Thursday, 9 January 2020

വാല്മീകി രാമായണം-72

വാല്മീകി രാമായണം-72
നമ്മൾ നിർവ്വഹിച്ചു കഴിഞ്ഞ കർമ്മത്തിന്റെ ഭവിഷ്യത്താണ് പ്രാരാബ്ദം. അതില്ലാതാകാൻ ഒന്നും ചെയ്യാൻ സാധിക്കില്ല. കാരണം അത് കൈവിട്ടു പോയ അസ്ത്രം പോലെയാണ്. ഈ ശരീരമേ പ്രാരാബ്ദമാണ്. പുരുഷ ശരീരം, സ്ത്രീ ശരീരം എന്ത് ചെയ്യാം പ്രാരാബ്ദമാണ്. എന്നാൽ ആചാര്യർ പറയുന്നു ശരി നീ അമ്പയച്ചു ആ അസ്ത്രത്തിന് ലക്ഷ്യമില്ലെങ്കിൽ അത് എവിടേയും ചെന്നുപെടില്ല.
അഭിമാനമെന്ന ലക്ഷ്യത്തിലാണ് പ്രാരാബ്ദവും നിനില്ക്കുന്നത്. ആ അഭിമാനം ഇല്ലാതായാൽ ശരീരത്തിനുണ്ടാകുന്ന പ്രാരാബ്ദം എങ്ങനെ തന്റെ പ്രാരാബ്ദമാകും. ഇത് അനുഭവത്തിൽ, സ്വന്തം സ്വരൂപത്തിൽ നിൽക്കുന്നവനാണ് ഈ സ്ഥിതിവിശേഷം വന്നു ചേരുക. അല്ലാതെ ശരീരിയായിരുന്നു കൊണ്ട് തത്ത്വം ബൗദ്ധികമായി ഗ്രഹിച്ചതു കൊണ്ടൊന്നും ആകില്ല. ആ അനുഭവത്തിലിരിന്നു കൊണ്ട് മാത്രമേ വിധി മതികളേ താണ്ടിയ അവ്യവഹാര പദത്തിലെത്തുകയുള്ളു.
ഇവിടെ രാമൻ ലക്ഷ്മണനോട് പറയുന്നത്
സുഖ ദു:ഖേ ഭയ ക്രോധോ
ലാഭാ ലാഭോ ഭവാ ഭവൗ
ശരീരത്തിൽ ഇരിക്കുന്നതുവരെ വിധിയുണ്ട്. അഭിമാനിയായിരിക്കുന്നതുവരെ വിധിയുണ്ട്.സുഖം ദുഃഖം ഭയം ക്രോധം ലാഭം നഷ്ടം ഇതെല്ലാം വിധിയാണ്. ഉഗ്ര തപസ്വികളായ മഹർഷിമാർ പോലും അതിൽ നിന്നൊക്കെ വ്യതിചലിച്ച് കാല ക്രമേണ കാമ ക്രോധാതികൾക്ക് അടിമപ്പെട്ട്. കർക്കശമായി പാലിച്ചിരുന്ന നിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൊണ്ട് ചേഷ്ടകൾ കാട്ടി നടക്കുന്നത് നമ്മൾ കാണാറുണ്ടല്ലോ. അത് വിധി തന്നെയാണ്.
അസങ്കൽപിത മേവേഹ
യഥ അകസ്വാത് പ്രവർത്തതേ
ജീവിതം അങ്ങനെ സാധാരണ പോലെ പോകുമ്പോൾ ആകസ്മികമായി വന്നു ചേരുന്ന ചില കാര്യങ്ങൾ. ഒരു കർമ്മം ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ വന്നു പെടുന്ന വിഘ്നങ്ങൾ. ഇതൊക്കെ വരുമ്പോഴേ നമ്മൾ ഓർക്കണം ദേവസ്യ കർമ്മ: ഇത് ഒരു ബാഹ്യ ശക്തിയാണ്. അല്ലാതെ നമ്മുടെ മനസ്സിന്റെ ശക്തിയൊന്നുമല്ല.
എങ്ങനെ പുറമെ നിന്ന് ഒരു കൊടുങ്കാറ്റ് വരുന്നുവോ ഒരു മഴ പെയ്യുന്നുവോ അതു പോലെ.
അങ്ങനെ ബാഹ്യ ശക്തി നമുക്ക് മേൽ വർത്തിക്കാൻ തുടങ്ങുമ്പോൾ അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് നമ്മുടെ ഈ ശരീര വ്യവസ്ഥയ്ക്ക് അറിയില്ല. പക്ഷേ ഈ ബാഹ്യ ശക്തി നമ്മളെ താഴ്ത്തുമ്പോൾ തത്കാലത്തേയ്ക്ക് നാം വീണു പോകുന്നു. അവിടെ നിന്ന് എങ്ങനെ പിടിച്ചെഴുന്നേൽക്കാം?
ഏകയാ തത്ത്വയാ ബുദ്ധ്യാം
രാമൻ പറയുന്നു നന്നായി തത്ത്വ ജ്ഞാനത്തെ ദൃഢപ്പെടുത്തിക്കോളു ലക്ഷ്മണാ. ജീവിതത്തിൽ നടക്കുന്ന എല്ലാ കാര്യത്തിനും എന്തു കൊണ്ടങ്ങനെ നടക്കുന്നു എന്ന് വിശദീകരിക്കാൻ സാദ്ധ്യമല്ല. ഇതിങ്ങനെ അല്ലായിരുന്നെങ്കിൽ അത് അങ്ങനെയായിരുന്നെങ്കിൽ ഇതൊന്നും നാമല്ല നിശ്ചയിക്കുന്നത്. എന്തൊക്കെയോ സംഭവങ്ങൾ നടന്നു കൊണ്ടേയിരിക്കുന്നു നമ്മൾ അതിനെ സാക്ഷി ഭാവത്തിൽ തത്ത്വ ബുദ്ധിയാൽ നോക്കി കാണേണ്ടതാണ്.
ഈ തത്ത്വ ബുദ്ധിയാൽ പട്ടാഭിഷേകം മുടങ്ങിയതിൽ എനിയ്ക്ക് അല്പം പോലും ദു:ഖമില്ല ലക്ഷ്മണാ. ഇനിയും എന്തൊക്കെയോ കാണാനിരിക്കുന്നു എന്നെനിക്കറിയാം. ഇതു വരെയുള്ള അയോദ്ധ്യയിലെ ജീവിതം പോലെയാകില്ല ഇനിയങ്ങോട്ട്. എപ്പോഴാണോ ഇത്തരം വഴിത്തിരിവുകൾ വരുന്നത് അത് വെറുതെ വരുന്നതല്ല അത് ഒരു കാരണത്താൽ ചില ഉദ്ദേശ ലക്ഷ്യങ്ങളോടെ വരുന്നതാണ്. ആ ഉദ്ദേശം നടക്കുക തന്നെ ചെയ്യും. അതിനാൽ ലക്ഷ്മണാ നീ ദു:ഖിക്കാതെ.
മാച ലക്ഷ്മണ സന്താപം കാർഷീഹി.

No comments:

Post a Comment