Monday, 6 January 2020

അയോദ്ധ്യാകാണ്ഡം-78

അയോദ്ധ്യാകാണ്ഡം-78🌹
കൈകേയിയുടെ ഈ ഉറച്ച ഭാവം തികച്ചും അസാധാരണമെന്ന് തന്നെ പറയാം. അതു കൊണ്ടാണ് ഇത് നിയതിയാണെന്ന് പറയുന്നത്.
ദശരഥൻ പറഞ്ഞു രാമന്റെ കൂടെ എല്ലാ സൗകര്യങ്ങളും പോകണം സ്വർണ്ണവും ആനയും കുതിരയും എല്ലാം പോകട്ടെ കാട്ടിലേയ്ക്ക്. പിതാവേ എനിയ്ക്കിതൊന്നും വേണ്ട കാട്ടിൽ തപസ്സു ചെയ്യാൻ പോകുമ്പോൾ ഇതെല്ലാം എന്തിനാണ്. അങ്ങയുടെ അനുഗ്രഹം ഉണ്ടായിരുന്നാൽ മതി. ബാക്കിയെല്ലാം ഞാൻ നോക്കി കൊള്ളാം.
എല്ലാവരും മാറി മാറി കൈകേയിയോട് കൈ കൂപ്പി അപേക്ഷിട്ടും ഒരു മാറ്റവുമില്ല എന്നു മാത്രമല്ല മൂന്നു പേർക്കും മരവുരി കൊണ്ടു കൊടുത്തു. രാമനും ലക്ഷ്മണനും അതു ധരിച്ചു. സീത മാത്രം അതു എങ്ങനെ ധരിക്കണമെന്നറിയാതെ കുഴങ്ങി.🙄
അയോദ്ധ്യാവാസികളെല്ലാം വിലപിച്ചു. രാമൻ സീതയെ മരവുരി ധരിക്കാൻ സഹായിച്ചു കൊടുക്കവെ അതുവരെ ഒന്നും മിണ്ടാതെയിരുന്ന വസിഷ്ഠ മഹർഷി കോപത്തോടെ കൈകേയിയോടു പറഞ്ഞു രാമനെയല്ലേ കാട്ടിലേയ്ക്കയക്കേണ്ടു സീതയെന്തിനു പോകണം. സീത രാജ്ഞിയായി രാജ്യം ഭരിക്കട്ടെ. സീതയെന്തിന് മരവുരിയുടുക്കണം.
ഇതിന്റെയൊക്കെ ഇടയിൽ ലക്ഷ്മണൻ സുമിത്രാ മാതാവിനെ നമസ്കരിച്ച് അനുഗ്രഹം വാങ്ങുന്നു. ഒരിടത്ത് കൈകേയി വരം ചോദിച്ച് രാക്ഷസിയെ പോലെ നിൽക്കുന്നു മറ്റൊരിടത്ത് കൗസല്യ മോഹാലസ്യപ്പെട്ട് വീഴുന്നു സുമിത്രാ ദേവി മാത്രം ശാന്ത ഭാവത്തോടെ നിൽക്കുന്നു. അവർ ലക്ഷ്മണനോട് പറഞ്ഞു.
സൃഷ്ടസ്ത്വം വനവാസായ
സ്വനുരക്ത സുഹൃത്ജനേ
രാമേ പ്രമാദം ആകർഷീഹി
പുത്ര ഭ്രാതരി ഗച്ഛതി
ലക്ഷ്മണാ നിന്നെ വനവാസത്തിനു വേണ്ടി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാമനെ പരിചരിക്കുന്നതിൽ ഒരു കാരണവശാലും കുറവ് വരരുത്. രാമനെ പൊന്നു പോലെ നോക്കണം.
രണ്ടു നാളിന്റെ വിത്യാസം മാത്രമേ ഉള്ളു ലക്ഷ്മണന് രാമനുമായി എന്നോർക്കണം. 😊
ലക്ഷ്മണാ മാതാപിതാക്കൾ കൂടെയില്ല എന്ന വിചാരം വേണ്ട. അയോദ്ധ്യ വിട്ട് പോകുന്നു എന്ന വിചാരവും വേണ്ട.
രാമം ദശരഥം വിദ്ധി
രാമനാണ് പിതാവ്
മാം വിദ്ധി ജനകാത്മജാം
സീതയാണ് മാതാവ്
അയോദ്ധ്യാം അടവി വിദ്ധി
കാടാണ് അയോദ്ധ്യ
ഗച്ഛതാത യഥാ സുഖം
സന്തോഷമായി പോയി വരു. ഏത് മാതാവ് ചൊല്ലും ഇങ്ങനെ.😢
മലയാളത്തിൽ ഐതീഹ്യമാലയിൽ രാമായണത്തിലെ മുഖ്യ ശ്ലോകമായി പറയുന്നത് ഈ ശ്ലോകമാണ്.
സുമിത്രാ ദേവിയുടെ അനുഗ്രഹം വാങ്ങി അവർ പുറപ്പെട്ടു. സുമന്ത്രർ രഥത്തെ കൊണ്ടു വന്നു നിർത്തുന്നു. സീതയെ കൈ പിടിച്ച് രഥത്തിലേറ്റി രാമൻ. ഒരു വിനോദ സഞ്ചാരത്തിന് പോകുന്ന സന്തോഷത്തോടെ സീത രഥത്തിലേറി. രാമൻ ആരുടേയും മുഖത്തേയ്ക്ക് നോക്കിയില്ല. ലക്ഷ്മണനും കോപത്തോടെ രഥത്തിലേറി. രഥം നീങ്ങി തുടങ്ങവെ അയോദ്ധ്യാപുരി മുഴുവനും കരഞ്ഞു. അവരെല്ലാം രാമനു പിറകിലായി ഓടി.
തദത് സവാല വൃദ്ധാസാം
പുരി പരമ പീഡിതാം
രാമമേവാഭി ദുത്ദ്രാവാം
ഘർമ്മാർത്ഥ സലിലമ്യഥാ
രാമൻ പോകുന്നു എന്നറിഞ്ഞപ്പോൾ ദശരഥന് തീരെ നടക്കാൻ സാധിക്കാതെ വന്നു. ഉടുത്തിരിക്കുന്ന കച്ചയെല്ലാമഴിഞ്ഞ് തലമുടിയെല്ലാം വിരിഞ്ഞ് കിരീടമെല്ലാം താഴെ വീണ് ഇഴഞ്ഞും വലിഞ്ഞും പാതി ദൂരം ചെന്ന് താഴേക്ക് വീണു. കൗസല്ല്യാ ദേവിയും പൊട്ടി കരഞ്ഞുകൊണ്ട് നിലം പതിച്ചു. ഇതൊക്കെ കണ്ട് സഹിക്കാനാകാതെ സുമന്ത്രർ രഥം നിർത്താൻ ഭാവിച്ചതും രാമൻ നിർത്താതെ രഥം ഓടിച്ചോളു എന്ന് നിർദ്ദേശം നല്കി.

അയോദ്ധ്യാകാണ്ഡം-81

വാല്മീകി രാമായണം🌹
🌻അയോദ്ധ്യാകാണ്ഡം-81🌻
ശ്രിംഗിപേര പുരത്തിലെ രാജാവാണ് നിഷാദൻ ഗുഹൻ. രാമൻ ദൂരെ ഒരു ഇൻഗുതി വൃക്ഷം അഥവാ ഓടൽ വൃക്ഷത്തെ കണ്ടു. വരു നമുക്കതിന്റെ ചോട്ടിൽ പോയി നിൽക്കാമെന്ന് രാമൻ പറഞ്ഞു.
അപ്പോൾ അവിടേയ്ക്ക് ശില്പി കൂടിയായ കാട്ടു രാജാവ് ഗുഹൻ അനുയായികളുമായി കടന്നു ചെന്നു. അദ്ദേഹം രാമനെ ഹൃദയപൂർവ്വം വരവേറ്റു.
സ്വാഗതം തേ മഹാ ബാഹോ
തവൈയം അഖിലാമഹി
വയം പ്രേഷ്യാ ഭവാൻ ഭക്താ
സാധുരാജ്യം പ്രശാതിന:
ഈ രാജ്യം ഞങ്ങൾ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ഞങ്ങൾ അങ്ങയാൽ ഭരിക്കപ്പെടേണ്ടവരാണ് ഭരിക്കേണ്ടവരല്ല. അവർ ഭക്ഷണം ഫലങ്ങൾ പാൽ കിടക്ക എന്നീ സാമഗ്രികൾ എല്ലാം കൊണ്ടു വന്നിരിക്കുന്നു.
രാമൻ ഗുഹനെ ആശ്ലേഷിച്ച് പറഞ്ഞു ആരാണ് ഇതു പോലെയൊക്കെ ചെയ്യുക. എനിക്കിതൊന്നും വേണ്ട. ലക്ഷ്മണൻ ഒരു ചേമ്പിലയിൽ ജലം കൊണ്ടു വന്നിരിക്കുന്നു. ഈ രാത്രി എനിക്ക് ഇത് മതിയാകും. ഈ കുതിരകൾ എന്റെ പിതാവിന് വളരെ പ്രിയപ്പെട്ടതാണ്. കുറേ ദൂരം ഓടി കിതച്ചു വന്നിരിക്കയാണ്. പറ്റുമെങ്കിൽ ഇവയ്ക്ക് അല്പം തീറ്റ കൊടുത്താലും.
രാമൻ ജലപാനം ചെയ്ത് തറയിൽ ദർഭ പായ വിരിച്ച് കിടന്നു. രാമനും സീതയും കിടന്നു ലക്ഷ്മണൻ ഉറങ്ങിയില്ല ഗുഹൻ ചൊല്ലി അങ്ങും കിടന്നോളു വൈക്കോൽ കൊണ്ട് കിടക്ക വിരിച്ചിരിക്കുന്നു.
ലക്ഷ്മണൻ ഗുഹനെ നിറകണ്ണുകളോടെ നോക്കി. അദ്ദേഹം പറഞ്ഞു ഞാൻ എങ്ങനെ ഉറങ്ങാനാണ്.
കഥം ദാസ രഥോ ഭൂമൗ
ശയാനേ സഹ സീതയാ
ആ മണ്ണിൽ കിടക്കുന്നത് ആരെന്ന് അറിയുമോ. അനേക സംവത്സരങ്ങൾ തപസ്സു ചെയ്ത് പുത്രകാമേഷ്ടി യാഗം ചെയ്ത് പിറന്ന എന്റെ ജ്യേഷ്ഠൻ. ലക്ഷ്മണൻ സ്വന്തം ഉത്പത്തിയും അങ്ങനെയായിരുന്നു എന്നത് മറന്നു കൊണ്ടാണ് ഇത് പറയുന്നത്. ജ്യേഷ്ഠനടുത്ത് വെറും മൺ തറയിൽ കിടക്കുന്നത് മിഥിലാ രാജകുമാരിയാണ് ഇത് കണ്ടു കൊണ്ട് ഞാൻ എങ്ങനെ ഉറങ്ങാനാണ്. ദേവാസുരൻമാരുടെ മുൻമ്പിൽ പോലും തോൽക്കാത്ത എന്റെ ജ്യേഷ്ഠൻ പിതാവിന്റെ വചനത്തെ മാനിച്ച് മാത്രമാണ് ഇപ്പോൾ ഈ തറയിൽ കിടക്കുന്നത്. രാത്രി മുഴുവൻ ലക്ഷ്മണൻ ഇങ്ങനെ ഓരോന്ന് പറഞ്ഞിരുന്നു.
എന്റെ പിതാവ് ഇതിനകം ദേഹം വെടിഞ്ഞിട്ടുണ്ടാകും കാരണം അദ്ദേഹത്തിന് രാമനെ പിരിഞ്ഞിരിക്കുന്നത് സഹിക്കാനാകില്ല.
പ്രഭാതമായി രാമൻ ലക്ഷ്മണനോട് പറയുന്നു.
ഭാസ്കരോദയ കാലോസീ
ഗതാ ഭഗവതി നിഷാം
അസൗസു കൃഷ്ണോ വിഹകഹ
കോകിലസ്ഥാത കൂജതി
ഒരു കറുപ്പു കുയിൽ മധുരമായി കൂജനം ചെയ്യുന്നു. കാട്ടിലല്ലേ ഇതെല്ലാം കേൾക്കാൻ സാധിക്കു. രാമൻ പറയുന്നു ഗംഗാ ജലത്തെ കുടിച്ച് അതിന്റെ ശബ്ദം എത്ര മനോഹരമായിരിക്കുന്നു. സൂര്യനുദിച്ചിരിക്കുന്നു ഭഗവതി രാത്രി പിന്നിട്ടിരിക്കുന്നു. ഭഗവാൻ സഹസ്ര കിരണങ്ങളോടെ ഉദിച്ചിരിക്കുന്നു. നമുക്ക് യാത്ര തുടരാം ലക്ഷ്മണാ.രാമൻ ഗുഹനോടു ഗംഗ കടക്കുന്നതിനായി ഒരു തോണി ആവശ്യപ്പെട്ടു.

അയോദ്ധ്യാകാണ്ഡം-82

വാല്മീകി രാമായണം🌹
🌷അയോദ്ധ്യാകാണ്ഡം-82🌷
തഥ സപ്രാഞ്ചലിർ ഭൂത്വാ
ഗുഹോ രാഘവം അബ്രവീത്
ഉപസ്ഥിതേയം നൗഹു ദേവ
ഭൂയ കിം കര വാണിതേ
പടക് കൊണ്ടു വന്നു നിർത്തിയിരിക്കുന്നു ഭഗവൻ ഞാൻ എന്താണിനി ചെയ്യേണ്ടത് ഗുഹൻ ആരാഞ്ഞു. സുമന്ത്രരെ നോക്കി രാമൻ പറഞ്ഞു അങ്ങ് തിരികെ പോകണം. പിതാവ് കാത്തിരിക്കുന്നുണ്ടാകും. സുമന്ത്രർ അതിന് തയ്യാറായില്ല. ഇല്ല രാമാ ഞാൻ നിങ്ങളുടെ കൂടെ വരാം. വനത്തിൽ ഞാൻ നിങ്ങൾക്ക് സഹായങ്ങൾ ചെയ്ത് തരാം. ഈ കുതിരകൾ അങ്ങയെ സേവിച്ച് പരമ പദത്തെ പ്രാപിക്കട്ടെ.
രാമൻ വീണ്ടും പറഞ്ഞു താങ്കൾ തിരിച്ചു പോയാൽ മാത്രമേ മാതാവ് കൈകേയിക്ക് സമാധാനമാകു .ഞങ്ങൾ കാട്ടിലേയ്ക്ക് പോയി എന്ന് വിശ്വസിക്കു. അല്ലാത്ത പക്ഷം മാതാവിന്റെ മനസ്സിൽ സംശയം നിലനില്ക്കുന്നതാണ്. ഇങ്ങനെ വളരെ ബുദ്ധിമുട്ടി സുമന്ത്രരെ തിരികെ പോകാൻ സമ്മതിപ്പിച്ചു രാമൻ.
മാനസ രാമായണത്തിൽ ഗുഹൻ രാമന് തോണിയിലേറുന്നതിനു മുൻമ്പായി വളരെ ഭക്തിയോടെ പാദ പ്രക്ഷാളനം ചെയ്യുന്നതായി പറയുന്നുണ്ട്. ലക്ഷ്മണനോട് ജഡ ധരിച്ചു കൊള്ളാൻ രാമൻ ആവശ്യപ്പെട്ടു അതിനായി കാട്ട് വൃക്ഷമായ നെഗ്രോത വൃക്ഷത്തിന്റെ പാല് എടുത്ത് തലയിൽ തേച്ച് ജഡ ധരിക്കുന്നു. സീതയെ നാവിലേറ്റി രാമനും പിറകെ ലക്ഷ്മണനും കയറി. തോണി അങ്ങനെ ഗംഗയിൽ ആടിയാടി പോകുന്നു. ഋക്ക് വേദത്തിൽ നിന്നുമുള്ള ദേവിനാവം എന്ന സൂക്തത്തെ ഭഗവാൻ ഗംഭീരമായ ശബ്ദത്തിൽ ജപം ചെയ്യുന്നു.
തോണിയിലിരുന്ന് ഗംഗയുടെ ഇരു വശവും നോക്കി ദേവിനാവം എന്ന സൂക്തത്തിലെ മന്ത്രങ്ങളെ ഋഷി തുല്യനായ രാമൻ ജപിച്ചു കൊണ്ടിരിക്കുന്നു. സീതയും ഗംഗയെ ആശ്ചര്യത്തോടെ നോക്കി നിന്നു. മനസ്സിൽ പ്രാർത്ഥിച്ചു അമ്മേ ദണ്ഡകാരണ്യത്തിൽ സൗഖ്യമായി പോയി തിരിച്ചു വരുമ്പോൾ ഞാൻ വിധി പ്രകാരം പൂജ ചെയ്യുന്നതാണ്. ബ്രാഹ്മണർക്ക് അനവധി പശുക്കളെ ദാനം ചെയ്യുന്നതാണ്. എന്നെ അനുഗ്രഹിക്കു കാനനത്തിൽ പോയി തിരിച്ചു വരുമ്പോൾ വിധി പ്രകാരം ആദരിക്കാം.
അക്കരെയെത്തി ഗുഹൻ അനുമതി വാങ്ങി പോകാനൊരുങ്ങവെ രാമൻ ലക്ഷ്മണനോട് പറയുന്നു. നീയും കൂടെ പൊയ്ക്കോളു ലക്ഷ്മണാ. മാതാവ് കൗസല്ല്യ വല്ലാതെ ദു:ഖിച്ചിരിക്കയാണ്. എന്നെ പോലൊരു മകൻ ആർക്കും ഉണ്ടാകരുത്. ഇത്രയധികം ദുഃഖം ഞാനമ്മയ്ക്കു നല്കിയല്ലോ.
ഇത് കേട്ട് ലക്ഷ്മണൻ പറഞ്ഞു എന്നോട് ഇങ്ങനെയൊന്നും പറയരുത് ജ്യേഷ്ഠാ. എന്നെ പരീക്ഷിക്കരുതേ. ഭരത ജ്യേഷ്ഠൻ നന്നായി നോക്കും മാതാവിനെ. അങ്ങയെ സേവിക്കുക എന്നത് മാത്രമാണ് എന്റെ ജീവിത ലക്ഷ്യം. എന്നെ അങ്ങിൽ നിന്ന് വേർപിരിക്കരുതേ. 🙏

അയോദ്ധ്യാകാണ്ഡം-83

വാല്മീകി രാമായണം🌹
🌷അയോദ്ധ്യാകാണ്ഡം-83🌷
രാമനും സീതയും ലക്ഷ്മണനുമാകുന്ന സംഘം കുറേ ദൂരം നടന്നു. ' തള് തള്' എന്ന ശബ്ദം കേട്ട് ദൂരേയ്ക്ക് നോക്കി. ഒരു വശം കറുത്ത ജലം കുതിച്ച് വരുന്നു ഒരു വശത്ത് ശുഭ്ര വർണത്തിൽ ജലം വരുന്നു. അത് ഗംഗയും യമുനയുമായി സംഗമിക്കുന്ന പ്രയാഗമാണ്. യമുന ഗംഗയിൽ വന്ന് ചേരുമ്പോൾ ഉള്ള അലയുടെ ശബ്ദം. പ്രയാഗ ദേശത്തെ നോക്കി
എത്ര ഭാഗീരതീം ഗംഗാം
യമുനാഭി പ്രവർത്തതേ
ജഗ് മുസ്തം ദേശ മുദ്ധിഷ്യ
ദിഗാഹ്യ സുമഹത് വനം
കാശിക്കടുത്തുള്ള കൊടും കാട്. നിബിഡമായ വന പ്രദേശം. ഇപ്പോഴൊന്നും അത്ര കാണാൻ സാധിക്കുന്നില്ല അത്തരം വനങ്ങൾ. നിറയെ പ്ലാശ് അഥവാ ചമത വൃക്ഷങ്ങൾ, ഇലന്ത പഴങ്ങൾ കായ്ച്ച് നിൽക്കുന്നു, നിറയെ മാമ്പഴം പിന്നെ ഒട്ടനേകം അപൂർവ്വമായ പഴങ്ങളും കുലച്ചു നിൽക്കുന്നു. കാട്ടിൽ മാത്രമുണ്ടാകുന്ന കാനന ഫലങ്ങൾ ഔഷധികൾ ഇതെല്ലാം രാമൻ സീതയ്ക്ക് കാണിച്ചു കൊടുത്തു കൊണ്ട് പോവുകയാണ്.
വനത്തിനുള്ളിൽ പോകെ പോകെ ലൗകിക ദുഃഖങ്ങളൊക്കെ മങ്ങി തുടങ്ങി. നിബിഡവനത്തിലൂടെ യാത്ര ചെയ്ത് അവർ ഭരദ്വാജന്റെ ആശ്രമത്തിലെത്തി. രാമൻ വരുന്നത് മുൻകൂട്ടി അറിഞ്ഞിരുന്നു ഭരദ്വാജർ.
രാമനെ സ്വാഗതം ചെയ്യാൻ ശിഷ്യരുമൊത്ത് പുറത്തേയ്ക്ക് വന്നു ഭരദ്വാജർ. മഹർഷിയെ കണ്ടാൽ
സപ് പ്രപിഷ്യ മഹാത്മാനം
ഋഷിം ശിഷ്യ ഗണെഹി വൃതം
സംശിതവ്രതം ഏകാഗ്രം
തപസാ ലബ്ദ ചക്ഷുഷം
ഹുതാഗ്നിഹോത്രം ദൃഷ്ട്വവ
മഹാഭാഗ ഹൃദാജ്ഞലിഹി
രാമ സൗമിത്രിണാസാർദ്ദം
സീതയാ ച അഭ്യവാതയത്
തപസ്സിനാൽ സുവർണ്ണ വർണ്ണത്താൽ ജ്വലിക്കുന്ന ദേഹം. യാതൊരു ചാപല്യവുമില്ലാത്ത ദൃഷ്ടി. തപസ്സിനാൽ ഉൾകണ്ണ് തുറന്നിരിക്കുന്നു എന്ന് കണ്ടാലേ അറിയും. അഗ്നിഹോത്രം ചെയ്ത് അഗ്നി പോലെ ജ്വലിച്ചു നിൽക്കുന്നു.
രാമൻ ലക്ഷ്മണനും സീതയോടും കൂടി സാഷ്ടാംഗം വീണ് നമസ്കരിച്ചു. ഞങ്ങൾ ദശരഥ പുത്രൻമാരെന്ന് പരിചയപ്പെടുത്തി.ഭരദ്വാജ മഹർഷി ചിരിച്ചു എത്ര നാളായി നിന്നെ കാത്തിരിക്കുന്നു. വനവാസത്തിനയച്ച കഥയെല്ലാം ഞാൻ അറിഞ്ഞിരിക്കുന്നു. ഈ ആശ്രമത്തിൽ കഴിയാം അതിനു വേണ്ട സൗകര്യങ്ങൾ ചെയ്തു തരാം.
രാമൻ പറഞ്ഞു ഞാൻ ഇവിടെ കഴിഞ്ഞാൽ എന്നെ കാണാൻ ജനങ്ങൾ വന്നു കൊണ്ടിരിക്കും. ആശ്രമത്തിലെ ശാന്തി നശിക്കും. അതിനാൽ ഇവിടെനിന്ന് അല്പം ദൂരത്ത് ഏകാന്തമായൊരിടം എനിക്കങ്ങ് കാട്ടി തരണം.
ഇവിടെ നിന്ന് ഒരു ദശക്രോഷം അകലെ പോയാൽ ഒരു പർവ്വതമുണ്ട്. അവിടെ വലിയ മഹർഷിമാർ തപസ്സു ചെയ്യുന്നുണ്ട്. അടുത്ത് തന്നെ നദിയുണ്ട്. കുരങ്ങും, കരടിയും, പുലിയുമെല്ലാമുള്ള ഇടമാണ്. ചിത്രകൂടം എന്നാണ് സ്ഥലത്തിന്റെ പേര്. ചിത്രകൂടം സാമാന്യമായി മനസ്സിന് സമാധാനം നല്കുന്ന ഒരിടമാണ്.

അയോദ്ധ്യാകാണ്ഡം-84

വാല്മീകി രാമായണം🌹
🌹അയോദ്ധ്യാകാണ്ഡം-84🌹
ഭരദ്വാജർ തുടർന്നു ചിത്രകൂടത്തിൽ ഒരു പാട് ഋഷിമാർ തപസ്സു ചെയ്യുന്നതിനാൽ സത്സംഗ ഭാഗ്യം ലഭിക്കും. ശാന്തിയുണ്ടാകും ,ഫലങ്ങൾ ധാരാളം ലഭിക്കും. അവിടെ മന്ദാകിനി നദി ഒഴുകുന്നുണ്ട്. ഇന്നിവിടെ കഴിഞ്ഞിട്ട് നാളെ അവിടേയ്ക്ക് പോകാം.
അടുത്ത ദിവസം ഭരദ്വാജർ തന്നെ ചിത്രകൂടം അവർക്ക് കാണിച്ചു കൊടുത്തു. രാമൻ ലക്ഷ്മണനോട് പറഞ്ഞു നോക്കു നമ്മൾ എന്ത് ഭാഗ്യവാന്മാരാണ് ഈ മഹർഷി നമ്മളോട് ഇത്രയും അനുകമ്പ കാട്ടുന്നല്ലോ. പോകുന്ന വഴിയിൽ ഭരദ്വാജർ വനത്തെ രാമന് കൂടുതൽ പരിചയപ്പെടുത്തുന്നു. ഓരോ വൃക്ഷവും ഏത് ജാതിയിൽ പെടുന്നു. ഔഷധ ചെടികളുടെ ഉപയോഗങ്ങൾ. ചില ഫലങ്ങൾ ഭക്ഷിച്ചാൽ ഉള്ള ഗുണ ദോഷങ്ങൾ. എല്ലാം വിവരിച്ചു കൊണ്ട് അവർ യാത്ര ചെയ്യുന്നു. സീത അവരുടെ പിറകിലായി നടക്കുന്നുണ്ട്. രാമൻ ലക്ഷ്മണനോട് പറഞ്ഞു സീത ഫലങ്ങളോ പൂവോ ചോദിച്ചാൽ പറിച്ചു കൊടുത്തേക്കു. ഒരു വലിയ നെഗ്രോത വൃക്ഷം നിൽക്കുന്നു.
തഥോ നെഗ്രോത മാസാദ്ധ്യ
മഹാന്തം ഹരി ദച്ഛതം
പരീതം ഭഹുഭിർ വൃക്ഷ്യേഹി
ശ്യാമം സിദ്ദോപ സേവിതം.
ആ വൃക്ഷത്തിനടുത്ത് ചെല്ലുമ്പോൾ ഒരു പ്രത്യേക അന്തരീക്ഷം സംജാതമാകുന്നു. എന്താണിങ്ങനെ അനുഭവപ്പെടുന്നത്. രാമൻ പറഞ്ഞു അവിടെ ധാരാളം സിദ്ദർ തങ്ങുന്നുണ്ട്. സീത അവരെ നമസ്കരിച്ചു. തസ്മിൻ സീതാജ്ഞലിം കൃത്വാ. അവിടെ നിന്ന് അല്പ ദൂരം പോയപ്പോൾ ചിത്രകൂടത്തിൽ പ്രവേശിച്ചു. വഴികാട്ടിയ ശേഷം മഹർഷി നമസ്കാരങ്ങൾ സ്വീകരിച്ച് അവരെ അനുഗ്രഹിച്ച് തിരിച്ച് യാത്രയായി.
അവിടെ കാളിന്ദി നദിയെ താണ്ടി പോകുന്നതിനായി ലക്ഷ്മണൻ കാട്ടിലെ തടി കഷ്ണങ്ങൾ കൊണ്ട് ഒരു തോണിയുണ്ടാക്കി. സീതയ്ക്ക് പിടിച്ചിരിക്കാൻ പ്രത്യേകമായ ഒരു ആസനം തയ്യാറാക്കി. രാമൻ കൗതുകത്തോടെ ലക്ഷ്മണന്റെ കര വിരുതുകൾ നോക്കി നിന്നു. രാമൻ സീതയെ കൈ പിടിച്ച് പടകിലിരുത്തുന്നു. അവർ തോണിയിൽ യാത്രയായി. കാളിന്ദി നദിയുടെ മദ്ധ്യത്തിൽ ചെന്നപ്പോൾ സീത കാളിന്ദിയെ നമസ്കരിച്ചു പ്രാർത്ഥിച്ചു.
സ്വസ്ഥി ദേവിതരാ നിത്വാം പാരയേന്മെ പതിവ്രതാം.
ഈ നദി തരണം ചെയ്യാൻ അനുഗ്രഹിക്കണേ. പതിവ്രതയായ ഞാൻ ദേവിയെ നമസ്കാരം ചെയ്യുന്നു. അക്കരെ ചെന്ന് ചിത്രകൂടത്തിലെ വനഭംഗി ആസ്വദിച്ചവർ യാത്ര ചെയ്യുന്നു .ഇവിടെ വച്ച് അവർ വാല്മീകി മഹർഷിയെ കാണുന്നു.
ചിത്രകൂട വനത്തിലൂടെ യാത്ര ചെയ്തപ്പോൾ രാമൻ സീതയ്ക്ക് കാണിച്ചു കൊടുക്കുന്ന മനം കുളിർക്കുന്ന ചില ദൃഷ്യങ്ങൾ വിവരിക്കുന്നു. സീതേ നോക്കു കുയിൽ കൂജനം ചെയ്യുന്നു, കൊക്കുകൾ ആകാശത്ത് പറന്നു പോകുന്നു, അവിടെ മലയുടെ ഒരു വശം മുഴുവനും മഞ്ഞ നിറത്തിലെ പുഷ്പങ്ങൾ പൂത്തു നിൽക്കുന്നു. അതിലേയ്ക്ക് സൂര്യ രശ്മികൾ തട്ടി മിന്നുന്നു. വനത്തിൽ അഗ്നി ബാധിച്ച പോലെ തോന്നിക്കുന്നു. കൊട്ടാരത്തിൽ ആയിരുന്നെങ്കിൽ ഈ മനോഹാരിത കാണാൻ സാധിക്കുമായിരുന്നോ.
സീതാം കമല പത്രാക്ഷിം
ഇതം വചനം അബ്രവീത്
പശ്യത് ദ്രോണ പ്രമാണാനി
ലംബമാനാണി ലക്ഷ്മണ
ഒരു വൃക്ഷത്തിന്റെ ചില്ലയിൽ നിന്ന് മനുഷ്യനേക്കാൾ വലിയ ഒരു തേനീച്ച കൂട് തൂങ്ങി കിടക്കുന്നു. രാമൻ അത് ലക്ഷ്മണനും സീതയ്ക്കും കാണിച്ചു കൊടുത്തു. ഒരു മയിൽ ഒരു ദിശയിൽ നോക്കി കൂകുന്നു മറ്റൊരു മയിൽ എതിർദിശയിൽ നിന്ന് മറുപടിയായി കൂകുന്നു.ആനകൾ കൂട്ടമായി നടന്നു പോകുന്നു. ഇതെല്ലാം ആസ്വദിച്ച് അവർ വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ എത്തി ചേരുന്നു.

അയോദ്ധ്യാകാണ്ഡം-85

🍂വാല്മീകി രാമായണം🍂
🌲അയോദ്ധ്യാകാണ്ഡം-85🌲
സന്തോഷത്തോടെ വാല്മീകി രാമനെ ആലിംഗനം ചെയ്തു .പൂജയും സത്കാരവും ചെയ്ത് കുശല പ്രശ്നങ്ങൾ ചോദിച്ചു. രാമൻ ചോദിച്ചു വാല്മീകിയോട് ഇവിടെ എവിടെയാണ് തങ്ങാൻ പറ്റിയ സ്ഥലം. ഈ സന്ദർഭത്തിൽ അദ്ധ്യാത്മ രാമായണത്തിലെ ചില ശ്ലോകങ്ങൾ നോക്കുന്നത് ഉചിതമാകും.
ത്വമേവ സർവ്വ ലോകാനാം നിവാസ സ്ഥാനം ഉത്തമം.
തവാഭി സർവ്വ ഭൂതാനി നിവാസ സദനാനിഹി
ഏവം സാധാരണം സ്ഥാനം ഉത്തം തേ രഘു നന്ദന
സീതയാ സഹിതസ്യേതി വിശേഷം വൃച്ഛതസ്ഥവ
ഈ പ്രപഞ്ചത്തിൽ മുഴുവനും നീ പരന്നു കിടക്കുന്നു. ഇതു തന്നെ നിന്റെ വാസ സ്ഥാനം. രാമൻ ചിരിച്ചു ഞാൻ തങ്ങാൻ ഒരിടം ചോദിച്ചപ്പോൾ അങ്ങ് വേദാന്തം പറയുകയാണല്ലോ.
തദ് വക്ഷ്യാമി രഘു ശ്രേഷ്ഠ
യത്തേ നിയത മന്ദിരം.
വാല്മീകി പറഞ്ഞു തങ്ങാനൊരിടമെങ്കിൽ ഞാനൊരു വീട് പറയാം.
ശാന്താനാം സമദൃഷ്ടിനാം അദ്വൈഷ്ട്ര്നാം ചചന്ദുഷു
ത്വാമേവ ഭജതാം നിത്യം ഹൃദയം തേതി മന്ദിരം
ആരാണോ ശാന്തരായിരിക്കുന്നത് .ആരാണോ സമബുദ്ധിയായി ഇരിക്കുന്നത് .ആരാണോ ആരേയും വെറുക്കാതെ സാധുക്കളായിരിക്കുന്നത്. ആരാണോ സദാ ഭക്തിയിൽ മുഴുകിയിരിക്കുന്നത്. അവരുടെ ഹൃദയമാണ് രാമാ അങ്ങയുടെ ഉത്തമമായ വാസസ്ഥലം.
ധർമ്മാധർമ്മാൺ പരിതജ്യ
ത്വാമേവ ഭജതോനിഷം
സീതയാ സഹതേ രാമ
തസ്യ ഹൃത് സുഖ മന്ദിരം
ധർമത്തേയും അധർമ്മത്തേയും താണ്ടി ആത്മനിഷ്ഠരായി ഇരിക്കുന്ന സാധുക്കളുടെ ഹൃദയത്തിൽ രാമാ നിന്റെ ചിത് ശക്തിയായ സീതാ സമേതം സുഖമായി പോയി വസിച്ചാലും. എല്ലാവരുടേയും ആത്മാവായ രാമാ നിന്റെ നാമത്തെ ജപിച്ച് നിസ്പൃഹരായി കഴിയുന്ന ഭക്തരുടെ ഹൃദയത്തിൽ വസിച്ചാലും. ഇങ്ങനെ ഒട്ടനേകം ശ്ലോകങ്ങളിലൂടെ വാല്മീകി രാമനെ കീർത്തിക്കുന്നു.
ഭരദ്വാജ മഹർഷി രാമനെ ദർഷിക്കുന്നതു മുതലാണ് വാസിഷ്ഠ രാമായണം തുടങ്ങുന്നത്. ഏതു നിലയിലും കലങ്ങാതെ ഇരിക്കുന്ന മനസ്സാണ് ജ്ഞാനിയുടെ ലക്ഷണം. രാമായണത്തിൽ മുഴുവനും വാസിഷ്ഠത്തിലുള്ള ജ്ഞാനം പരന്നു കിടക്കുന്നു. ജ്ഞാനികൾ ജ്ഞാനത്തെ പറഞ്ഞ് മാത്രമല്ല അറിയിക്കുന്നത്. ഒന്നും പറയാതെ ആരുടെ സന്നിധിയിലാണോ നമുക്ക് ഈ ജ്ഞാനത്തെ അറിയാൻ സാധിക്കുന്നത് അങ്ങനെയുള്ളവൻ പറഞ്ഞാൽ മാത്രമേ പ്രയോജനപ്പെടു. രമണ ഭഗവാനെ കണ്ടവരെല്ലാം പറഞ്ഞതും ഇതു തന്നെ. പോൾ ബ്രൻട്ടൻ രമണ ഭഗവാനെ കുറിച്ച് പറഞ്ഞതിങ്ങനെ His Silence is more eloquent than his speech.
അദ്ദേഹം സംസാരിച്ചതേയില്ല. ഒരു പക്ഷേ സംസാരിച്ചിരുന്നുവെങ്കിൽ അദ്ദേഹം തന്നെ ആ മൗനത്തെ ഭജ്ഞിക്കുന്ന ഒരു സ്ഥിതി വന്നേനെ .അങ്ങനെയുള്ള ഒരു മൗനമാണത്. വെറും വാക് മൗനമല്ല ,ജഡമായ മൗനമല്ല ,stoic silence അല്ല അത്. ജഡമായ മൗനത്തിൽ ഒന്നും കൈ മാറുന്നില്ല. വാക്കുകൾ പോലും അല്പം മാത്രമേ ആശയ വിനിമയം ചെയ്യുന്നുള്ളു. മൃഗങ്ങൾ അവരുടെ ആവശ്യങ്ങൾ പല പല ശബ്ദങ്ങൾ പുറപ്പെടുവിച്ച് നമ്മെ അറിയിക്കുന്നുണ്ട്. ഭാഷയാകുന്ന മാദ്ധ്യമം മനുഷ്യരുടെ ഇടയിൽ സജീവമാണ് എന്നാൽ അതും പരിമിതമാണ്. ജ്ഞാനികൾക്ക് ഭാഷ വളരെ അപക്വമായ ഒരു മാദ്ധ്യമമാണ്. എന്നാൽ നമുക്കതിനെ ആശ്രയിക്കാതെ വയ്യതാനും.

Sunday, 29 December 2019

രാമായണ കഥ

രാമായണ കഥ




ശ്രീരാമന്റെ ജീവിതത്തെ ആസ്പദമാക്കി വാല്മീകി രചിച്ച ഇതിഹാസ കഥയാണു രാമായണം. രാമായണം ആദികാവ്യവും അതെഴുതിയ വാല്മീകി ആദികവിയുമാണ്. 'രാമന്റെ അയനം' (അയനം = യാത്ര) ആണു രാമായണം. ശ്രീരാമന്റെ ജീവിതയാത്രയാണിത്‍. ഏഴു കാണ്ഡങ്ങളിലായാണ് രാമായണകഥ പ്രതിപാതിച്ചിരിക്കുന്നത്‍. അവ യഥാകൃമം, ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‍കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ്. ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാല്മീകീരാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ 1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരമയണമെന്ന വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍ സമ്പുഷ്‍ടമാണ് ഈ കൃതി. അതുകൊണ്ടുതന്നെയാണിത്‍ നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.

പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണം പകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുള്ള നാമങ്ങളാണ്. ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്‍കൃതത്തിലൊതുങ്ങിനിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി. രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌ ഗംഗാനദിയിലെ വെള്ളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്. അതുകൊണ്ടൊക്കെത്തന്നെയാണു ഭാരതീയ ഏകതയുടെ പ്രതീകമായി രാമയണത്തെക്കാണുന്നത്.

ഇതിഹാസകഥാപാത്രമായെ ശ്രീരാമനെ രാഷ്ട്രീയക്കാര്‍‍ അവരുടെ സ്വകാര്യനേട്ടങ്ങള്‍‍ക്കുവേണ്ടി ഉപയോഗിച്ചുതുടങ്ങിയതോടെ ശ്രീരാമനെന്നുച്ചരിക്കുന്നതു തന്നെ അല്പം പേടിയോടെയാണ്. ഭൂരിപക്ഷം വരുന്ന ആളുകളുടെ മനസ്സിലെ വികാരമാണ് ശ്രീരാമചന്ദ്രന്‍‍‍‍. ആ വികാരത്തെ കൂട്ടുപിടിച്ച്, ജനങ്ങളില്‍‍‍ വര്‍ഗീയത വളര്‍‍‍ത്തി പള്ളിപൊളിക്കാനും അമ്പലംകെട്ടാനും ഇറങ്ങിത്തിരിക്കുന്നവര്‍‍‍ മനസ്സറിഞ്ഞൊരിക്കലെങ്കിലും രാമായണം വായിച്ചിരുന്നെങ്കിലെന്നാശിക്കുന്നു. ധര്‍മ്മപ്രബുദ്ധനായ ഒരു ഭരണാധികാരി ഭരിക്കുന്ന രാജ്യമാണ് 'രാമരാജ്യം'. 'യഥാ രാജ: തഥാ പ്രജ:'(രാജാവെങ്ങനെയാണോ അതുപോലെത്തന്നെ പ്രജകളും) എന്നതാണു രാമരാജ്യതത്ത്വം. രാജാവ്‍ ധര്‍മിഷ്‍ഠനും നല്ലവനുമായാല്‍‍ ജനങ്ങളും അങ്ങനെ ആയിമാറിക്കൊള്ളും. പ്രജകള്‍‍ രാജാവിന്റേയും രാജാവ് പ്രജകളുടേയും ക്ഷേമതല്പരരായിരിക്കും. വാല്മീകിയുടെ തന്നെ വാക്കുകളില്‍‍‍ 'എവിടെ കാമമോഹിതരില്ലയോ, എവിടെ വിദ്യാവിഹീനരില്ലയോ, എവിടെ ക്രൂരബുദ്ധികളില്ലയോ, എവിടെ ഈശ്വരനിന്ദകരില്ലയോ അവിടെയാണ് രാമരാജ്യം' അല്ലാതെ ആറടികുറുവടിയുടെ മിടുക്കില്‍‍ ആരാധനാലയങ്ങളെ തച്ചുടുച്ച്, പച്ചജീവിതങ്ങളെ ചുട്ടെരിച്ചുകെട്ടിപടുക്കേണ്ടതല്ല രാമരാജ്യം.കോടികളുടെ കോഴപ്പണത്താലുണ്ടാവേണ്ട നാണംകെട്ട രാഷ്‌ട്രീയകൂട്ടുകെട്ടുമല്ല രാമരാജ്യം. ഏതൊരു വിപരീതസാഹചര്യത്തിലും സത്യത്തിന്റേയും ധര്‍‍മ്മത്തിന്റേയും മാര്‍‍‍ഗത്തില്‍‍നിന്നു വ്യതിചലിക്കതെ മുന്നേറിയ ശ്രീരാമചന്ദ്രന്റെ ജിവിതം ഏവര്‍‍ക്കും ഒരു വഴികാട്ടിയാണ്; ആദര്‍‍ശമാണ്.