Monday, 6 January 2020

അയോദ്ധ്യാകാണ്ഡം-78

അയോദ്ധ്യാകാണ്ഡം-78🌹
കൈകേയിയുടെ ഈ ഉറച്ച ഭാവം തികച്ചും അസാധാരണമെന്ന് തന്നെ പറയാം. അതു കൊണ്ടാണ് ഇത് നിയതിയാണെന്ന് പറയുന്നത്.
ദശരഥൻ പറഞ്ഞു രാമന്റെ കൂടെ എല്ലാ സൗകര്യങ്ങളും പോകണം സ്വർണ്ണവും ആനയും കുതിരയും എല്ലാം പോകട്ടെ കാട്ടിലേയ്ക്ക്. പിതാവേ എനിയ്ക്കിതൊന്നും വേണ്ട കാട്ടിൽ തപസ്സു ചെയ്യാൻ പോകുമ്പോൾ ഇതെല്ലാം എന്തിനാണ്. അങ്ങയുടെ അനുഗ്രഹം ഉണ്ടായിരുന്നാൽ മതി. ബാക്കിയെല്ലാം ഞാൻ നോക്കി കൊള്ളാം.
എല്ലാവരും മാറി മാറി കൈകേയിയോട് കൈ കൂപ്പി അപേക്ഷിട്ടും ഒരു മാറ്റവുമില്ല എന്നു മാത്രമല്ല മൂന്നു പേർക്കും മരവുരി കൊണ്ടു കൊടുത്തു. രാമനും ലക്ഷ്മണനും അതു ധരിച്ചു. സീത മാത്രം അതു എങ്ങനെ ധരിക്കണമെന്നറിയാതെ കുഴങ്ങി.🙄
അയോദ്ധ്യാവാസികളെല്ലാം വിലപിച്ചു. രാമൻ സീതയെ മരവുരി ധരിക്കാൻ സഹായിച്ചു കൊടുക്കവെ അതുവരെ ഒന്നും മിണ്ടാതെയിരുന്ന വസിഷ്ഠ മഹർഷി കോപത്തോടെ കൈകേയിയോടു പറഞ്ഞു രാമനെയല്ലേ കാട്ടിലേയ്ക്കയക്കേണ്ടു സീതയെന്തിനു പോകണം. സീത രാജ്ഞിയായി രാജ്യം ഭരിക്കട്ടെ. സീതയെന്തിന് മരവുരിയുടുക്കണം.
ഇതിന്റെയൊക്കെ ഇടയിൽ ലക്ഷ്മണൻ സുമിത്രാ മാതാവിനെ നമസ്കരിച്ച് അനുഗ്രഹം വാങ്ങുന്നു. ഒരിടത്ത് കൈകേയി വരം ചോദിച്ച് രാക്ഷസിയെ പോലെ നിൽക്കുന്നു മറ്റൊരിടത്ത് കൗസല്യ മോഹാലസ്യപ്പെട്ട് വീഴുന്നു സുമിത്രാ ദേവി മാത്രം ശാന്ത ഭാവത്തോടെ നിൽക്കുന്നു. അവർ ലക്ഷ്മണനോട് പറഞ്ഞു.
സൃഷ്ടസ്ത്വം വനവാസായ
സ്വനുരക്ത സുഹൃത്ജനേ
രാമേ പ്രമാദം ആകർഷീഹി
പുത്ര ഭ്രാതരി ഗച്ഛതി
ലക്ഷ്മണാ നിന്നെ വനവാസത്തിനു വേണ്ടി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാമനെ പരിചരിക്കുന്നതിൽ ഒരു കാരണവശാലും കുറവ് വരരുത്. രാമനെ പൊന്നു പോലെ നോക്കണം.
രണ്ടു നാളിന്റെ വിത്യാസം മാത്രമേ ഉള്ളു ലക്ഷ്മണന് രാമനുമായി എന്നോർക്കണം. 😊
ലക്ഷ്മണാ മാതാപിതാക്കൾ കൂടെയില്ല എന്ന വിചാരം വേണ്ട. അയോദ്ധ്യ വിട്ട് പോകുന്നു എന്ന വിചാരവും വേണ്ട.
രാമം ദശരഥം വിദ്ധി
രാമനാണ് പിതാവ്
മാം വിദ്ധി ജനകാത്മജാം
സീതയാണ് മാതാവ്
അയോദ്ധ്യാം അടവി വിദ്ധി
കാടാണ് അയോദ്ധ്യ
ഗച്ഛതാത യഥാ സുഖം
സന്തോഷമായി പോയി വരു. ഏത് മാതാവ് ചൊല്ലും ഇങ്ങനെ.😢
മലയാളത്തിൽ ഐതീഹ്യമാലയിൽ രാമായണത്തിലെ മുഖ്യ ശ്ലോകമായി പറയുന്നത് ഈ ശ്ലോകമാണ്.
സുമിത്രാ ദേവിയുടെ അനുഗ്രഹം വാങ്ങി അവർ പുറപ്പെട്ടു. സുമന്ത്രർ രഥത്തെ കൊണ്ടു വന്നു നിർത്തുന്നു. സീതയെ കൈ പിടിച്ച് രഥത്തിലേറ്റി രാമൻ. ഒരു വിനോദ സഞ്ചാരത്തിന് പോകുന്ന സന്തോഷത്തോടെ സീത രഥത്തിലേറി. രാമൻ ആരുടേയും മുഖത്തേയ്ക്ക് നോക്കിയില്ല. ലക്ഷ്മണനും കോപത്തോടെ രഥത്തിലേറി. രഥം നീങ്ങി തുടങ്ങവെ അയോദ്ധ്യാപുരി മുഴുവനും കരഞ്ഞു. അവരെല്ലാം രാമനു പിറകിലായി ഓടി.
തദത് സവാല വൃദ്ധാസാം
പുരി പരമ പീഡിതാം
രാമമേവാഭി ദുത്ദ്രാവാം
ഘർമ്മാർത്ഥ സലിലമ്യഥാ
രാമൻ പോകുന്നു എന്നറിഞ്ഞപ്പോൾ ദശരഥന് തീരെ നടക്കാൻ സാധിക്കാതെ വന്നു. ഉടുത്തിരിക്കുന്ന കച്ചയെല്ലാമഴിഞ്ഞ് തലമുടിയെല്ലാം വിരിഞ്ഞ് കിരീടമെല്ലാം താഴെ വീണ് ഇഴഞ്ഞും വലിഞ്ഞും പാതി ദൂരം ചെന്ന് താഴേക്ക് വീണു. കൗസല്ല്യാ ദേവിയും പൊട്ടി കരഞ്ഞുകൊണ്ട് നിലം പതിച്ചു. ഇതൊക്കെ കണ്ട് സഹിക്കാനാകാതെ സുമന്ത്രർ രഥം നിർത്താൻ ഭാവിച്ചതും രാമൻ നിർത്താതെ രഥം ഓടിച്ചോളു എന്ന് നിർദ്ദേശം നല്കി.

No comments:

Post a Comment