Sunday, 19 January 2020

ശ്രീ രാമന്റെ വനസഞ്ചാരം


ശ്രീ രാമന്റെ വനസഞ്ചാരം

രാമായണത്തില്‍ ശ്രീ രാമന്റെ മഹാപ്രസ്ഥാനം വിശദീകരിക്കുന്നുണ്ട്. രാമന്റെ വനസഞ്ചാരത്തിന് രണ്ടു ഘട്ടങ്ങള്‍ പറയാം. ഒന്നാമത്തെ ഘട്ടം 15 വയസ്സ് മാത്രമുള്ള രാമനെയും അനുജന്‍ ലക്ഷ്മണനെയും വിശ്വാമിത്ര മുനി വന്നു കൂട്ടി കൊണ്ടു പോകുന്ന ഭാഗമാണ്. നീണ്ട 14 വര്‍ഷത്തെ മഹായാത്രക്കു വേണ്ടിയുള്ള ഒരു ഫോറസ്ട്രി ട്രെയിനിംഗ് ആയിരുന്നു വിശ്വാമിത്രനുമായുള്ള യാത്ര.

'ജ്ഞാനമാവാസ്യ തോറും പിതൃദേവാദികളെ
ധ്യാനിച്ചു ചെയ്തീടുന്ന യാഗത്തെ മുടക്കുന്നോര്‍
മരീച സുബാഹു മുഖ്യന്മാരാം നക്തഞ്ചാര
ന്മാരിരുവരുമനുചരന്മാരായുള്ളോരും
അവരെ നിഗ്രഹിച്ചു യാഗത്തെ രക്ഷിപ്പാനായ
വനീപതേ രാമദേവനയായക്കണം'

ഇതായിരുന്നു ദശരഥനോട് വിശ്വാമിത്രന്‍ അപേക്ഷിച്ചത്.

അയോധ്യയില്‍ നിന്നും 20 കി.മി ദൂരെയാണ് സരയു. ഈ സരയു (ഇപ്പോഴത്തെ ആസംഗഡ, ഉത്തര്‍പ്രദേശ്) ഭാഗം കടന്നാണ് കുമാരന്മാരും മുനിയും പോയത്. യാത്രയില്‍ മുനി അതി വിശിഷ്ടമായ രണ്ട് മന്ത്രങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ട് ബലയും അതിബലയും. ദാഹം, വിശപ്പ് ഇവ അറിയാതിരിക്കാനാണത്. തുടര്‍ന്ന് അവര്‍ ഗംഗ കടന്ന് മുന്നോട്ട് സഞ്ചരിച്ചു താടാക വനത്തിലെത്തി. താടക അതിഭയങ്കരിയായ രാക്ഷസിയായിരുന്നു. ആയിരം ആനകളുടെ ശക്തിയുള്ളവള്‍.

'അവളെ പേടിച്ചാരും നേര്‍വഴി നടപ്പീല
ഭൂവനവാസി ജനം, ഭുവനേശ്വരി പോറ്റി'

എന്നാണ് വിശ്വാമിത്രന്‍ താടകയെ വിശേഷിപ്പിച്ചത്. വിശ്വാമിത്രന്റെ നിര്‍ദ്ദേശത്തില്‍ രാമന്‍ താടകയെ വധിക്കുന്നു. ഈ പ്രദേശം ബീഹാറിലുള്ള ബക്‌സര്‍ മേഖയാണ് എന്നാണ് അറിയപ്പെടുന്നത്. രാമലക്ഷ്മണന്മാര്‍, മാരീചന്‍, സുബാഹു എന്നിങ്ങനെ ശക്തന്മാരായിരുന്നു. രണ്ടു രാക്ഷസന്മാരെ കൊന്നു. ഇപ്പോഴും ഗംഗാതീരത്ത് ഈ പേരുകളിലുള്ള സ്ഥലങ്ങള്‍ ഉണ്ട്. ബക്‌സര്‍ ഭാഗത്ത് തന്നെ ആയിരുന്നു ഗൗതമാശ്രമവും. അവിടെ വച്ച് അഹല്യക്ക് ശാപമോക്ഷം രാമന്‍ കൊടുത്തു. തുടര്‍ന്ന് വിശ്വാമിത്രന്റെ ആശ്രമത്തിലേയ്ക്ക് രാമലക്ഷ്മണന്മാര്‍ പോയി. ബീഹാറിലെ മധുബാനി പ്രദേശത്തായിരുന്നു വിശ്വാമിത്രന്‍ പുതിയ ആശ്രമം വച്ചത്. വിശ്വാമിത്രന്‍ ഇവിടെ നിന്നും യുവാക്കന്‍മാരെ ജനകന്റെ രാജധാനിയില്‍ എത്തിച്ചു. ത്രയംബകം എന്ന ചാപം ഓടിച്ചു ശ്രീ രാമന്‍ സീതയെ നേടുന്നത് ഇവിടെ വച്ചാണ്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്നും നേപ്പാളിലേയ്ക്ക് 20 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ ജനകപുരിയില്‍ എത്താം.

'ഇടി വെട്ടിടും വണ്ണം വില്‍മുറിഞ്ഞോച്ച കേട്ടു
നടുങ്ങി രാജാക്കന്മാര്‍ ഉരഗങ്ങളെപ്പോലെ
മൈഥിലി മയില്‍ പേടപോലെ സന്തോഷം പൂണ്ടാള്‍
കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും.'

എന്നാണ് ഇതേപറ്റി തുഞ്ചത്ത് ആചാര്യന്‍ വര്‍ണ്ണിക്കുന്നത്. ഇനി രണ്ടാമതോരിക്കല്‍ കൂടി രാമന്‍ സഞ്ചാരം ആരംഭിക്കുന്നത് കൈകേയിയുടെ ആവശ്യപ്രകാരം 14 വര്‍ഷത്തെ വനവാസ കാലത്തിലാണ്. ഇന്ത്യയുടെ ഹൃദയത്തിലൂടെയുള്ള വലിയ സഞ്ചാരമായി ഇതിനെ കാണണം.

'ഇപ്പോള്‍ ഭുജിപ്പാനവസരമില്ലമ്മേ
ക്ഷിപ്രമരണ്യവാസത്തിനു പോകണം
മുല്‍പാടു കേകയ പുത്രിയായമ്മക്ക്
മല്പിതാരണ്ടു വരം കൊടുത്തീടിനാള്‍
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതും
എന്നെ വനത്തിനയക്കെന്നു മറ്റേതും.'

ഇങ്ങനെ കൌസല്യ മാതാവിനോട് രാമന്‍ പറയുന്നുണ്ട്. രാജ വേഷങ്ങള്‍ അഴിച്ചു വച്ചശേഷം മരവുരിയണിഞ്ഞാണ് രാമനും ലക്ഷ്മണനും കൂടെ സീതയും സുമന്ത്രരുടെ തേരില്‍ കയറി കാട്ടിലേക്ക് പോകുന്നത്.

'ധന്യവസ്ത്രങ്ങള്‍ ഉപേക്ഷിച്ചു രാഘവന്‍
വന്യചീരങ്ങള്‍ പരിഗ്രഹിചീടിനാന്‍'

എന്ന് പറയുന്നു. അയോദ്ധ്യയില്‍ നിന്നും ഉദ്ദേശം 20 കി,മീ. സഞ്ചരിച്ചാല്‍ തമസാ നദിയായി. ഈ തമസാ നദിവരെ അയോദ്ധ്യാ വാസികള്‍ രാമനോടൊപ്പം കൂടെ പോയി. അന്ന് അര്‍ദ്ധരാത്രി ജനങ്ങള്‍ അറിയാതെ രാമന്‍ ഒളിച്ചു പോയി തമസാ നദിക്കരയില്‍ രാത്രി ഉറങ്ങി,

'ശ്രീ രാമനും താമസാനദി തന്നുടെ
തീരം ഗമിച്ചു വസിച്ചു നിശാമുഖേ
പാനീയ മാത്രമുപജീവനം ചെയ്ത്
ജാനകിയോടും നിരാഹാരനായൊരു
വൃക്ഷ മൂലേ ശയനം ചെയ്തുറങ്ങിനാന്‍.'

ഗുഹന്‍ ശ്രുംഗി വേരം എന്ന തന്റെ രാജ്യത്തു നിന്ന് ശ്രീരാമനെ കാണാന്‍ വരുന്നു. മരച്ചുവട്ടില്‍ കിടക്കുന്ന രാമനെയും സീതയേയും കണ്ടു ദു:ഖിക്കുന്നു. തുടര്‍ന്ന് രാമന്‍ ഗുഹനുമൊത്തു വനത്തില്‍ കയറി പ്രയോഗയിലേക്കാന് പോയത്. ഗംഗ, യമുന, സരസ്വതി, എന്നി നദികളുടെ സംഗമ ഭൂമിയായ പ്രയാഗ സംഗത്തിലായിരുന്നു, പ്രസിദ്ധമായ ഭരദ്വാജമുനിയുടെ ആശ്രമം. ആശ്രമം കാണിച്ച ശേഷം ഗുഹന്‍ തിരികെ മടങ്ങി. ഭരദ്വാജാശ്രമത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ്

'വൈദേഹി തന്നോട് കൂടവേ രാഘവന്‍
സോദരനോട് മൊരു മൃഗത്തെ കൊന്നു'

മാനിനെ വേട്ടയാടി അവര്‍ ഭക്ഷിക്കുന്ന രംഗം ഇങ്ങനെയാണ് എഴുത്തച്ഛന്‍ പറയുന്നത്. ഭരദ്വാജാശ്രമത്തില്‍ നിന്ന് രാമന്‍ വീണ്ടും യാത്ര തുടര്‍ന്നു. തുടര്‍ന്ന് കാളിന്ദി കടന്ന് വാല്‍മീകിയുടെ ആശ്രമത്തില്‍ എത്തുകയാണ്. നായകന്‍ കവിയെ കാണുന്ന അപൂര്‍വ്വത. ഈ സ്ഥലം ഇന്നത്തെ ഉത്തര്‍ പ്രദേശിലെ ചിത്ര കൂടം ആണ്. യഥാര്‍ത്ഥത്തില്‍ വാല്‍മീകിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാമന്‍ ചിത്ര കൂടത്തില്‍ തന്റെ ആശ്രമം ഉണ്ടാക്കുന്നത്. ദശരഥ മരണ വാര്‍ത്തയുമായി വന്ന ഭരതന്‍ ചിത്ര കൂടത്തില്‍ വന്നാണ് രാമനെ കാണുന്നതും പാദുകങ്ങള്‍ വാങ്ങിച്ച് കൊണ്ട് പോകുന്നതും ഇവിടെ വച്ചാണ്. ശ്രീ രാമന്‍ പിതാവിന്റെ ദേഹ വിയോഗം അറിയുന്നതും മന്ദാകിനിയില്‍ ബലി ഇടുന്നതും ഈ സമയത്താണ്.

'ഉത്തര തീരേ സുരസരിത സ്ഥലേ
ചിത്രകൂടാദ്രി തന്‍ പാര്‍ശ്വേ മഹാശ്രമേ
ഉത്തമ പുരുഷന്‍ വാഴുന്നു
പുഷ്പഫലദല പൂര്‍ണ്ണവല്ലീ തരു
ശഷ്പരമണീയ കാനന മണ്ഡലേ
അമ്രകദളീ ബകുളപനസങ്ങള്‍
ആമ്രാതകാര്‍ജ്ജുന നാഗപുന്നാഗങ്ങള്‍
കേര പുഗങ്ങളും കോവീദാരങ്ങളും

മാവ്, വാഴ, ഇലഞ്ഞി, പ്ലാവ്, നീര്‍മരുത്, വെറ്റില, ജാതി, തെങ്ങ്, കവുങ്ങ്, മന്ദാരം, ചെമ്പകം, അശോകം എല്ലാം നിറഞ്ഞ ഒരു മനോഹര പ്രദേശമായിരുന്നു ചിത്രകൂടം. ഈ ചിത്രകൂടത്തില്‍ 2 വര്‍ഷത്തില്‍ താഴയേ രാമന്‍ താമസിച്ചുള്ളു അയോദ്ധ്യാ വാസികള്‍ വരുമെന്ന ഭയത്താല്‍ ഈ സ്ഥലവും ഉപേക്ഷിച്ചു.

ചിത്രകൂടത്തിനുശേഷം രാമന്‍ ഘോര വനത്തിലേക്കിറങ്ങി. ആദ്യമായി അത്രിയുടെ ആശ്രമത്തിലെത്തി ഇവിടെ നിന്നും ഇറങ്ങിയ രാമന്‍ വിധാന്‍ എന്ന അസുരനെ വധിച്ചു. ഉത്തര്‍ പ്രദേശിലെ അമരാവതിക്കടുത്ത് വിരാധ്കുണ്ട് ഇപ്പോഴും ഉണ്ട്. ഇവിടെ നിന്നും രാമന്‍ ശരഭംഗ ആശ്രമത്തിലേക്ക് പോകുന്നു. ശരഭംഗാശ്രമം മദ്ധ്യപ്രദേശിലെ സത്‌നായ്ക്കടുത്താനെന്നു പറയപ്പെടുന്നു. ശരഭംഗാശ്രമത്തില്‍ നിന്നും മഹാരാഷ്ട്രയിലെ റാംടെക്കിലേക്കായിരുന്നു രാമന്റെ യാത്ര. കാളിദാസന്റെ മേഘ ദൂത് ഇവിടെ വച്ച് എഴുതിയതാണെന്ന് പറയപ്പെടുന്നു. റാംടെക്കില്‍ നിന്ന് മഹാരാഷ്ട്രയിലെ നാസിക് ഭാഗത്തു കൂടെ സുതിഷ്ണ മുനിയുടെ ആശ്രമത്തില്‍ രാമന്‍ എത്തുന്നു.

നാസിക്കിലെത്തുന്നതിനു മുമ്പുള്ള 10 വര്‍ഷങ്ങള്‍ ദണ്ഡകാരണ്യത്തിലായിരുന്നു രാമന്‍. ഇപ്പോഴത്തെ മദ്ധ്യപ്രദേശ് ചത്തീസ്ഗഡ് ഭാഗങ്ങളാണ് ദണ്ഡകാരുണ്യം. സുതീഷ്ണ മുനിയുടെ ഗുരുവായ അഗസ്ത്യ മുനിയും നാസിക് ഭാഗത്തായിരുന്നു ആശ്രമം വച്ചിരുന്നത്. അഗസ്ത്യരുടെ നിര്‍ദ്ദേശ പ്രകാരം രാമന്‍ പഞ്ചവടിയില്‍ താമസം തുടങ്ങി. അങ്ങനെ രാമന്‍ പഞ്ചവടിയില്‍ താമസിച്ചു വരവേ ലക്ഷ്മണന്‍ ശൂര്‍പ്പണകയുടെ നാസിക അരിഞ്ഞു. ഇതാണ് സ്ഥലത്തിനു ഈ പേരു കിട്ടാന്‍ കാരണമായാത്. സീതയെ തട്ടികൊണ്ടു പോകപ്പെട്ട ശേഷം രാമന്‍ കര്‍ണാടകത്തിലെ ബല്‍ഗാം ഭാഗത്ത് രാംദുര്‍ഗ്ഗയ്ക്കടുത്തുള്ള കബന്ധനെ വധിക്കുന്നു. കബന്ധന്‍ ഗന്ധര്‍വ്വനായി മാറുന്നു. കബന്ധന്റെ നിര്‍ദ്ദേശമനുസരിച്ച് രാമന്‍ ശബരിയുടെ ആശ്രമത്തില്‍ വരുന്നു. ബല്‍ഗാം ഭാഗത്ത് തന്നെയാണ് ശബരീ ആശ്രമം. ശബരി രാമനോട് സുഗ്രീവനെ കാണാന്‍ നിര്‍ദ്ദേശിക്കുന്നു. സ്വയം സ്വാദ് നോക്കിയ ശേഷം പഴം ശബരി രാമനെ കൊണ്ട് കഴിപ്പിക്കുന്നു. ലക്ഷ്മണന്‍ ക്രൂദ്ധനാകുന്നു രാമന്‍ ശാന്തനാക്കുന്നു.

സുഗ്രീവന്റെ ആശ്രിതനായിരുന്ന ഹനുമാന്‍ രാമനെയും ലക്ഷ്മണനെയും വന്നു കാണുന്ന സ്ഥലം ഹനുമാന്‍ ഹംപി, കൊപാല്‍ എന്നാണറിയപ്പെടുന്നത്. സുഗ്രീവന്‍ ഋഷ്യമുകാചലത്തില്‍ ബാലിയെ ഭയന്ന് കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യമായിരുന്നു കിഷ്‌കിന്ധ. ഇത് ഹംപിയില്‍ നിന്ന് 4 കി.മി മാത്രം ദൂരമുള്ള സ്ഥലമാണ്. തുടര്‍ന്ന് രാമന്‍ തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകുകയാണ്. കാവേരി നദിയുടെ തീരത്തുള്ള മനോഹരമായ ശിവക്ഷേത്രത്തില്‍ ചെന്ന് രാമന്‍ പ്രാര്‍ത്ഥിക്കുന്നുമുണ്ട്. തുടര്‍ന്ന് രാമന്‍ തൃച്ചിക്കും തെക്കുള്ള വേദാരണ്യമെന്ന സ്ഥലത്തേക്ക് പോകുന്നു. ഈ സ്ഥലത്തിന് ഇപ്പോള്‍ കോടിക്കര എന്നാണ് പറയുന്നത്. കൃഷ്ണമൃഗങ്ങളുടെ സാംക്ച്വറിയാണിത്. കടലിനോട് ചേര്‍ന്ന് കണ്ടല്‍ വനം നിറഞ്ഞ സ്ഥലം ദൂരെ ജാഫ്‌ന (ശ്രീ ലങ്ക) കാണാം ഈ യാത്രയില്‍ ആദ്യമായി രാമന്‍ കടല്‍ കാണുന്നത് ഇവിടെ വച്ചാണ്. ഈ കാറ്റില്‍ രാമന്റെ പാദമുദ്രകളുണ്ടെന്ന് ചിലര്‍ വിചാരിക്കുന്നു.

തുടര്‍ന്ന് രാമന്‍ രാമേശ്വരത്തിനു പോകുന്നു ഇവിടെ ചേടുകര എന്ന ഗ്രാമത്തില്‍ രാമസേതുവിന്റെ ആദ്യത്തെ കാല്‍ പാകി എന്നാണ് പറയുന്നത്. വിഭീഷണന്‍ ലങ്കയില്‍ നിന്ന് ഓടി രാമന്റെ അടുത്ത് രക്ഷതേടുന്നത് ഈ സ്ഥലത്ത് വച്ചാണ്. കടലിലെ മണല്‍ എടുത്തു ശ്രീ രാമന്‍ സ്ഥാപിച്ച ശിവ ക്ഷേത്രമാണത്രേ രാമേശ്വരം. ഈ ക്ഷേത്രത്തില്‍ നിന്ന് 1 കി.മി കഴിഞ്ഞുള്ള സ്ഥലത്താണ് വാനരന്മാര്‍ കടല്‍ പാലം ലങ്കയിലേക്ക് ഉണ്ടാക്കിയത്. NASA കടലിനടിയില്‍ ഈ ഒരു പാലമുണ്ടായിരുന്നു എന്ന് ഇപ്പോള്‍ അംഗീകരിക്കുന്നുണ്ട്.

ഇപ്രകാരം ഉത്തരോത്തരമായ നേപ്പാള്‍ തുടങ്ങി ഏറ്റവും ദക്ഷിണ പ്രദേശത്തുള്ള രാമേശ്വരം വരെ നീണ്ട പൂര്‍ണ്ണഭാരത പ്രയാണമായിരുന്നു രാമന്റെത്. യാത്രയില്‍ ധര്‍മ്മ രക്ഷക്കായി ആശ്രമങ്ങളെ സംരക്ഷിച്ചും അധാര്‍മ്മികളെ ഇല്ലായ്മ ചെയ്തും വര്‍ഷങ്ങള്‍ രാമന്‍ വനസഞ്ചാരം ചെയ്തു എന്ന് ചിന്തിക്കാം.

Saturday, 18 January 2020

വാല്മീകി രാമായണം -13

വാല്മീകി രാമായണം -13🔥
രാമ നാമത്തിൽ 'രാ' എന്നത് അഗ്നി 'മ' എന്നത് ശീതളം. പഞ്ചാക്ഷരത്തിലെ 'മ' യും അഷ്ടാക്ഷരത്തിലെ 'ര' യും ഇരിക്കുമ്പോൾ കിട്ടുന്ന ശബ്ദം. രാമ നാമം ഒരിക്കലും നേരിട്ട് ജപിക്കുന്നതിനായി നല്കരുതെന്ന് മന്ത്രശാസ്ത്രത്തിൽ പറയുന്നു. രാമ നാമം ജപിക്കുന്നതിന് മുൻമ്പായി ഒരുപാട് ശിവ നാമം ജപിച്ചിരിക്കണം എന്ന് പറയും. അതി ശീതളം ശിവ നാമം അത്യന്തം ശീതളമാണ് കുളിർമ ഏകുന്നതാണ്. രാമ നാമം ഒരു തീപ്പൊരിയാണ്. അത് ഏതെങ്കിലും ഒരു ദേവന്റെ നാമം മാത്രമല്ല. രാമ എന്നത് ശബ്ദ ബ്രഹ്മം അതറിഞ്ഞു കൊണ്ട് വേണം ജപം ചെയ്യാൻ. അത് പരമാത്മാവിൻ നാമം. നമ്മുടെ ആത്മാവിനെ സ്വരൂപത്തെ കുറിക്കുന്ന നാമം. പ്രണവമാണത്. പ്രണവത്തിൽ 'രെ' ശബ്ദം ചേർന്ന് രാം എന്നായിരിക്കുന്നു. രാം എന്നത് ബീജാക്ഷരം.
ഉത്തര ഭാരതത്തിൽ രാം രാം എന്ന് ചിലർ ജപിക്കാറുണ്ട് അങ്ങനെ ചെയ്യരുത് 'രാമാ' എന്ന് തന്നെ ജപിക്കണം. കാരണം രാം എന്നത് ഹിന്ദിയല്ല ബീജാക്ഷരം ആണ് ജാഗ്രതയോടെ ജപിക്കേണ്ടതാണ്. രാമായണത്തിൽ കാണാം വിശ്വാമിത്രൻ നല്കുന്ന ആയുധങ്ങളെല്ലാം വെറും ശബ്ദങ്ങളാണ്. ജാഗ്രതയോടെ ഉപയോഗിക്കണം.
താരക ബ്രഹ്മം കാശിയിൽ വന്ന് മണികർണ്ണികയിൽ ശരീരത്തെ ഉപേക്ഷിക്കുമ്പോൾ വിശ്വനാഥർ കാതിൽ രാമ നാമം ചൊല്ലുന്നു. ആചാര്യർ നാമഭുജംഗപ്രയാത സ്തോത്രത്തിൽ പറയുന്നു.
യഥാവർണയത്കർണമൂലേന്തകാലേ
ശിവോ രാമ രാമേതി രാമേതി കാശ്യാം
തദേകം പരം താരകബ്രഹ്മരൂപം
ഭജേഹം ഭജേഹം ഭജേഹം ഭജേഹം
ശിവൻ രാമനേ ഭജിക്കുന്നു എന്നല്ല രാം എന്നത് താരകബ്രഹ്മം 'രെ ' ശബ്ദത്തോടു കൂടിയ പ്രണവം. ശുദ്ധ പ്രണവം വേറെ ഉണ്ട്. ആ രാമ നാമത്തെ ഉപദേശിക്കുന്നു ഹൃദയത്തിൽ പരമേശ്വരനും.
എന്തുകൊണ്ടാണ് വസിഷ്ഠൻ രാമ നാമം രാമന് നിർദ് ദേശിച്ചത് കാരണം ആ നാമമായി തന്നെ അദ് ദേഹം ഇരിക്കുന്നു. ആ നാമത്തിന്റെ എല്ലാ ശ്രേഷ്ഠതയും അദ് ദേഹത്തിനുണ്ട്.
രാമോ നാമ ജനൈഹി ശ്രുത:
രാമ നാമത്തെ കുറിക്കുന്ന കഥാപാത്രമാണ് അദ് ദേഹം

വാല്മീകി രാമായണം-12

വാല്മീകി രാമായണം-12
എല്ലാവരുടേയും അഭിമാനത്തെ നീക്കുന്ന എല്ലാവരുടേയും പ്രകൃതത്തെ അറിയുന്ന സദാ പ്രസന്നനും പ്രിയനും ആയിരിക്കുന്ന സംഗീതമേ സ്വരൂപമായിരിക്കുന്ന നാരദർ വാല്മീകിയുടെ ഈ ചോദ്യം കേട്ട് അതീവ പ്രസന്നനായി. അദ് ദേഹം പറഞ്ഞു നിങ്ങളുടെ ഈ ചോദ്യത്താൽ എന്റെ ഹൃദയത്തിൽ ഈശ്വരൻ പ്രകാശിക്കുന്നു. ഈ ചോദ്യത്താൽ എനിക്കിങ്ങനെ ഒരു ഭാഗ്യം സിദ്ദിച്ചിരിക്കുന്നു.ഒരു ഗുണമെങ്കിലും ഉള്ളവനെ കണ്ടുകിട്ടുക ബഹു പ്രയാസമെന്നിരിക്കെ ഇത്രയധികം ഗുണങ്ങൾ ഉള്ള ആളെ എങ്ങനെ കണ്ടു കിട്ടാനാണ്. എന്നാലും അങ്ങനെയൊരു നരനെ കുറിച്ചു ഞാൻ പറയാം.
ഇക്ഷാകൂ വംശത്തിൽ ഉദിച്ച ഒരു സൂര്യൻ. രാമനെന്ന് നാമം. വാല്മീകി രാമായണത്തോടെ പിറന്ന ഒന്നല്ല രാമ നാമം. രാമചരിതമാനസത്തിൽ തുളസീദാസ് പറയുന്നു ശത കോടി രാമായണം എന്ന ഒന്ന് ബ്രഹ്മാവിന്റെ മുഖത്ത് നിന്ന് നിർഗ്ഗളിച്ചതായി ഒരു കഥ. ദേവൻമാരും അസുരന്മാരും മനുഷ്യരും മൂന്നു കൂട്ടരും അത് ബ്രഹ്മാവിൽ നിന്നും കരസ്ഥമാക്കാനായി വന്നു.നൂറു കോടി ഗ്രന്ഥം. മുപ്പത്തിമൂന്ന് കോടി വീതം ഒരോ കൂട്ടർക്കുമായി പരമേശ്വരൻ പിരിച്ചു കൊടുത്തു. ഒരു കോടി ഗ്രന്ഥം മിച്ചമായി പിന്നേയും മുപ്പത്തിമൂന്നു ലക്ഷം വീതം മൂവർക്കും വീതിച്ചു കൊടുത്തു. ഒരു ലക്ഷം മിച്ചമായി. മുപ്പത്തി മൂവായിരം വെച്ച് പിന്നേയും വീതിച്ചു ആയിരം ശ്ലോകം മിച്ചമായി. മുന്നൂറ്റി മുപ്പത്തി മൂന്ന് വച്ച് പിരിച്ചു കൊടുത്തു ഒരു ശ്ലോകം മിച്ചം വന്നു. മുപ്പത്തി രണ്ടക്ഷരത്തിൽ പത്ത് വച്ച് വീതിച്ചു രണ്ടക്ഷരം ബാക്കി വന്നു. ആ രണ്ടക്ഷരം രാമ എന്നായിരുന്നു അത് ഹൃദയത്തിൽ വച്ചോളു എന്ന് പറഞ്ഞു.

വാല്മീകി രാമായണം-11

വാല്മീകി രാമായണം-11
രമണമഹർഷി പറയുന്ന ഒരു ഉദാഹരണം ഒരു കിളിയോട് സംസാരിക്കാൻ പറഞ്ഞാൽ അത് അനുസരിക്കില്ല കാരണം അതിന് ശീലമില്ല. പക്ഷേ ഒരു കണ്ണാടി അതിനു മുന്നിൽ വച്ച് അതിന് പിറകിൽ നിന്ന് സംസാരിച്ചാൽ മറ്റൊരു കിളി ആണെന്ന് കരുതി അത് വേഗത്തിൽ പഠിക്കും. ഇതുപോലെ നമ്മളെ പോലെ ഇരിക്കുന്ന ഒരാൾ ആ ജ്ഞാന നിലയിൽ ഇരുന്ന് കാണിച്ചാലേ നമുക്ക് അതിലേയ്ക്ക് പോകാൻ സാധിക്കൂ. മഹാരാഷ്ട്രയിലെ ഭക്തൻമാരുടെ കഥകൾ എല്ലാവർക്കും ഇഷ്ടമാണ് കാരണം ഒരാൾ ചെരുപ്പുകുത്തി, ഒരാൾ തയ്യൽക്കാരൻ ചിലർ പ്രാരാബ്ദങ്ങൾക്കു നടുവിൽ എന്നാലും അവരെല്ലാം ജ്ഞാനികളായി ഭക്തൻമാരായി ഇരിക്കുന്നത് കാണുമ്പോൾ തോന്നും ഇവർക്കിത് സാധിക്കുമെങ്കിൽ എനിക്കും സാധിക്കുമെന്ന്.
വാല്മീകി അതിനാലാണ് ചോദിക്കുന്നത് സർവ്വ ഗുണ സമ്പന്നനായ,വീരനായ, ധർമ്മജ്ഞശ്ച,കൃതജ്ഞശ്ച ധർമ്മത്തിന്റെ സൂക്ഷ്മ ഭാവവും കർമ്മത്തിന്റെ സൂക്ഷ്മഭാവവും അറിഞ്ഞവനായ അതായത് കർമ്മത്തിൽ ജാഗ്രത പാലിക്കുന്നവനായ ,സത്യവാക്യോ സത്യം മാത്രം ഉരിയാടുന്ന ,ദ്രഡവ്രതനായ ,ചാരിത്രേണ ചകോ യുക്ത: ചാരിത്ര ശുദ്ധിയുള്ളവനായ അതായത് സ്വഭാവത്തിൽ എവിടേയും ഒരു വീഴ്ചയില്ലാത്തവനായ കാരണം സ്വഭാവത്തിൽ വീഴ്ചയുണ്ടായാൽ അദ് ദേഹത്തെ അനുഗമിക്കുന്നവർക്ക് അതിൽ കൂടുതൽ വീഴ്ചയുണ്ടാകും എന്നതിനാൽ. സർവ്വ ഭൂതേശു കോഹിത: സർവ്വഭൂതങ്ങൾക്കും ഹിതം ചെയ്യുന്നവനായ,ഹിതവും പ്രിയവും തമ്മിൽ നല്ല വിത്യാസമുണ്ട് പ്രിയമെന്നാൽ പ്രമേഹമുണ്ടെങ്കിലും പായസപ്രിയൻ പായസം കുടിക്കും ഹിതമെന്നാൽ പ്രമേഹിക്ക് പായസം ഇഷ്ടമാണെങ്കിലും കൊടുക്കാതിരിക്കുക എന്നതാണ്. തത്ത്വം ഉണർന്നവനായ, സമർത്ഥനായ തത്ത്വം പ്രായോഗികമാക്കാൻ കഴിവുള്ളവനായ. പ്രിയദർശനനായ കണ്ടാലെ മനസ്സുരുകി പ്രിയം തോന്നുന്നവനായ, ആത്മവാൻ സദാ സമാധി നിഷ്ഠനായ, കോചിത ക്രോധിത: കോപത്താൽ എല്ലാവരേയും നടുക്കുന്നവനല്ലാത്ത ,ജിത ക്രോധിതർ ക്രോധത്തെ താണ്ടിയവൻ, പ്രകാശ മയനായി ഇരിക്കുന്നവൻ, ആരേയും ഹിംസിക്കാത്തവൻ,നമ്മൾ പലപ്പോഴും പുറമെ ഹിംസിക്കുന്നവരെയേ കാണുകയുള്ളൂ ഉള്ളിൽ ഹിംസ വച്ചു പുലർത്തുന്നവർ ഉണ്ട് അത്തരം ഹിംസ പോലും ഇല്ലാത്തവരുടെ അടുക്കൽ പക്ഷിമൃഗാധികൾ സ്നേഹത്തോടെ വന്നിരിക്കുന്നു. അനസൂയകഹ കസ്യത് ഭിഭ്യതി ദേവാശ്ചിത് കാര്യം വരുമ്പോൾ എന്തെങ്കിലും വേണം എന്നു വച്ചാൽ അത് നേടിയെടുക്കുന്നവൻ അത് കണ്ട് ദേവൻമാർ പോലും നടുങ്ങി നിൽക്കും ,കോപം ഇല്ലെങ്കിലും കോപത്തെ വേണമെങ്കിൽ ഒരു ആയുധമായി ഉപയോഗിക്കാൻ അറിയുന്നവൻ ,ജാദരോഷസ്യസെയ്യുഗേ കോപിച്ചാൽ ദേവതകളെ പോലും നടുക്കുന്നവൻ.ഇങ്ങനെയുള്ള ഒരു ജ്ഞാനി എവിടെയെങ്കിലും ഉണ്ടോ എന്ന് മനുഷ്യ കുലത്തെ നന്നായി മനസ്സിലാക്കിയ സമർത്ഥനായ എല്ലാവരാലും ആദരിക്കപ്പെട്ട നാരദർ പറയൂ എന്ന് വാല്മീകി.

വാല്മീകി രാമായണം-10

വാല്മീകി രാമായണം-10📖
തപസ്വിയായ വാല്മീകി ചിതൽ പുറ്റിൽ നിന്ന് വെളിയിൽ വന്ന വാല്മീകി കൊടും തപസ്സ് ചെയ്ത വാല്മീകി. അങ്ങനെയുള്ള വാല്മീകിക്ക് എന്ത് സന്ദേഹം വരാനാണ്.
സാധാരണയായി നമ്മൾ ഈ ലോകത്തിൽ എന്ത് നേടുന്നതിനും പ്രയത്നം ചെയ്യുന്നു. അതുപോലെ അദ്ധ്യാത്മ കാര്യങ്ങളിലും പ്രയത്നം ചെയ്യുന്നു. ലൗകിക കാര്യങ്ങൾ നേടുന്നതിനായി നമ്മൾ ആത്മവിശ്വാസത്തോടെ എന്തൊക്കെ ചെയ്യുന്നുവോ അതേ പോലെ നമ്മൾ ആദ്ധ്യാത്മ കാര്യങ്ങളിലും പ്രാണായാമം ചെയ്തും പല സാധനകൾ ചെയ്തും അവസാനം തളർന്ന് പറയുന്നു ഇതൊന്നും എന്നെ കൊണ്ടാവില്ല എന്ന്. ഇവിടെ ജ്ഞാനികൾ ആരെങ്കിലും ഉണ്ടോ ഒന്ന് ചോദിച്ചറിയാൻ എന്നും. ഒരിക്കൽ രമണമഹർഷിയോട് പോലും ഒരാൾ ചോദിച്ചു തിരുവണ്ണാമലയിൽ എവിടെയെങ്കിലും അദ് ദേഹത്തിന് അറിയാവുന്ന ജ്ഞാനികൾ ഉണ്ടോ എന്ന്. ഇനി ഉണ്ടായാലും അതറിയാൻ ഒരുവന് യോഗമുണ്ടാകണം. അർജ്ജനനും കൃഷ്ണനോട് ചോദിച്ചു സ്ഥിരപ്രജ്ഞൻ എങ്ങനെയിരിക്കും എന്ന്. മുന്നിൽ നിൽക്കുന്ന കൃഷ്ണനെ അർജ്ജനന് അറിയാത്തതുകൊണ്ടാണ് അങ്ങനെ ചോദിക്കുന്നത്. ചന്ദന കാട്ടിൽ വസിക്കുന്നവന് ചന്ദനം വിറകു മാത്രമാണ്. വിലയറിയില്ല.
എന്നാൽ എല്ലാവർക്കും ഇതു പോലെ സന്ദേഹങ്ങൾ വരും. ഇതു നടക്കുമോ ഇതൊക്കെ നടക്കുന്ന കാര്യങ്ങൾ ആണോ.ഇത് ബോധിച്ചവർ ഉണ്ടോ അവരുടെ പ്രകൃതം എങ്ങനെയാണ്.
വാല്മീകിയും ചോദിച്ചു നാരദ മഹർഷിയോട് സർവ്വ ഗുണ സമ്പന്നനായി പൂർണ്ണനായി ഈ ലോകത്തിൽ ആരെങ്കിലും ഉണ്ടോ.ഒരു ഗുരുവിനോട് ചോദ്യങ്ങൾ അങ്ങോട്ട് ചോദിക്കണം. ഇല്ലെങ്കിൽ ഒന്നും അറിയാൻ സാധിക്കില്ല.കാരണം ഗുരുവിന് ഒന്നും പ്രചരിപ്പിക്കേണ്ട ആവശ്യം ഇല്ല. ചോദ്യങ്ങളിലൂടെ കറന്ന് എടുക്കണം. ആ മൗനത്തിൽ കൊട്ടി കൊട്ടി ആത്മവിദ്യ പുറത്തേയ്ക്ക് കൊണ്ടുവരണം.
വാല്മീകി ചോദിക്കുന്നത് ഈ തത്ത്വത്തെ അറിഞ്ഞ സാധാരണ മനുഷ്യർ ആരെങ്കിലും ഉണ്ടോ എന്നാണ്.

വാല്മീകി രാമായണം-7

വാല്മീകി രാമായണം-7📖
വാല്മീകി ധ്യാനമഗ്നനായി കാനനത്തിൽ ഇരിക്കുന്നു. അദ് ഹേത്തിൽ നിന്ന് ഒരു ഗംഗ വരണം. ശിവന്റെ ശിരസ്സിൽ നിന്ന് എങ്ങനെ ഗംഗ വന്നുവോ അതുപോലെ വാല്മീകിയിൽ നിന്ന് രാമായണ ഗംഗ ഉത്ഭവിക്കാൻ ഒരു കാരണം വേണം.
വാല്മീകി ഗിരി സംഭൂത രാമ സാഗര ഗാമിനി പുനാതി ഭുവനം പുണ്യാ രാമായണ മഹാനദി.
രാമായണം എന്ന ഗംഗയിൽ ആരു സ്നാനം ചെയ്യുന്നുവോ അവരൊക്കെ അപ്പോഴേ ശുദ്ധമാകും. ശരിയായ ഗംഗയിൽ കുളിക്കാൻ കാശിയിലും ഹരിദ്വാരിലും മറ്റും പോകണം. ഈ രാമായണമാകുന്ന മഹാനദി എവിടെയുണ്ടോ അവിടെ ഗംഗയുടെ ശുദ്ധി വന്നിടും. ഈ നദി (വാല്മീകി ഗിരി സംഭൂത) വാല്മീകി എന്ന മലയിൽ നിന്നും ഉത്ഭവിച്ച് (രാമ സാഗര ഗാമിനി) രാമനാകുന്ന കടലിൽ ചെന്ന് ചേരുന്നു.
വാല്മീകി എന്ന സദ്ഗുരുവുമായുള്ള സമ്പർക്കം ഒരുവനെ അദ് ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വരുന്ന ജ്ഞാന പ്രവാഹത്താൽ നാമ രൂപങ്ങളില്ലാത്ത കടലിൽ കൊണ്ടു പോയി ചേർക്കുന്നു.
ഉപനിഷത്തിൽ പറയുന്നു നാമ രൂപങ്ങളെയെല്ലാം വെടിഞ്ഞ് നദികൾ സമുദ്രത്തിൽ ചെന്ന് അസ്തമിക്കുന്ന പോലെ ഒരു വിദ്വാൻ നാമ രൂപങ്ങളെ ത്യജിച്ച് പരമ പുരുഷനിൽ ലയിച്ച് അ ഘണ്ടാകാരം ആയി ഇരിക്കുന്നു. അതേ പോലെയാണ് വാല്മീകിയെന്ന മലയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി.
അദ്ധ്യാത്മ രാമായണത്തിലും ഇതുപോലെ ഒരു ഇമിറ്റേഷൻ ശ്ലോകമുണ്ട്. എന്തുകൊണ്ട് ഇമിറ്റേഷൻ ശ്ലോകം എന്നു വിളിക്കുന്നു. കാരണം സംസ്കൃതത്തിൽ ഒരേ ഒരു മഹാകവിയേയുള്ളൂ അത് വാല്മീകി ആണ്. മറ്റുള്ളവരെല്ലാം അദ് ദേഹത്തെ അനുകരിക്കുന്നവരാണ്. കാളിദാസൻ പറയുന്നു വാല്മീകി നടക്കുമ്പോൾ പിന്നാലെ നടക്കുന്നവരാണ് ഞങ്ങൾ. അദ് ദേഹം കാണിച്ചു തരുന്നതു പോലെ ഞങ്ങൾ ചെയ്യുന്നു. ഇവിടെ വേറെ കവിയില്ല. കവി ഒന്നേ ഉള്ളൂ യഥാർത്ഥ കവി വാല്മീകി.
അദ്ധ്യാത്മ രാമായണത്തിൽ പറയുന്നു പുരാരി ഗിരി സംഭൂതാം ശ്രീ രാമാർണ്ണവ ഗാമിനി അദ്ധ്യാത്മ രാമ ഗംഗേയം പുനാതി ഭുവനത്രയം.
പുരാരി ഗിരി സംഭൂതാം പരമേശ്വരനാകുന്ന മലയിൽ നിന്ന് ഉത്ഭവിച്ച് രാമനാകുന്ന കടലിൽ ചെന്ന് ചേരുന്നു
കാട്ടിനുള്ളിൽ ഇരുന്ന് കഥാ ശ്രവണം ചെയ്യാനറിയണം നമുക്ക്. വാല്മീകി രാമായണം കേൾക്കുമ്പോൾ വാല്മീകി നമുക്ക് മുന്നിൽ കാണിച്ചു തരുന്ന ആ ലോകത്തേയ്ക്ക് നമ്മൾ പോകണം. ഈ ലോകത്ത് നമ്മളെ ജാഗ്രത് അവസ്ഥ വല്ലാതെ ഗ്രസിച്ചിരിക്കുന്നു. രമണമഹർഷി ഇതിനേ വിളിക്കുന്നത് " scorpionic grip of waking state" എന്നാണ്. ഈ ജാഗ്രത് അവസ്ഥയിൽ നിന്ന് വിടുതൽ വാങ്ങി എന്റെ കുടുംബം ജോലി എന്നീ ചിന്തകൾ വിട്ട് പതുക്കെ വാല്മീകി കാട്ടി തരുന്ന ആ ലോകത്തിലേയ്ക്ക് പോകണം.

വാല്മീകി രാമായണം-6

വാല്മീകി രാമായണം-6📖
ഏകാന്തതയിൽ ഇരുന്ന് തപസ്സിന്റെ രുചി അറിയണം അതാണ് സനാഥന ധർമ്മം. ഏകാന്തമായി ഇരുന്നു നിത്യാനുഷ്ഠാനങ്ങൾ ചെയ്തു കൊണ്ട് ഭഗവാനെ സ്മരിച്ച് ജപിച്ചു കൊണ്ടും ഭഗവത് ധ്യാനം ചെയ്തു കൊണ്ടും ജ്ഞാന വിചാരം ചെയ്തു കൊണ്ടും സത് ഗ്രന്ഥങ്ങളെയെല്ലാം പാരായണം ചെയ്തും സമയം ചിലവഴിക്കുന്നവൻ ജീവൻ മുക്തൻ എന്ന് ആചാര്യർ പറയുന്നു.
ശിവാനന്ദ ലഹരിയിൽ പറയുന്നത് ഭഗവത് ധ്യാനം , അഭിഷേകം,പ്രദക്ഷിണം, കഥാ ശ്രവണം, നാമജപം ഇത്യാദി കാര്യങ്ങൾ ചെയ്ത് രാവും പകലും ഈശ്വര പൂജയിൽ ചില വഴിക്കുന്ന ഭക്തൻ ജീവൻ മുക്തനാണ്. ബാഹ്യമായ ഒരു വിഷയത്തിലേയ്ക്കും ചഞ്ചലമായ മനസ്സിനെ വിടാതെ നിർത്തിയിരിക്കുന്നു. കാരണം മനസ്സിന് ബാഹ്യ വിഷയങ്ങൾ അന്നമാണ്. നിരന്തരം ജ്ഞാന നിഷ്ഠയിലിരിക്കുന്ന ജ്ഞാനിക്ക് അതിന്റെ ആവശ്യം ഇല്ല. ചഞ്ചല മനസ്സുള്ള സാധകൻ മനസ്സിനെ ഉയർന്ന തലത്തിൽ വച്ചില്ല എങ്കിൽ അത് താഴ്ന്ന നിലവാരത്തിലേയ്ക്ക് അധപതിക്കും.
വാസിഷ്ഠത്തിൽ പറയുന്നു ശുഭാശുഭാഭ്യാം മാർഗ്ഗാഭ്യാം വഹന്തീം വാസനാസരിത് പൗരുഷേണ പ്രയത്നേണ യോജനീയ ശുഭേ പതി
വാസന ഒരു നദി പോലെ ശുഭത്തിലേയ്ക്കും ഒഴുകും അശുഭ ത്തിലേയ്ക്കും ഒഴുകുന്നു. രാമകൃഷ്ണ പരമഹംസർ പറയുന്ന പോലെ ഈച്ച മൈസൂർ പാക്കിലും ഇരിക്കും മലത്തിലും ഇരിക്കും. ഇതുപോലെ മനസ്സ് ചില സമയങ്ങളിൽ ഭക്തിയിലും ഭഗവത്പൂജയിലും ഇരിക്കുന്നു അതിനുശേഷം tv യിലും മറ്റു ഉല്ലാസങ്ങളിലും ഏർപ്പെടുന്നു.
യഥാർത്ഥ ജീവൻ മുക്തരുടെ പൗരുഷം അവരുടെ മനസ്സും ശ്രദ്ധയും ഭഗവത് കാര്യങ്ങളിൽ മാത്രം പായിച്ചു ഭഗവത് സാധനകൾ പരീശീലനം ചെയ്തു കൊണ്ടിരിക്കുന്നതിൽ ആണ്. അങ്ങനെ ചെയ്യുന്നത് ഒരു തപസ്സാണ്.