Monday, 6 January 2020

അയോദ്ധ്യാകാണ്ഡം-77

വാല്മീകി രാമായണം🌲
അയോദ്ധ്യാകാണ്ഡം-77
രാമൻ സീതയുമൊത്ത് ദശരഥന്റെ അടുക്കൽ പോകുന്നു.
യാന ശക്യാ പുരാ ദൃഷ്ടും
ഭൂതൈ രാകാശ ഗൈരവി
താമദ്യ സീതാം പശ്യന്തി
രാജ മാർഗ്ഗ ഗതാജനാഹ
അന്തപുരത്തിൽ താമസിക്കുമ്പോൾ ആകാശത്ത് സഞ്ചരിക്കുന്ന ഭൂതങ്ങൾക്കു പോലും കാണാൻ സാധിക്കാത്ത സീതയെ ഇപ്പോൾ എല്ലാ ജനങ്ങളും രാമനു പിറകിൽ നടക്കുന്നതു കണ്ടു.
രാമന്റെ വനവാസ വാർത്ത കാട്ടു തീ പോലെ അയോദ്ധ്യയിൽ പടർന്നു. രാമന്റെ കൂടെ യാത്രയാകാൻ ജനങ്ങളും തയ്യാറെടുത്തു.
സീതാ ലക്ഷ്മണ സമേതം ദശരഥന്റെ അന്തപുരത്തിലേയ്ക്ക് ചെന്നു രാമൻ.
ആപൃച്ഛേത്വാം മഹാരാജ
സർവ്വേശാം ഈശ്വരോസിന:
പ്രസ്ഥിതം ദണ്ഡകാരണ്യം
പശ്യത്വം കുശലേനമാം
ഹേ രാജൻ അങ്ങയുടെ അനുമതിക്കായി വന്നിരിക്കയാണ് ഞങ്ങൾ. ഞാൻ ദണ്ഡകാരണ്യത്തിനായി പുറപ്പെടുകയാണ്. ഞങ്ങളെ ആശിർവദിച്ച് അയച്ചാലും. ലക്ഷ്മണനും സീതയും എന്റെ കൂടെ വരുന്നുണ്ട്.
ദശരഥൻ ബാഹ്യ പ്രജ്ഞയില്ലാതെ കിടക്കുന്നു. രണ്ട് പേർ പിടിച്ച് എഴുന്നേൽപ്പിച്ചിരുത്തി. അദ്ദേഹം പറഞ്ഞു രാമാ ഞാൻ കൈകേയിക്കു നൽകിയ വരത്താൽ മോഹിച്ചു കിടക്കയാണ് . നീ വേണമെങ്കിൽ എന്നെ വധിച്ചിട്ട് രാജാവായി കൊള്ളു.
അഹം രാഘവ കൈകേയാം
വരദാനേന മോഹിത :
അയോദ്ധ്യായാം ത്വ മേ വാദ്യ
ഭവ രാജ നിഗ്രിഹ്യമാം
നീ പോയി തിരിച്ചു വരുന്നതു കാണാൻ ഞാൻ ഉണ്ടാകില്ല രാമാ. ഈ അയോദ്ധ്യയിലെ ജനങ്ങളെല്ലാം നീ രാജാവാകുമ്പോൾ ഉണ്ടാകുന്ന സുഖത്തെയും ഐശ്വര്യത്തേയും അനുഭവിക്കണമെന്നാണ് എന്റെ പ്രാർത്ഥന.
സുമന്ത്രരും കൈകേകിയും അവിടെ നിൽപ്പുണ്ട്. കൈകേയിക്ക് സ്ത്രീ ഭാവമേ നഷ്ടപ്പെട്ടിരിക്കുന്നു. എന്തോ ബാധ കയറിയ പോലെ എല്ലാം നോക്കിയും കണ്ടും നിൽക്കുന്നു.
സുമന്ത്രർ കണ്ണ് ചുവന്നു പല്ല് കടിച്ചു നിൽക്കുന്നു. കൈകേയിയെ നോക്കി പറഞ്ഞു നിങ്ങൾ സ്വന്തം മകനെ രാജാവാക്കി ഇവിടെ കഴിഞ്ഞോളു ഞങ്ങളെല്ലാം രാമനോടൊപ്പം പോവുകയാണ്. ഒരു സ്ത്രീയോ നിങ്ങൾ.
സുമന്ത്രർ സൂതനാണ് കൈകേയി രാജ്ഞിയും .ഈ രീതിയിൽ സുമന്ത്രർക്ക് രാജ്ഞിയോട് സംസാരിക്കാമെങ്കിൽ അദ് ദേഹത്തിന് രാജ്യ കാര്യങ്ങളിൽ എത്ര സ്വാധീനം ഉണ്ടായിരിക്കാം എന്നു ഊഹിക്കാം.
സുമന്ത്രർ പറയുന്നു നിങ്ങളുടെ ആഭിജാത്യമാണോ ഇത്. കുല മഹിമയാണോ ഈ കാണിക്കുന്നത്.ആഭിജാത്യം ഹിതേ മന്യേ.
തായുടെ ഗുണമല്ലേ മകൾക്കും ഉണ്ടാകു.
കേകയ രാജാവിന് പക്ഷികളുടെ ഭാഷ മനസ്സിലാകുന്ന വിദ്യ അറിയാമായിരുന്നു. ഒരിക്കൽ രണ്ട് പക്ഷികൾ തമ്മിലുള്ള സംഭാഷണം കേട്ട് കേകയ രാജാവ് ചിരിച്ചു. ഇത് കണ്ട് കൈകേയിയുടെ മാതാവ് എന്തിനാണ് ചിരിക്കുന്നതെന്ന് ആരാഞ്ഞു. അപ്പോൾ ഇങ്ങനെ രണ്ട് പക്ഷികളുടെ സംഭാഷണം കേട്ട് ചിരിച്ചതാണ് അതെന്തെന്ന് പറയുവാൻ സാധിക്കില്ല കാരണം അത് വെളിപ്പെടുത്തിയാൽ എനിക്ക് മരണം വന്നിടും എന്ന് കേകയ രാജാവ് പറയുകയുണ്ടായി. ഇത് കേട്ടപ്പോൾ രാജ്ഞി പറഞ്ഞു നിങ്ങൾ മരിച്ചാലും സാരമില്ല എനിക്ക് ആ പക്ഷികൾ പറഞ്ഞതെന്ത് എന്നറിയണം. മന്ത്രം ഉപദേശിച്ച ആചാര്യന്റെ നിർദ്ദേശത്താൽ പിന്നീട് കേകയ രാജാവ് കൈകേയി മാതാവിനെ ഉപേക്ഷിക്കുകയാണുണ്ടായത്. ഭർത്താവ് മരിച്ചാലും സാരമില്ല എന്ന് പറയുന്ന ഭാര്യയെ നീ സമീപത്ത് ഇരുത്തരുത് എന്നായിരുന്നു ഗുരുവിന്റെ ഉപദേശം. അങ്ങനെയുള്ള മാതാവിന്റെ പുത്രിയല്ലേ നീ കൈകേയി. ഇതെല്ലാം പറയുന്നത് സുമന്ത്രരാണെന്നോർക്കണം. ഇത്രയും കേട്ടിട്ട് ഒരു മാറ്റവുമില്ല കൈകേയിക്ക് കല്ലു മാതിരി നിൽക്കുന്നു.

No comments:

Post a Comment