലമുറക്കാരായ കുറച്ചുപേരും ഒരു ഗുരുക്കളും കളരി സ്ഥാപിക്കാനുള്ള സ്ഥലം അന്വേഷിച്ചു നടന്നു. അവർ വരികളും എന്ന സ്ഥലത്തു നിന്നും 30 കിലോമീറ്റർ മാറി കോടോത്ത് എന്ന സ്ഥലത്ത് എത്തുകയും അവിടെ ഭഗവതി സാന്നിധ്യം കാണുകയും ഉണ്ടായി. ഭഗവതിക്ക് അവിടെ ഒരു ക്ഷേത്രം നിർമ്മിക്കുകയും മുന്നിലായി ഒരു ക്ഷേത്രക്കുളം പണികഴിപ്പിക്കുകയും ചെയ്തു. ഇതിനു സമീപത്തായി ഒരു കളരി നിർമിക്കുകയും അവിടെ തങ്ങളുടെ കുലദൈവമായ ചാമുണ്ഡി വിഷ്ണുമൂർത്തി പാടാർകുളങ്ങര ഭഗവതി എന്നിവർക്ക് വെവ്വേറെ പള്ളികൾ നിർമിച്ച് കുടിയിരുത്തുകയും ഉണ്ടായി.
         
           ക്രമേണ ഇവിടങ്ങളിലും സമീപ ഗ്രാമങ്ങളിലും ഭൂസ്വത്തുക്കൾ സ്വന്തമാക്കിയ ഇവർ  ഇവിടങ്ങളിലെ ജന്മികളായി മാറി.  സമീപ ക്ഷേത്രങ്ങളുടെ ഒക്കെ സംരക്ഷണ ചുമതല കൈവന്ന ഇവർ കോടോത്ത് നായന്മാർ എന്നും അറിയപ്പെടാൻ തുടങ്ങി. ഈ സ്ഥലങ്ങളിൽ ഇവരുടെ സ്വാധീനം വളർന്നുവരികയും പ്രസ്തുത സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പുതിയ നായർ തറവാടുകൾ ഉയർന്നുവരികയും ചെയ്തു. പല നാടുകളിലായി ഇവർ ആധിപത്യം ഉറപ്പിക്കുകയും പല കുടുംബ പേരുകളിൽ അറിയപ്പെടാൻ തുടങ്ങി എന്നാണ് പറയപ്പെടുന്നത്.
   
           ഏച്ചിക്കാനം, മുല്ലച്ചേരി, ചേരിപ്പാടി കരിച്ചേരി, കമ്മട്ട, കുക്കൾ ,പെരിന്തട്ട,നാരതട്ട,തുളിച്ചേരി
അടുക്കാടുക്കം,കാമലേന്‍ .......തുടങ്ങിയവര്‍ ഇവരിൽ പ്രധാനികളായ ചില തറവാട്ടുകാരാണ്.
     

           ടിപ്പു സുൽത്താനെ പതനത്തിനുശേഷം പതിനെട്ടാം നൂറ്റാണ്ടിൽ തുടക്കത്തോടെ ബ്രിട്ടീഷുകാരുടെ സ്വാധീനം വടക്കേ മലബാറിൽ വർദ്ധിച്ച് വരികയും ഈ നാടുകളിലെ നികുതി പിരിക്കാനുള്ള അധികാരവും പട്ടേലര്‍ സ്ഥാനവും അനേകം ഏക്കർ ഭുമിയും കോടോത്ത് തറവാട്ടിന്  കൈ വന്നുചേർന്നു.
       
             സംസ്ഥാനത്തിന് അകത്തും പുറത്തുമായി വിസ്തൃതമായ ഭൂപ്രദേശത്തിന് ഉടമകളായിരുന്ന കോടോത്ത് നായന്മാർ ഒരവസരത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്ര ഭരണം പോലും കൈകാര്യം ചെയ്തിരുന്നു. ഇന്നും കാസർകോട് ജില്ലയിലെ പല ക്ഷേത്രങ്ങളും(കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രവും തുടങ്ങിയവ )കോടോത്ത് നായന്മാർക്ക് മേൽക്കോയ്മയുള്ളവയാണ്.

  അന്നും ഇന്നും കോടോത്ത് തറവാട്ടിന്‍െ  മൂലസ്ഥാനമായി കാണുന്നത് വരിക്കുള്ളം തറവാട്ടു ഭവനവും കളരിയും ആണ്.രണ്ടു സ്ഥലത്തും തറവാട്ടംഗങ്ങൾ വർഷത്തിൽ പലതവണ ഒത്തുചേരുന്നു.വരിക്കുളത്ത് രണ്ടു വർഷത്തിലൊരിക്കലും(മേടം-20-23) കോടോത്ത് എല്ലാവർഷവും(മകം-5) കളിയാട്ടം നടക്കുന്നത്. രണ്ടു സ്ഥലങ്ങളിലും ദേവിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങളും ഉടയാടയും തിരുവായുധങ്ങളും ഒന്നു തന്നെയാണ് ഉപയോഗിക്കുന്നത്.

        
           മരുമക്കത്തായ സമ്പ്രദായത്തില്‍ വിശ്വസിച്ചിരുന്ന കോടോത്ത് നായന്മാർ സ്വത്തു വിഭജനത്തിലൂടെ പല താവഴികളായി തിരിയുകയും ഇവർ കളരിക്ക് സമീപങ്ങളിലായി നാലുകെട്ടുകളും എട്ടുകെട്ടുകളും നിർമിച്ചു താമസിച്ചു. 
         
          കളരിയുടെ കിഴക്ക് വശമുള്ള വീടായതിനാൽ കോടോത്ത് കിഴക്കേ വീട് എന്നും കളരിയുടെ പടിഞ്ഞാറുവശലത്തുള്ള വീടായതിനാൽ കോളോത്ത് പടിഞ്ഞാറേ വീട് എന്നും കളരിക്ക് വടക്കുള്ള വീട് ആയതിനാൽ വടക്കേവീട് എന്നും പടിഞ്ഞാറെ വീടിനു മുകളിലുള്ള  വീടായതിനാൽ മീത്തലെ വീട് എന്നും കൂട്ടത്തിൽ ഏറ്റവും ചെറുതും ഏറ്റവുമവസാനം നിർമ്മിച്ച  നാലുകെട്ട്  കോടോത്ത് മാളികയ്ക്കൽ പുതിയ വീട് എന്നും അറിയപ്പെടുന്നു.
തറവാട്ടുവകക്ഷേത്രങ്ങളിലും ദേവസ്ഥാനങ്ങളിലും ഉണ്ടായിരുന്ന അധികാരവും മേൽക്കോയ്മയും ഇന്നും എല്ലാ തറവാടു താവഴികളിലും ഒരുപോലെ നിക്ഷിപ്തമാണ്.

          ഈ കാലഘട്ടങ്ങളിൽ കോടോത്ത് തറവാട്ടിലെ കാരണവന്മാർ അന്നാട്ടിലെ കലാസാംസ്കാരിക രംഗത്ത് ഒട്ടേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന് ഉദാഹരണമാണ് കോടോത്ത്  തറവാട്ടിലെ കഥകളി അരങ്ങും കഥകളി പഠശാലയും. കേരളത്തിലെതന്നെ പ്രശസ്തമായ പല കഥകളി ആചാര്യന്മാരും പിറവിയെടുത്തത്  ഇവിടെ നിന്നാണ് എന്നത് നമുക്കേവർക്കും അഭിമാനിക്കാവുന്ന ഒരു കാര്യമാണ്.
 

           1917ല്‍  കോടോത്ത് കാരണവരായിരുന്ന കോടോത്ത് അമ്പു നായർ പണികഴിപ്പിച്ച കോടോത്ത് ഭഗവതിക്ഷേത്രത്തിലെ ഗോപുരം ദാരുശില്പ ചാരുതയിലും കാലത്തെ അതിജീവിക്കുന്ന ചുമർചിത്രങ്ങളാലും ശ്രദ്ധേയമാണ്. ക്ഷേത്രഗോപുരത്തിൽ മരത്തിൽ കൊത്തിവെച്ച ദാരുശില്പങ്ങൾ ഇന്നും നിത്യ വിസ്മയങ്ങളായി നിറഞ്ഞുനിൽക്കുന്നു. ഉളിച്ചെത്തിൽ കെത്തിയെടുത്ത ദാരുശില്പങ്ങൾക്ക് നിറക്കൂട്ട്  നിർമ്മിച്ചത് പലതരം ഇലകളുടെയും പഴങ്ങളുടെയും ചാറുകൾ ഉപയോഗിച്ചുകൊണ്ടാണ്. 
സീതാ ജനനം,അനന്തശയനം ,കൃഷ്ണലീല കിരാതം ദശാവതാരം പാർവതി കല്യാണം പാലാഴിമഥനം, ഗജേന്ദ്രമോഷൺ തുടങ്ങിയ പുരാണ കഥകളിലെ അനശ്വര മുഹൂർത്തങ്ങൾ മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്.

          സാമൂഹിക പരമായ മാറ്റങ്ങള്‍ക്ക് കോടോത്ത് നായന്മാർ വഹിച്ച പങ്ക് വളരെ വലുതാണ്. പ്രാചീന വിദ്യാഭ്യാസ രീതിയായ എഴുത്തച്ഛൻ സംസ്കാരവും ഗുരുകുല രീതിയും പൊളിച്ചെഴുതി നാട്ടിലെ ആദ്യത്തെ പ്രൈമറി സ്കൂൾ സ്ഥാപിച്ചത് ഇതിനുദാഹരണമാണ്.

             പിന്നീട് ഒട്ടേറെ കാർഷിക സമരങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും മരുമക്കത്തായ സമ്പ്രദായത്തിൽ നിന്നും മക്കത്തായ ത്തിലേക്കുള്ള മാറ്റവും ഏകീകൃതമായ  ഭൂസ്വത്തുക്കളുടെ വിഭജനവും  എല്ലാം കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ കോട്ടം തട്ടുകയും ചെയ്തു. എന്നിരുന്നാലും കാലങ്ങൾക്കിപ്പുറം ഉത്സവാദി കാര്യങ്ങളിൽ എല്ലാ താവഴികളിലെ അംഗങ്ങളും ഒന്നിച്ചു കൂടുകയും ഒരു തറവാട്ട് കൂട്ടായ്മയുടെ പ്രതീതി എല്ലാവരും അനുഭവിച്ചറിയുന്നു.

മൂന്നു നൂറ്റാണ്ടുകൾക്കിപ്പുറവും അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന അപൂർവമായ നായർ തറവാടുകളിൽ ഒന്നായ കോടോത്ത് തറവാടിൻറെ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമാണ് ഇത്. ചരിത്രവും കഥകളും ഇനിയുമേറെ എഴുതാൻ കിടക്കുന്നു.  തെറ്റുകൾക്ക് മുൻകൂറായി ക്ഷമ ചോദിക്കുന്നു അതിനോടൊപ്പം കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും തയ്യാറാണെന്ന് അറിയിച്ചുകൊള്ളുന്നു.

കാലത്തിൻറെ വിസ്മൃതിയിൽ മൺമറഞ്ഞുപോയ  കോടോത്ത് കാരണവന്മാരെയും ബാല്യകാലത്ത് കോടോത്ത് ചരിത്രം പറഞ്ഞുതന്ന പ്രിയ മുത്തശ്ശി കോടോത്ത് മീനാക്ഷിയമ്മയും സ്നേഹപൂർവ്വം സ്മരിക്കുന്നു🙏
 
                                    ( ശ്രീനാഥ് കെ നായർ)

പോസ്റ്റിനു കടപ്പാട്