Thursday, 9 January 2020

വാല്മീകി രാമായണം-41

വാല്മീകി രാമായണം-41
സുപ്രഭാത നിഷാരാമ പൂർവ്വാ സന്ധ്യാ പ്രവർത്തതേ ഉത്തിഷ്ഠ ഉത്തിഷ്ഠ ഭദ്രം ച ഗമനായഭിരോവച
ഹേ രാമ ഇരുട്ടെല്ലാം മാറിയിരിക്കുന്നു സൂര്യഭഗവാൻ പ്രകാശിക്കുന്നു. സന്ധ്യാ കാലമായി നമുക്ക് യാത്ര തുടരാം. രാമലക്ഷ്മണൻമാർ എഴുന്നേറ്റു ശുചിയായി വന്ന് സന്ധ്യാ വന്ദനം ചെയ്തിട്ട് യാത്ര തുടർന്നു. അങ്ങനെ അല്പ ദൂരം ചെന്നപ്പോൾ ഗംഗയുടെ മനോഹരമായ ഒഴുക്ക് കണ്ട് സന്തോഷത്തോടെ നോക്കി നിന്നു ഇരുവരും. ഗംഗയുടെ ഒരു സവിശേഷത അതിന്റെ തീരത്ത് അവിടവിടെയായി മഹർഷികൾ ധ്യാനിക്കുന്നതു കാണാം. ഭഗവത്പാദർ പറയുന്നു ദൂരെ എവിടെയെങ്കിലും ഒരു നൃപനായിരിക്കുന്നതിലും ഭേദം ഗംഗയുടെ തീരത്ത് ഒരു മരമായോ ഗംഗയിൽ ഒരു ആമയായോ മീനായോ കഴിയുന്നതാവും.
താം ദൃഷ്ട്വാം പുണ്യ സലിലാം
ഹംസ സാരസ സേവിതാം
ബബുർ മുനയ്യ സർവ്വേ മുദിദാ: സഹരാഗം
പക്ഷികളെയെല്ലാം നദിക്കരയിലും നദിയിലുമായി കാണാം . ഇതെല്ലാം കണ്ട് പ്രസന്നതയോടെ നിൽക്കുന്നു രാമലക്ഷ്മണൻമാർ. അവർക്ക് ഗംഗയുടെ ഉത്പത്തിയെ കുറിച്ചും മഹർഷി പറഞ്ഞു കൊടുക്കുന്നു.
ഹിമവാന് ഉണ്ടായ രണ്ടു പുത്രിമാരിൽ ജ്യേഷ്ഠയാണ് ഗംഗ ഇളയ മകൾ ഉമ. ആ ഗംഗയെയാണ് പിന്നീട് ദേവലോകത്തേയ്ക്ക് കൂട്ടി കൊണ്ടു പോകുന്നത്. ഹിമവാന്റെ ഈ രണ്ട് പുത്രിമാരിൽ ഗംഗ വെളിയിൽ ഇരിക്കുന്നവളും, ഉമ ഉള്ളിൽ ഇരിക്കുന്നവളും ബ്രഹ്മവിദ്യാ സ്വരൂപിണിയുമാണ്. ഹിമാലയ സാനുക്കളിൽ ഏകാന്തമായിരുന്ന് ബ്രഹ്മവിദ്യയെ ഉപാസിക്കുകയും മുക്തിയടയുകയും ചെയ്യുന്നതിനാൽ ബ്രഹ്മവിദ്യയെ ഹിമവാന്റെ പുത്രിയായി കരുതുന്നു.
ഗംഗ ഭൂമിയിൽ അവതരിക്കുന്നതിനായി ഭഗീരഥ പ്രയത്നം വേണ്ടി വന്നു. ഭഗീരഥൻ തന്റെ പിതൃക്കളുടെ ആത്മശാന്തിക്കായി തപസ്സ് ചെയ്ത് ഗംഗയെ ഭൂമിയിൽ കൊണ്ടു വന്നു. ഗംഗയെ ഭൂമി ദേവി വിളിച്ചിട്ട് വരികയുണ്ടായില്ല കാരണം ഭൂമിയിൽ വന്നാൽ കണ്ട മഹാപാപികളെല്ലാം വന്ന് കുളിച്ച് പോകും എന്ന് ഗംഗ. അപ്പോൾ ഭഗീരഥൻ പറയുന്നു
സാധവോ ന്യാസിന ശാന്ത ബ്രഹ്മിഷ്ഠ ലോക പാവന:
ശരി മഹാപാപികൾ വന്ന് കുളിക്കുമായിരിക്കും പക്ഷേ സർവ്വ സംഗ പരിത്യാഗികൾ , ബ്രഹ്മനിഷ്oർ, ലോകത്തെ പവിത്രമാക്കുന്ന ജ്ഞാനികൾ, ഭാഗവതോത്തമൻമാർ ഇവരും സ്നാനം ചെയ്യാൻ വരില്ലേ. ഇത് കേട്ടതും സന്തോഷത്തോടെ വന്നു ഗംഗ ഭൂമിയിലേയ്ക്ക്. അങ്ങനെ ഒഴുകി വരുന്ന ഗംഗയെ താങ്ങാൻ ഭൂമിക്കാകുമായിരുന്നില്ല.വീണ്ടും തപസ്സു ചെയ്ത് ശിവനെ പ്രീതിപ്പെടുത്തി. ശിവൻ തന്റെ ജഡയിൽ ഏറ്റു കൊള്ളാം ഗംഗയെ എന്നു പറഞ്ഞ് ജഡയെ വിരിച്ചിട്ടു.
അപലേപഭരാക്രാന്ത സുരലോക തരംഗിണി
പപാത പാർവ്വതി കാന്ത ജഡാകാന്താര ഗഹ്വരേ
ദേവലോകത്തു നിന്ന് ശിവന്റെ ജഡയിലേയ്ക്ക് കുതിക്കുന്ന ഗംഗയിൽ ജല ജീവികളായ മീനും മുതലയും ഒക്കെ ഉണ്ടായിരുന്നു. ഇവയെല്ലാം കൂടി ചേർത്ത് ജഡ കെട്ടി വച്ചു ശിവൻ. പിന്നീട് ഏഴ് സ്രോതസ്സിലൂടെ ശക്തി കുറച്ച് ഗംഗയെ ഭൂമിയിൽ പ്രവേശിപ്പിച്ചു. ഹരിദ്വാരിൽ നിന്ന് മുകളിലേയ്ക്ക് ദേവപ്രയാഗ്, കർണ്ണ പ്രയാഗ് ,സോന പ്രയാഗ് എന്നിവടിങ്ങളിൽ കാണാം ചിലപ്പോൾ അളകനന്ദയുമായി യോജിച്ചും ചിലപ്പോൾ മന്ദാകിനിയുമായി യോജിച്ച് ഭഗീരഥി ഒഴുകുന്നു. ശരിക്കും ദേവഭൂമിയാണ് അവിടം. ആശ്ചര്യമാണ് ഗംഗയുടെ ശക്തമായ ആ ഒഴുക്ക് കാണുന്നത്.അങ്ങനെ ഗംഗയെ ഭൂമിയിൽ അവതരിക്കാൻ യത്നിച്ച ഭഗീരഥന്റെ പിതൃക്കൾക്ക് ഗംഗയാൽ ആത്മശാന്തിയും മോക്ഷവും ലഭിക്കുന്നു.
പിന്നീട് സുബ്രഹ്മണ്യന്റെ ജനനത്തെ കുറിച്ചും വിശ്വാമിത്രൻ കുമാരൻമാർക്ക് വിസ്തരിച്ചു പറഞ്ഞു കൊടുക്കുന്നു. അങ്ങനെ യാത്ര ചെയ്ത് അവർ ഗൗതമ മഹർഷിയുടെ ആശ്രമത്തിൽ എത്തുന്നു.

No comments:

Post a Comment