Thursday, 9 January 2020

വാല്മീകി രാമായണം അയോദ്ധ്യാകാണ്ഡം-86

വാല്മീകി രാമായണം 🌹
🌻അയോദ്ധ്യാകാണ്ഡം-86🌻
ഒരിക്കൽ രമണ ഭഗവാനോട് ഒരു ഭക്തൻ ചോദിച്ചു ജ്ഞാനികൾ ഈ സത്യം മറ്റുള്ളവരെ ബോധിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് പലപ്പോഴും ശിഷ്യരുടെ ഉള്ളിലേയ്ക്ക് വേണ്ട വിധം എത്തുന്നുമില്ല. എന്നിട്ടും ഇത്രയധികം ഗ്രന്ഥങ്ങൾ കഥകൾ പ്രഭാഷണങ്ങൾ ഇവയെല്ലാം നമ്മെ ഈ സത്യം ഉത്ബോധിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഇതെന്തിനു വേണ്ടിയാണ്.
രമണ ഭഗവാൻ പറയുന്നു അതിനിപ്പോൾ എന്ത് ചെയ്യാൻ സാധിക്കും. ഒരു ജ്ഞാനിയുടെ നില തിരുടനെ തേൾ കുത്തിയ പോലെയാണ്. ഒരു കള്ളൻ കക്കാൻ പോയ സമയത്ത് തേള് കുത്തിയാൽ എന്താകും സ്ഥിതി. ഒന്നുറക്കെ കരയാൻ സാധിക്കുമോ എന്നാൽ വേദന കൊണ്ട് കരയാതിരിക്കാനും സാധിക്കില്ല. ഇതു പോലെ ജ്ഞാനികൾക്ക് തന്റെ അനുഭവത്തെ മറ്റുള്ളവരെ അറിയിക്കണമെന്നുമുണ്ട് എന്നാൽ അത് പറഞ്ഞ് ബോധിപ്പിക്കാനും സാധിക്കുന്നില്ല.
ഭാഷ വിനിമയം ചെയ്യുന്നുണ്ട്. എന്നാൽ അത് വെറും മദ്ധ്യവർത്തിയാണ്. ഒരു വശത്ത് ജഡമായ മൗനം അതിലും മുകളിലായി മൃഗങ്ങളുടെ ശബ്ദങ്ങൾ കൊണ്ടുള്ള അല്പസ്വല്പമായ വിനിമയങ്ങൾ അതിലും മുകളിലായി ജ്ഞാനികളുടെ ഭാഷ. വാക്ക് ലക്ഷ്യാർത്ഥ ദ്യോതകമാണ്.
മാങ്ങ എന്ന് പറയുമ്പോൾ ഒരു രൂപം മനസ്സിൽ വരുന്നു. ആ വാക്കിന് ഒരർത്ഥം ഉണ്ട്. ഇത് വാക്യാർത്ഥം. ഇതു പോലെ ഉപനിഷത്തിൽ കാണുന്ന വാക്യാർത്ഥങ്ങൾ ബ്രഹ്മം, ആത്മാ , awareness , consciousness എന്തു തന്നെ ആയാലും അത് ചെന്ന് ചേരുമ്പോൾ ഉണ്ടാകുന്ന അർത്ഥം വെറും വാക്യാർത്ഥം മാത്രമാണ്. നിങ്ങളിൽ സത്യം ഉണർന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്കത് ശരിയായി മനസ്സിലാകും. ഇല്ലയെങ്കിൽ ഏതു നിഘണ്ടുവിൽ അർത്ഥം നോക്കിയാലും അത് പൂർണ്ണമായും ഗ്രഹിക്കാൻ സാധിക്കില്ല.
മാങ്ങ കാണാത്ത ഒരുവന് എത്ര തവണ മാങ്ങയെ കുറിച്ച് പറഞ്ഞാലും മനസ്സിലാകുമോ. അതുപോലെ ഈ ബ്രഹ്മവിദ്യയും എത്ര തവണ വിശദീകരിച്ചാലും അതുണരാത്തവന് അതിന്റെ വാക്യാർത്ഥം മാത്രമേ ചെന്നു ചേരുന്നുള്ളു. ഒരു പരിധി വരെ വാക്കുകൾ കൊണ്ട് അത് വിനിമയം ചെയ്യാം എന്നാൽ അത് അപൂർണ്ണമാകും.
ജ്ഞാനികൾക്ക് ഇത് വിനിമയം ചെയ്യാനുള്ള മൊഴി വേറെ തലത്തിലാണ്. ഈ സത്യത്തിൽ ഉണരുക എന്നത് തന്നെ ആശ്ചര്യമാണ് . അത് മറ്റൊരാളെ ബോധിപ്പിക്കുക എന്നത് അതിലും വലിയ അതിശയം. അതിലും ആശ്ചര്യമാണ് മുന്നിലിരിക്കുന്നവന് അത് മനസ്സിലാകുക എന്നത്.
One who speaks about this is a mystery but one who receives it through the poorest vehicle of word is the greatest mystery.
ഈ വാക്കുകളെല്ലാം ലൗകിക വ്യവഹാരത്തിനായാണ്. അത് ഉപയോഗിച്ച് അലൗകികമായ ഈ സത്യത്തെ എത്രത്തോളം നമുക്ക് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുവാൻ സാധിക്കും.
രമണ സ്തുതി പഞ്ചകത്തിൽ രമണ ഭഗവാനെ വർണിച്ചു കൊണ്ട് ഒരു വരിയുണ്ട്.
'വാക്കിറന്ത് നിറയ്ന്ത് നിന്ററത് ഒരു വാക്യ പൊരുൾ ആനവൻ.'
ഗുരു തത്ത്വമസി എന്ന് ഉപദേശം ചെയ്യുമ്പോൾ ആ വാക്ക് ശിഷ്യന്റെ കാതിലൂടെ ഉള്ളിൽ ചെന്ന് ഇല്ലാതെയാകുന്നു.' The verbal meaning disappers' .പിന്നെ അവിടെ അവശേഷിക്കുന്നത് എന്താണ്. നിറഞ്ഞു നിൽക്കുന്ന വാക്യ പൊരുൾ. ആ വാക്കിനാൽ സൂചിപ്പിക്കപ്പെടുന്ന പൂർണ്ണ വസ്തു ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു. ആ ഉണർവ്വ് നിറഞ്ഞു നിൽക്കുന്നു. ആ ചിത് സ്വരൂപം നിറഞ്ഞു നിൽക്കുന്നു. വാക്ക് ഇല്ലാതെയാകുന്നു.
ആ വാക്യ പൊരുൾ നമ്മുടെ സ്വരൂപം തന്നെയാണ്. നാം തന്നെയാണ് അത്. ആർക്കാണോ ഇത് ബോധ്യപ്പെടുന്നത് അവന് വാക്യ പൊരുൾ തന്നിൽ നിന്ന് അന്യമല്ല. ശരീരവും മനസ്സും ഒന്നും താനല്ല അതിനെ താണ്ടി ബ്രഹ്മമായി അവൻ ഇരിക്കുന്നു. ഒരു ജ്ഞാനി ശരീരമായി കാണപ്പെടുന്നെങ്കിലും അശരീരിയാണ്. ശരീരം അവന് ലൗകികമായ ഐഡന്റിറ്റി ആയിരിക്കുമ്പോൾ തന്നെ അശരീരത്വത്തെ അത് ബാധിക്കുന്നില്ല തടയുന്നില്ല എന്ന് മാത്രമല്ല തന്നെ കേൾക്കുന്നവരേയും നീ അശരീരിയാണെന്ന് ബോധിപ്പിക്കുന്നു.

No comments:

Post a Comment