വാല്മീകി രാമായണം-10📖
തപസ്വിയായ വാല്മീകി ചിതൽ പുറ്റിൽ നിന്ന് വെളിയിൽ വന്ന വാല്മീകി കൊടും തപസ്സ് ചെയ്ത വാല്മീകി. അങ്ങനെയുള്ള വാല്മീകിക്ക് എന്ത് സന്ദേഹം വരാനാണ്.
സാധാരണയായി നമ്മൾ ഈ ലോകത്തിൽ എന്ത് നേടുന്നതിനും പ്രയത്നം ചെയ്യുന്നു. അതുപോലെ അദ്ധ്യാത്മ കാര്യങ്ങളിലും പ്രയത്നം ചെയ്യുന്നു. ലൗകിക കാര്യങ്ങൾ നേടുന്നതിനായി നമ്മൾ ആത്മവിശ്വാസത്തോടെ എന്തൊക്കെ ചെയ്യുന്നുവോ അതേ പോലെ നമ്മൾ ആദ്ധ്യാത്മ കാര്യങ്ങളിലും പ്രാണായാമം ചെയ്തും പല സാധനകൾ ചെയ്തും അവസാനം തളർന്ന് പറയുന്നു ഇതൊന്നും എന്നെ കൊണ്ടാവില്ല എന്ന്. ഇവിടെ ജ്ഞാനികൾ ആരെങ്കിലും ഉണ്ടോ ഒന്ന് ചോദിച്ചറിയാൻ എന്നും. ഒരിക്കൽ രമണമഹർഷിയോട് പോലും ഒരാൾ ചോദിച്ചു തിരുവണ്ണാമലയിൽ എവിടെയെങ്കിലും അദ് ദേഹത്തിന് അറിയാവുന്ന ജ്ഞാനികൾ ഉണ്ടോ എന്ന്. ഇനി ഉണ്ടായാലും അതറിയാൻ ഒരുവന് യോഗമുണ്ടാകണം. അർജ്ജനനും കൃഷ്ണനോട് ചോദിച്ചു സ്ഥിരപ്രജ്ഞൻ എങ്ങനെയിരിക്കും എന്ന്. മുന്നിൽ നിൽക്കുന്ന കൃഷ്ണനെ അർജ്ജനന് അറിയാത്തതുകൊണ്ടാണ് അങ്ങനെ ചോദിക്കുന്നത്. ചന്ദന കാട്ടിൽ വസിക്കുന്നവന് ചന്ദനം വിറകു മാത്രമാണ്. വിലയറിയില്ല.
എന്നാൽ എല്ലാവർക്കും ഇതു പോലെ സന്ദേഹങ്ങൾ വരും. ഇതു നടക്കുമോ ഇതൊക്കെ നടക്കുന്ന കാര്യങ്ങൾ ആണോ.ഇത് ബോധിച്ചവർ ഉണ്ടോ അവരുടെ പ്രകൃതം എങ്ങനെയാണ്.
വാല്മീകിയും ചോദിച്ചു നാരദ മഹർഷിയോട് സർവ്വ ഗുണ സമ്പന്നനായി പൂർണ്ണനായി ഈ ലോകത്തിൽ ആരെങ്കിലും ഉണ്ടോ.ഒരു ഗുരുവിനോട് ചോദ്യങ്ങൾ അങ്ങോട്ട് ചോദിക്കണം. ഇല്ലെങ്കിൽ ഒന്നും അറിയാൻ സാധിക്കില്ല.കാരണം ഗുരുവിന് ഒന്നും പ്രചരിപ്പിക്കേണ്ട ആവശ്യം ഇല്ല. ചോദ്യങ്ങളിലൂടെ കറന്ന് എടുക്കണം. ആ മൗനത്തിൽ കൊട്ടി കൊട്ടി ആത്മവിദ്യ പുറത്തേയ്ക്ക് കൊണ്ടുവരണം.
വാല്മീകി ചോദിക്കുന്നത് ഈ തത്ത്വത്തെ അറിഞ്ഞ സാധാരണ മനുഷ്യർ ആരെങ്കിലും ഉണ്ടോ എന്നാണ്.
No comments:
Post a Comment