Monday, 6 January 2020

അയോദ്ധ്യാകാണ്ഡം-81

വാല്മീകി രാമായണം🌹
🌻അയോദ്ധ്യാകാണ്ഡം-81🌻
ശ്രിംഗിപേര പുരത്തിലെ രാജാവാണ് നിഷാദൻ ഗുഹൻ. രാമൻ ദൂരെ ഒരു ഇൻഗുതി വൃക്ഷം അഥവാ ഓടൽ വൃക്ഷത്തെ കണ്ടു. വരു നമുക്കതിന്റെ ചോട്ടിൽ പോയി നിൽക്കാമെന്ന് രാമൻ പറഞ്ഞു.
അപ്പോൾ അവിടേയ്ക്ക് ശില്പി കൂടിയായ കാട്ടു രാജാവ് ഗുഹൻ അനുയായികളുമായി കടന്നു ചെന്നു. അദ്ദേഹം രാമനെ ഹൃദയപൂർവ്വം വരവേറ്റു.
സ്വാഗതം തേ മഹാ ബാഹോ
തവൈയം അഖിലാമഹി
വയം പ്രേഷ്യാ ഭവാൻ ഭക്താ
സാധുരാജ്യം പ്രശാതിന:
ഈ രാജ്യം ഞങ്ങൾ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ഞങ്ങൾ അങ്ങയാൽ ഭരിക്കപ്പെടേണ്ടവരാണ് ഭരിക്കേണ്ടവരല്ല. അവർ ഭക്ഷണം ഫലങ്ങൾ പാൽ കിടക്ക എന്നീ സാമഗ്രികൾ എല്ലാം കൊണ്ടു വന്നിരിക്കുന്നു.
രാമൻ ഗുഹനെ ആശ്ലേഷിച്ച് പറഞ്ഞു ആരാണ് ഇതു പോലെയൊക്കെ ചെയ്യുക. എനിക്കിതൊന്നും വേണ്ട. ലക്ഷ്മണൻ ഒരു ചേമ്പിലയിൽ ജലം കൊണ്ടു വന്നിരിക്കുന്നു. ഈ രാത്രി എനിക്ക് ഇത് മതിയാകും. ഈ കുതിരകൾ എന്റെ പിതാവിന് വളരെ പ്രിയപ്പെട്ടതാണ്. കുറേ ദൂരം ഓടി കിതച്ചു വന്നിരിക്കയാണ്. പറ്റുമെങ്കിൽ ഇവയ്ക്ക് അല്പം തീറ്റ കൊടുത്താലും.
രാമൻ ജലപാനം ചെയ്ത് തറയിൽ ദർഭ പായ വിരിച്ച് കിടന്നു. രാമനും സീതയും കിടന്നു ലക്ഷ്മണൻ ഉറങ്ങിയില്ല ഗുഹൻ ചൊല്ലി അങ്ങും കിടന്നോളു വൈക്കോൽ കൊണ്ട് കിടക്ക വിരിച്ചിരിക്കുന്നു.
ലക്ഷ്മണൻ ഗുഹനെ നിറകണ്ണുകളോടെ നോക്കി. അദ്ദേഹം പറഞ്ഞു ഞാൻ എങ്ങനെ ഉറങ്ങാനാണ്.
കഥം ദാസ രഥോ ഭൂമൗ
ശയാനേ സഹ സീതയാ
ആ മണ്ണിൽ കിടക്കുന്നത് ആരെന്ന് അറിയുമോ. അനേക സംവത്സരങ്ങൾ തപസ്സു ചെയ്ത് പുത്രകാമേഷ്ടി യാഗം ചെയ്ത് പിറന്ന എന്റെ ജ്യേഷ്ഠൻ. ലക്ഷ്മണൻ സ്വന്തം ഉത്പത്തിയും അങ്ങനെയായിരുന്നു എന്നത് മറന്നു കൊണ്ടാണ് ഇത് പറയുന്നത്. ജ്യേഷ്ഠനടുത്ത് വെറും മൺ തറയിൽ കിടക്കുന്നത് മിഥിലാ രാജകുമാരിയാണ് ഇത് കണ്ടു കൊണ്ട് ഞാൻ എങ്ങനെ ഉറങ്ങാനാണ്. ദേവാസുരൻമാരുടെ മുൻമ്പിൽ പോലും തോൽക്കാത്ത എന്റെ ജ്യേഷ്ഠൻ പിതാവിന്റെ വചനത്തെ മാനിച്ച് മാത്രമാണ് ഇപ്പോൾ ഈ തറയിൽ കിടക്കുന്നത്. രാത്രി മുഴുവൻ ലക്ഷ്മണൻ ഇങ്ങനെ ഓരോന്ന് പറഞ്ഞിരുന്നു.
എന്റെ പിതാവ് ഇതിനകം ദേഹം വെടിഞ്ഞിട്ടുണ്ടാകും കാരണം അദ്ദേഹത്തിന് രാമനെ പിരിഞ്ഞിരിക്കുന്നത് സഹിക്കാനാകില്ല.
പ്രഭാതമായി രാമൻ ലക്ഷ്മണനോട് പറയുന്നു.
ഭാസ്കരോദയ കാലോസീ
ഗതാ ഭഗവതി നിഷാം
അസൗസു കൃഷ്ണോ വിഹകഹ
കോകിലസ്ഥാത കൂജതി
ഒരു കറുപ്പു കുയിൽ മധുരമായി കൂജനം ചെയ്യുന്നു. കാട്ടിലല്ലേ ഇതെല്ലാം കേൾക്കാൻ സാധിക്കു. രാമൻ പറയുന്നു ഗംഗാ ജലത്തെ കുടിച്ച് അതിന്റെ ശബ്ദം എത്ര മനോഹരമായിരിക്കുന്നു. സൂര്യനുദിച്ചിരിക്കുന്നു ഭഗവതി രാത്രി പിന്നിട്ടിരിക്കുന്നു. ഭഗവാൻ സഹസ്ര കിരണങ്ങളോടെ ഉദിച്ചിരിക്കുന്നു. നമുക്ക് യാത്ര തുടരാം ലക്ഷ്മണാ.രാമൻ ഗുഹനോടു ഗംഗ കടക്കുന്നതിനായി ഒരു തോണി ആവശ്യപ്പെട്ടു.

No comments:

Post a Comment