♾♾♾♾📝🦜📝♾♾♾♾
വാല്മീകി രാമായണം-39
വിശ്വാമിത്രനും കുമാരൻമാരും യാത്രയ്ക്കിടയിൽ ഒരാശ്രമം കണ്ടു സിദ്ധാശ്രമം എന്ന് പേര്. ആരാണാ സിദ്ധൻ എന്നറിയണ്ടേ സാക്ഷാൽ മഹാവിഷ്ണു വാമനാവതാരത്തിൽ ഈ സ്ഥലത്ത് വന്ന് തപസ്സ് ചെയ്ത് സിദ്ധി അടഞ്ഞു. അതിനാൽ സിദ്ധാശ്രമം എന്ന് പേര് വന്നു.
തപോമയം തപോരാശിം തപോ മൂർത്തിം തപാത്മകം തപസാത്വാം സുതപ്ത്യേന പശ്യാമി പുരുഷോത്തമം
ആശ്രമത്തിലെ അന്തേവാസികൾ വിശ്വാമിത്രന്റെ കാൽക്കൽ വീണ് നമസ്കരിച്ചു കൊണ്ടിരുന്നു. ഇവിടെയാണ് യാഗം നടക്കാൻ പോകുന്നത്. മഹർഷിമാർ വിശ്വാമിത്രനോട് വേഗം വന്ന് ദീക്ഷാ ഗ്രഹണം ചെയ്തു കൊള്ളാൻ ആവശ്യപ്പെട്ടു. രാമലക്ഷ്മണൻമാർക്ക് അവിടെ കഴിയാനുള്ള സൗകര്യം ചെയ്തു കൊടുത്തു.
സന്ധ്യാവന്ദനമെല്ലാം ചെയ്ത് രാമ ലക്ഷ്മണൻമാർ ധനുസ്സ് എല്ലാം കൈയ്യിലെടുത്ത് വിശ്വാമിത്ര മഹർഷിയുടെ അടുക്കൽ ചെന്നു. 'മഹർഷി എപ്പോഴാണ് രാക്ഷസൻമാർ വരുന്നത് ഞങ്ങൾ അവരെ നേരിടുന്നതിന് തയ്യാറായി നിൽക്കുകയാണ് '. അദ്ദേഹം ഒന്നും മിണ്ടിയില്ല. മറ്റു മഹർഷിമാർ പറഞ്ഞു വിശ്വാമിത്ര മഹർഷി യാഗ ദീക്ഷ സ്വീകരിച്ചു കഴിഞ്ഞു. അദ്ദേഹം ഇനി ആറ് നാള് ഒന്നും ഉരിയാടില്ല. യാഗം തുടങ്ങാൻ പോകുന്നു നിങ്ങൾ തയ്യാറായിരിക്കു കുമാരൻമാരെ അടുത്ത ആറ് രാത്രികൾ നിങ്ങൾ ജാഗ്രതരായി ഇരിക്കണം. രാക്ഷസൻമാർ എപ്പോൾ വേണമെങ്കിലും വരാം.
അങ്ങനെ ആറാം നാൾ മാരീചൻ , സുബാഹു എല്ലാം ആകാശത്ത് വന്നു നിറഞ്ഞു നിന്നു. അവർ ആകാശത്തു നിന്ന് മാംസവും പുരീഷവും (അഴുക്ക്) മറ്റും വർഷിച്ച് യാഗത്തിന് ഭംഗം വരുത്താൻ ശ്രമിച്ചു. രാമൻ ദിവ്യാസ്ത്രത്താൽ സുബാഹുവിനെ വധിച്ചു. മാരീചനെ തൂക്കി എടുത്ത് എറിഞ്ഞു. ആ രാക്ഷസൻ കടലിൽ ചെന്ന് വീണു. പക്ഷേ രക്ഷപ്പെട്ടു കടന്നു കളഞ്ഞു. പോയ പോക്കിന് രാമനെ നന്നായിട്ടൊന്ന് നോക്കി മാരീചൻ. മറ്റു രാക്ഷസരേയും രാമൻ വക വരുത്തി. അങ്ങനെ സിദ്ധാശ്രമം ശുദ്ധി വരുത്തി.
അഭിവാദ്യം മുനി ശ്രേഷ്ഠം
ജ്വലന്ത മിവ പാവകം
ഊചതു പരമോദാരം
വാക്യം മധുര ഭാഷിണൗ
വിശ്വാമിത്രൻ വളരെ സന്തുഷ്ടനായി രാമനെ അനുഗ്രഹിച്ചു. പിന്നേയും കുറേ ദിവ്യാസ്ത്രങ്ങൾ നല്കി. അവിടെയുള്ള മറ്റു മഹർഷിമാർ പറഞ്ഞു വരൂ നമുക്ക് ജനകപുരിയിൽ പോകാം. മിഥുലാപുരിയിൽ ജനകൻ ഒരു യാഗം ചെയ്യുന്നുണ്ട് നമുക്ക് അവിടേയ്ക്ക് പോകാം. ശരി പോകാമല്ലോ എന്ന് വിശ്വാമിത്രൻ.
Nochurji 🙏 🙏
No comments:
Post a Comment