Monday, 6 January 2020

അയോദ്ധ്യാകാണ്ഡം-76

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-76
ശുദ്ധാത്മൻ പ്രേമ ഭാവാദ്ധി
ഭവിഷ്യാമി വികല്മഷാം
ഭർത്താരം അനുഗച്ഛന്തി
ഭർത്താഹി പരദേവതം
അവസാനം സീത അത് പറയുന്നു വനത്തിൽ തന്നെ കൂടി കൂട്ടിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന്. തീയിൽ ചാടുമെന്ന്.😊
പിതാവ് വിവാഹ സമയത്ത് പറഞ്ഞതൊന്നും ഓർമ്മയില്ലേ. കരം ഗ്രഹിച്ചു കൊള്ളു. ഇവൾ എന്റെ മകൾ. രാമാ നിന്റെ കൂടെ ധർമ്മം ചരിക്കേണ്ടവൾ.നിഴൽ പോലെ നിന്റെ കൂടെ അവളുണ്ടാകും. ഇങ്ങനെ ചൊല്ലിയില്ലേ പിതാവ്. പിതാവ് ധരിച്ചത് എന്റെ മരുമകൻ പുരുഷ കേസരിയാണെന്നാണ്. പുരുഷ വേഷം ധരിച്ച സ്ത്രീയാണെന്ന് എന്റെ പിതാവറിഞ്ഞില്ലല്ലോ. ഇങ്ങനെയൊരാളുടെ കൂടെ തന്റെ മകളെ പറഞ്ഞു വിടേണ്ടി വന്നല്ലോ.
കിം ത്വാ മന്യത വൈദേഹഹാ
പിതാ മേ മിഥിലാധിപഹാ
രാമ ജാമാതരം പ്രാപ്യ
സ്ത്രിയം പുരുഷ വിഗ്രഹം
പിന്നേയും തുടർന്നു സീത
മഹാവാദ സമുത്ഭൂതം
യെൻ മാമവ കരിഷ്യതി
രജോ രമണ തൻ മന്യേ
പരാർഭ്യമിവ ചന്ദനം
സ്വാമി അങ്ങയുടെ പാദം പതിച്ച മണ്ണ് എന്റെ മെയ്യിൽ വീണാൽ ഹേ രമണാ അത് ഞാൻ ചന്ദനമായി എടുത്തു കൊള്ളാം. അതിനാൽ എന്നെ കൂട്ടി കൊണ്ടു പോകു.
ഒടുവിൽ രാമൻ പറഞ്ഞു
യത് സൃഷ്ടാസി മയാ സാർദ്ധം വനഭാസായ മൈഥിലി
നീ വനവാസത്തിന് തന്നെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ന വിഹാദം മയാ ശക്യ
നിന്നെ വിട്ടിട്ട് പോകാൻ സാധിക്കില്ല. എങ്ങനെയെന്നാൽ ഒരു ജ്ഞാനിക്ക് തന്റെ പ്രസന്നത വിടാൻ എങ്ങനെ സാധിക്കില്ലയോ അതുപോലെ നിന്നെ എനിക്ക് വിടാൻ സാധിക്കില്ല സീതേ.
പ്രീതിഹി ആത്മ വദാ യഥാ
ഒരു ജ്ഞാനിക്ക് എങ്ങനെയാണോ പ്രിയത്തെ വിടാൻ സാധിക്കാത്തത് അതുപോലെ എനിക്ക് നിന്നെ വിടാൻ സാധിക്കില്ല. അതിനാൽ നീയും കൂടെ പോന്നോളു.
അങ്ങനെ രാമൻ സീതയും ലക്ഷ്മണനുമൊത്ത് വനവാസത്തിന് പോകുന്നതിന് മുൻമ്പായി ഒരുപാട് ദാന ധർമ്മാദികൾ ചെയ്തു. കൈയ്യിലുള്ളതെല്ലാം കൊടുത്തു. ഈ യാഗം യജ്ഞം ഒക്കെ വേദങ്ങളിൽ പറഞ്ഞിരിക്കുന്നത് തന്നെ ഏതെങ്കിലും രീതിയിൽ കൈയ്യിലുള്ളതെല്ലാം ദാനം ചെയ്യപ്പെട്ട് ഒഴിയട്ടെ എന്ന് കരുതിയാണ്.
എല്ലാ രോഗങ്ങൾക്കും അസമാധാനത്തിനും കാരണം കൈയ്യിലിരിക്കുന്ന പരിഗ്രഹമാണ്. ഈ പരിഗ്രഹങ്ങൾക്ക് നമുക്ക് എത്ര കഷ്ടപ്പാടുകൾ തരുവാൻ സാധിക്കും എന്ന ഒരു ധാരണയും നമുക്കില്ല. അതിനാലാണ് സന്ധ്യാ വന്ദനത്തിൽ യച്ഛ ഉഗ്രാത് പരിഗ്രഹാത് എന്ന് പ്രാർത്ഥിക്കുന്നത്. ഓരോ വസ്തുക്കൾ മറ്റുള്ളവരിൽ നിന്ന് വാങ്ങുമ്പോൾ അതിൽ എന്തൊക്കെ കലർന്നിരിക്കുന്നു എന്ന് ഈശ്വരന് മാത്രം അറിയാം. അത് ദഹിപ്പിക്കാൻ ഒരു തപസ്സ് തന്നെ വേണ്ടി വരുന്നു. ചിലപ്പോൾ തപസ്സ് പോലും അത് കെടുത്തുന്നു.
വനത്തിലേയ്ക്ക് പോകുന്നതിന് മുൻമ്പായി സർവ്വ മംഗളത്തേയും കരുതി എല്ലാം ദാനം ചെയ്തു രാമൻ. എല്ലാം കഴിഞ്ഞപ്പോൾ ഒരു വൃദ്ധ ബ്രാഹ്മണൻ വരുന്നു. ഒരു തപസ്വി ഒട്ടിയ വയറും കൈയ്യിൽ ദണ്ഡവുമായി വരുന്നു.
രാമാ എനിയ്ക്കും ദാനം നല്കു. കണ്ട മാത്രയിൽ അല്പം നർമ്മം മനസ്സിലുദിച്ചു രാമന്. രാമൻ പറഞ്ഞു അങ്ങ് ഈ ദണ്ഡം എടുത്ത് വീശിയെറിയു. എത്ര ദൂരം അങ്ങ് എറിയുന്നുവോ അത്രയും ദൂരം മാടുകളെ നിർത്തി അവയെ അങ്ങയ്ക്ക് ദാനം ചെയ്യുന്നതാണ്. ഇത് കേട്ടപ്പോൾ ബ്രാഹ്മണന്റെ മുഖം വിരിഞ്ഞു. അദ്ദേഹം യോഗ വേഷ്ടിയെടുത്ത് ഇടുപ്പിൽ വരിഞ്ഞ് കെട്ടി ദണ്ഡമെടുത്ത് വീശിയെറിഞ്ഞു ദണ്ഡം സരയു നദിയുടെ അക്കരെ ഒരു കാളയുടെ കാൽ ചുവട്ടിൽ ചെന്നു വീണു. അത്രയ്ക്കുണ്ടായിരുന്നു ആശയുടെ ബലം. അങ്ങയുടെ ബലം ജനങ്ങൾക്ക് കാട്ടി കൊടുക്കാനാണ് ഞാനിത് പറഞ്ഞത് എന്ന് രാമൻ. വാഗ്ദാനം ചെയ്ത പോലെ മാടുകളെ നിരത്തി നിർത്തി സ്വർണ്ണവും ചേർത്ത് ബ്രാഹ്മണന് ദാനം നല്കിയിട്ട് രാമൻ പുറപ്പെട്ടു.

No comments:

Post a Comment