Thursday, 9 January 2020

വാല്മീകി രാമായണം-5

വാല്മീകി രാമായണം-5📖
ഗായത്രി മന്ത്രേത്താടെ തത്പദാർത്ഥദ്യോതകമായി രാമായണം ആരംഭിക്കുന്നു. തുടങ്ങുന്നത് ആശ്രമത്തിൽ ആണ് അരമനയിൽ അല്ല. ഒരു കാനനത്തിൽ ഗംഗയിൽ ചെന്ന് ലയിക്കുന്ന തപസാ നദി തീരത്തിൽ വാല്മീകി താപസനായി ഇരിക്കുന്നു.
തപസ്സെന്നാൽ എന്ത് . തപസ്സിന് ഒരുപാട് ലക്ഷണങ്ങൾ ഉണ്ട്. പല നിലകളിൽ തപസ്സിനെ വ്യാഖ്യാനം ചെയ്യാം. നിത്യാനുഷ്ഠാനത്തെ മുടങ്ങാതെ ചെയ്താൽ അത് തപസ്സാണ്. അവനവന്റെ ധർമ്മത്തെ കാമനയില്ലാതെ നിർവ്വഹിച്ചാൽ അതും തപസ്സാണ്.
മഹാഭാരതത്തിൽ ധർമ്മപുത്രന്റെ അടുക്കൽ തപസ്സെന്ത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു തപസ്സ് സ്വധർമ്മ വർത്തിത്വം എന്ന്. സ്വധർമ്മം നിഷ്ഠയോടെ ചെയ്യുന്നത് തപസ്സ്. ആ ചാര്യർ ഭാഷ്യത്തിൽ തപസ്സെന്ത് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് മനസ്സിശ്ച ഇന്ദ്രിയാണാം ച ഏകാഗ്രം പരമം തപ. മനസ്സും ഇന്ദ്രിയങ്ങളും ഏകാഗ്രമായിരിക്കുന്നത് തപസ്സാണ്. രമണമഹർഷി പറയുന്നത് അഹമപേതകം നിജ വിഭാനകം മഹതിതം തപഹ. ഞാൻ എന്നത് ഉദിക്കാതെ ഏത് പ്രകാശിച്ചു കൊണ്ടിരിക്കുന്നുവോ ആ അവസ്ഥയിൽ നിലനിൽക്കുന്നതിനെ തപസ്സ് എന്ന് വിളിക്കുന്നു.
ഉപനിഷത്തിൽ മുത്ഗലൻ എന്ന ഒരു ഋഷി പറയുന്നു സ്വാദ്ധ്യായം ചെയ്യുന്നതും അതിൽ അലിയുന്നതും ആണ് തപസ്സ് എന്ന്. സ്വാദ്ധ്യായം എന്നാൽ വേദപഠനമോ പുസ്തകത്തെ പഠിക്കുന്നതും മാത്രമല്ല അവനവനെ തന്നെ പഠിക്കുകയും തൻ സ്വരൂപത്തെ ഉണർത്തുകയും ചെയ്യുകയാണ് മുഖ്യമായ അദ്ധ്യയനം.
അങ്ങനെ സ്വാദ്ധ്യായമാകുന്ന തപസ്സ് ചെയ്തു കൊണ്ട് കാനനത്തിൽ ഇരിക്കുന്നു വാല്മീകി മഹർഷി.

No comments:

Post a Comment