Thursday, 9 January 2020

വാല്മീകി രാമായണം-42

വാല്മീകി രാമായണം-42
കരിയിലയും ചാമ്പലുമായി വിജനമായി തോന്നുന്ന ആശ്രമമായിരുന്നു ഗൗതമ മഹർഷിയുടെ ആശ്രമം. ഒരു കാലത്ത് ഗൗതമ മഹർഷിയുടെ പത്നി അഹല്യയ്ക്ക് പാതിവ്രത്യ ഭ്രംശം വരുവാനിടയായി. അതിനുത്തരവാദി മനുഷ്യരല്ല ഇന്ദ്രനായിരുന്നു. അതീന്ദ്രിയ ജ്ഞാനമുള്ള ഗൗതമ മഹർഷിക്ക് ഇത് മനസ്സിലായതും ഇന്ദ്രനേയും ശപിച്ചു അഹല്യയേയും ശപിച്ചു.
ഈ തമോ ഗുണത്തിൽ നിന്ന് മുക്തി നേടാൻ ആരുമറിയാതെ ആരുടേയും കണ്ണിൽ പെടാതെ നീ തപസ്സു ചെയ്യണം എന്നദ്ദേഹം അഹല്യയെ ശപിച്ചു. വാല്മീകി രാമായണത്തിൽ കല്ലായി പോകാൻ ശപിച്ചതായി പറയുന്നില്ല. മനുഷ്യരുടെ കണ്ണിൽ പെടാതെ ഇരിക്കട്ടെ എന്നു മാത്രമാണ് പറയുന്നത്. വായു ഭക്ഷണം മാത്രം എടുത്ത് സർവ്വ ഭൂതങ്ങൾക്കും അദൃശ്യയായി ആശ്രമത്തിൽ ഇരുന്ന് തപസ്സ് ചെയ്യാനായിരുന്നു അഹല്യക്ക് ഗൗതമ മഹർഷി വിധി കല്പിച്ചത്.
രമണ ഭഗവാനോട് ഒരാൾ അഹല്യ കല്ലായി മാറിയതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഈ കല്ല് എന്നു പറയുന്നത് പ്രതീകാത്മകമായാണ് ആത്മീയമായ സ്തംഭനമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. മനസ്സ് ഏതെങ്കിലും ഒരശുദ്ധിക്ക് വഴങ്ങിയാൽ പിന്നെ ജപം,ധ്യാനം ,മനനം,സമാധി ഒന്നും നടക്കില്ല. അനങ്ങാതെ കല്ലുമാതിരി കിടക്കും. മുന്നോട്ടു പോകാൻ കഴിയാതെ തപിക്കും. ആ നിലയിൽ നിന്ന് മോചിതനാകാൻ ഏതെങ്കിലും ഒരു ജീവൻ മുക്തന്റെ അതിമാനുഷ സമ്പർക്കം വരണം. ശ്രീ രാമൻ എന്ന് ഈ ആശ്രമത്തിൽ വരുന്നുവോ അന്ന് നിനക്ക് ശാപമോക്ഷം ലഭിക്കും എന്ന് ഗൗതമ മഹർഷി അനുഗ്രഹിച്ചിരുന്നു. രജോഗുണത്താൽ വന്ന ദോഷം രജസ്സിനാൽ മാറി.
ദു:ഖേ സുഖേ ച രജയേ ബബോവ ഹേതുഹു
താദൃത് വിതാം അപി ബഹതി ഗൗതമ ധർമ്മ പത്ന്യാഹ
യസ്മാത് ഗുണേന രജസാ വികൃതിം ഗതാസാ
രാമസ്യ പാദ രജസാ പ്രകൃതിം പ്രപേതേ.
ശ്രീരാമന്റെ പാദ സ്പർശത്താൽ പാദ രജസ്സിനാൽ അഹല്യയ്ക്ക് ആ സ്തംഭിച്ച നിലയിൽ നിന്ന് മോക്ഷം ലഭിക്കുന്നു. ഇത്രയും വലിയ മഹാത്മാക്കൾക്കു ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ സംഭവിക്കാം കാരണം ഇത് പ്രകൃതിയാണ് മഹർഷിമാരെപോലെ പ്രകൃതിയെ അറിയുന്നവർ വേറെ കാണില്ല. അതിനാലാണ് ബുദ്ധ മതത്തിലെ പോലെ ആർക്കും സന്യാസിയാകാം എന്നതിനോട് യോജിക്കാൻ സാധിക്കാത്തത്.അങ്ങനെ ചെയ്താൽ സമൂഹം ദുഷിച്ചു പോകും. കാരണം ഓരോ മനുഷ്യന്റെയും ശരീര പ്രകൃതിയിൽ വിത്യാസം ഉണ്ട്. സത്വ രജോ തമോ ഗുണത്തിൽ വാതം പിത്തം കഫം എന്നിവയിൽ എല്ലാം വിത്യാസമുണ്ട്. ഗുണാതീതനാകാതെ വസ്ത്രത്തിന്റെ നിറം മാത്രം കാഷായമാക്കിയിട്ടോ പേരു മാറ്റിയിട്ടോ ഒരു പ്രയോജനവും ഇല്ല.
രമണ ഗീതയിൽ രമണ മഹർഷിയോട് ധർമ്മാശ്രമത്തെ കുറിച്ച് ചോദിക്കുന്നു അദ്ദേഹം മൂന്ന് ആശ്രമങ്ങളെ കുറിച്ച് പറഞ്ഞ് നിർത്തുന്നു. നാലാമത്തെ ആശ്രമം തുരീയാശ്രമത്തെ കുറിച്ച് പറയുന്നില്ല. അദ് ദേഹം തീർത്തും വൈദികനാണ്. പൗരാണിക സംസ്കാരമല്ല. ഇപ്പോഴുള്ള സന്യാസ സമ്പ്രദായങ്ങളെല്ലാം പൗരാണികമാണ് . എന്തു കൊണ്ട് രമണ ഭഗവാൻ ആദ്യത്തെ മൂന്നാശ്രമങ്ങളെ ബ്രഹ്മചര്യം, ഗ്രാഹസ്ത്യം, വാനപ്രസ്തം എന്നിവയെ കുറിച്ച് മാത്രം പറയുന്നു. ഭഗവാൻ സന്യാസിയാണെങ്കിൽ എല്ലാവർക്കും സന്യാസം ഉപദേശിക്കാമായിരുന്നല്ലോ. അപ്പോൾ തുരീയാശ്രമമോ? എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
തുരീയാശ്രമ: കാലേ സ്വയമേവ ഭവിഷ്യതി
ഒരു പഴം പഴുത്തു കഴിഞ്ഞാൽ മരത്തിനോട് ചോദിക്കില്ല താനേ താഴേ വീഴും. അതു പോലെ ആദ്യത്തെ മൂന്നാശ്രമങ്ങൾ ശരിയാം വണ്ണം ആചരിച്ചാൽ പക്വമായി താനേ നാലാമത്തെ ആശ്രമത്തിൽ വന്നു ചേരുന്നു. അതിൽ തനിയെ വന്നടയുന്നതാണ്.
തപസ്സിനാൽ പൂർണ്ണത കൈവന്ന അഹല്യ രാമന്റെ മുന്നിലേയ്ക്ക് വരുന്നു.
സാഹി ഗൗതമ വാക്യേന ദുർനിരിക്ഷാം ബബൂവഹ ത്രയാണാം അപി ലോകാനാം യാവദ് രാമസ്യ ദർശനം.
തേജസ്സോടെ ജ്വലിച്ച് പ്രകാശമയമായ അഗ്നി ചാമ്പൽ നീക്കി പുറത്തേയ്ക്ക് വരുന്ന പോലെ അഹല്യ പുറത്തേയ്ക്ക് വന്നു. അവരെ കണ്ടതും ശാപ മോക്ഷം നൽകിയ രാമനും ലക്ഷ്മണനും നമസ്കരിച്ചു എന്തെന്നാൽ അവർ ദേവിയുടെ അമ്മാളിന്റെ തൽസ്വരൂപമാകുന്നു.

No comments:

Post a Comment