Wednesday, 16 October 2019

രാമായണം

രാമായണം ഗദ്യം

ദണ്ഡകാരണ്യം💧
ചിത്രകൂട പര്‍വതത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് ഇനിയും ആളുകള്‍ വരുമെന്നതിനാല്‍ മാറ്റോരു സ്ഥലത്തേക്ക് മാറാന്‍ രാമന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം ഏതെന്നറിയാന്‍ സീതാരാമ ലക്ഷ്മണന്മാര്‍ ഭരദ്വാജമുനിയുടെ ആശ്രമത്തിലാണ് എത്തിയത്. ഭരദ്വാജ മുനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദണ്ഡകാരണൃത്തിലേക്ക് പുറപ്പെട്ടത്.
അന്നുരാത്രി പഴങ്ങള്‍ കൊണ്ടുള്ള അത്താഴം കഴിച്ച് രാമന്‍ പറഞ്ഞു.' നമ്മള്‍ ഇനി ചിത്രകൂടത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് വല്ലവരുമൊക്കെ കാണാന്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ മാറി താമസിക്കാം. വനവാസത്തിനാണല്ലോ പുറപ്പെട്ടത്.വിജനവും ഏകാന്തവും വൃക്ഷനിബിഡവും കാട്ടുമൃഗങ്ങളുടേയുംരാക്ഷസന്മാരുടേയും താമസസ്ഥലവുമായ ദണ്ഡകാരണ്യത്തിലേക്ക് പോകാം. താമസിക്കാന്‍ പറ്റിയ സ്ഥലം ഏതെന്ന് ചോദിക്കാന്‍ ഭരദ്വാജമുനിയുടെ അടുത്തേക്ക് ഉടന്‍ പോകാം''
മൂവരും ഭരദ്വാജ ആശ്രമത്തിലെത്തി. ദണ്ഡകാരണ്യത്തെക്കുറിച്ച് രാമന്‍ ചോദിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു.' ചിത്രകൂടം പോലെ നിര്‍ഭയമായി വസിക്കാനുതകിയ സ്ഥലമല്ല ദണ്ഡകാരണ്യം. ഗോദാവരീ തീരത്ത് ജനസ്ഥാനം എന്ന പ്രദേശമുണ്ട്. അവിടെ കുറെ മുനിമാര്‍ ആശ്രമം കെട്ടി താമസിക്കുന്നുണ്ട്. പല ഋഷിമാരേയും രാക്ഷസന്മാര്‍ പിടിച്ചു തിന്നിട്ടുള്ളതിനാല്‍ കുറെ ആശ്രമങ്ങള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. അതിനാല്‍ പര്‍ണശാല പണിയാതെ അതിലൊന്നി്ല്‍ താമസമുറപ്പിക്കാം. എപ്പോഴും രാക്ഷസരുടെ ഉപദ്രവം കാത്ത് ഒതുങ്ങിയിരിക്കണമെന്നുമാത്രം. രാവണന്റെ ചെറിയച്ഛന്റെ മക്കളായ ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്നിവരുടെ നിയന്ത്രണത്തിലാണ് ജനസ്ഥാനം. മഹാബലന്മാരായ അവരെ സകലര്‍ക്കും പേടിയാണ്.എല്ലാം മനസ്സിലാക്കിയിട്ടുമതി അവിടേയ്ക്ക് യാത്ര'
ഭരദ്വാജമുനി പറഞ്ഞതു കേട്ടിട്ടും രാമന്‍ ല്ക്ഷ്മണനോടും സീതയോടും ഒന്നിച്ച് ദണ്ഡകാരണ്യത്തിലേക്ക് പുറപ്പെട്ടു
ലോകത്തില്‍ തന്നെ ഏറ്റവുമധികം ധാതു സമ്പത്തുള്ള പ്രദേശങ്ങളാണ് ദണ്ഡകാരണ്യമേഖല. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളും ഒറീസയുടെയും ബംഗാളിന്റെയും പടിഞ്ഞാറന്‍ പടിഞ്ഞാറന്‍ മേഖലയിലെ ചില ഗ്രാമങ്ങളുമൊക്കെ ഉള്‍പ്പെട്ട പ്രദേശം. പഴയ ബസ്തര്‍ ജില്ലയും സമീപപ്രദേശങ്ങളുമാണ് ദണ്ഡകാരണ്യം എന്നറിയപ്പെടുന്നത്. ഛത്തീസ്ഗഢ് സംസ്ഥാനമാകുന്നതിനു മുമ്പ് മധ്യപ്രദേശിന്റെ ഭാഗമായിരുന്ന ബസ്തര്‍ ജില്ല വിഭജിച്ചാണ് ദന്തേവാഡ,കാങ്കര്‍ എന്നീ പുതിയ ജില്ലകള്‍ കൂടി ഉണ്ടാക്കിയത് .ബസ്തര്‍ മാവോവാദികളുടെ ആസ്ഥാനങ്ങളിലൊന്നായിട്ട് നാലു പതിറ്റാണ്ടായി. ആയിരക്കണക്കിനു വര്‍ഷങ്ങളായി സമ്രാട്ടുകളുടെയൊന്നും കണ്ണെത്താതെ കിടന്ന വിശാല വനമേഖലയാണ് ബസ്തര്‍. വനങ്ങളും വനങ്ങള്‍ക്കു പുറത്ത് ആദിവാസി ഗോത്രജനവിഭാഗങ്ങളുടെ ചെറിയ ഗ്രാമങ്ങളും വിശാലമായ നെല്‍പ്പാടങ്ങളും.
aa
ചരിത്രത്തിലിടം നേടിയ വലിയ പടയോട്ടങ്ങളോ നഗരനിര്‍മാണങ്ങളോ ജനപദരൂപീകരണങ്ങളോ ഒന്നും ഉണ്ടായിട്ടില്ലാത്ത വിശാലപ്രദേശങ്ങള്‍. ബസ്തര്‍ ജില്ലയുടെ ആസ്ഥാനമായ ജഗദാല്‍പൂരിലേക്ക് ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 12 മണിക്കൂര്‍ ബസില്‍ സഞ്ചരിക്കണം.
ജടായുവിന്റെ രാജധാനിയായിരുന്നു പോലും ഈ സ്ഥലം. രാവണന്‍ സീതയെ പുഷ്പക വിമാനത്തില്‍ അപഹരിച്ചു കൊണ്ട് പോയപ്പോള്‍ ഇവിടെ നിന്നാണ് രാവണനെ നേരിടാന്‍ ജടായു പറന്നുയരുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ചിറകറ്റു ഭൂമിയില്‍ പതിച്ചതും. നാസിക്കിനടുത്ത് എവിടെയോ ആണത്രേ ജടായു വീണത്. കേരളത്തില്‍ ചടയമംഗലത്താണെന്ന വിശ്വാസവുമുണ്ട്.
ബസ്തറിലെ ഏറ്റവും മികച്ച കാഴ്ച ചിത്രകൂടം വെള്ളച്ചാട്ടമാണ്. ഇന്ദ്രാവതി നദിയിലെ ഈ വെള്ളച്ചാട്ടം സൗന്ദര്യത്തിന്റെ കാര്യത്തില്‍ ലോകത്തുതന്നെ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ് ചിത്രകൂട് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. .ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമാണിത്. ഇടതൂര്‍ന്ന വനങ്ങള്‍ ചുറ്റുമുള്ള പ്രകൃതി മനോഹരമായ സ്ഥലത്താണ് വെള്ളച്ചാട്ടം 95 അടി മുകളില്‍ നിന്നാണ് നദിയിലെ വെള്ളം താഴേക്ക് പതിക്കുന്നത്. . വിവിധ കാലങ്ങള്‍ക്കനുസരിച്ച് വെള്ളച്ചാട്ടത്തിന്റെ വീതി വ്യത്യാസപ്പെടാറുണ്ട്.. നദിയിലെ വെള്ളം ഇരുകരകളും നിറഞ്ഞൊഴുകുന്ന വര്‍ഷകാലമാണ് ചിത്രകൂട വെള്ളച്ചാട്ടം കാണാന്‍ ഏറ്റവും മനോഹരം ഒരു ശിവക്ഷേത്രവും അവിടെയുണ്ട്. അടുത്തുതന്നെ സീതാദേവി കുളിച്ചിരുന്നു എന്നു കരുതുന്ന സീതാകുണ്ഡ്. കാണാനാകും. കോട്ടി മഹേശ്വര്‍ ഗുഹകളാണ് മറ്റൊരു മനോഹരകാഴ്ച. പ്രകൃതി സ്വയം സൃഷ്ടിച്ച നിരവധി ശിവരൂപങ്ങല്‍ കാണാന്‍ കഴിയും എന്നതാണ് ഇവിടുത്തെ പ്രത്യേകത. കാട്ടിനുള്ളിലെ ഈ ഗുഹകളില്‍ രാമന്‍ എത്തിയിരുന്നു. ബസ്തറിനു സമീപ ജില്ലയായ കാങ്കറില്‍ രാമന്‍ പൂജചെയ്തിരുന്നത് എന്നു കരുതുന്ന ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവും കാണാനാകും. ചുറ്റും കല്ലുപാകിയ കുഴിയില്‍ ശിവലിംഗമാണ് പ്രതിഷ്ഠ.ഇവിടെ വച്ചാണ് രാമന്‍ ഗര്‍ഗ മുനിയെ കണ്ടത്. റായിപൂരിലാണ് ഗര്‍ഗമുനിയുടെ ആശ്രമം. എതിരാളികളുടെ ആയുധങ്ങള്‍ നിഷ്പ്രഭമാക്കാന്‍ രാമനെ മുനി പഠിപ്പിച്ചത് ഇവിടെ വെച്ചാണ്. രാമന്‍ മഹാനദി മറികടന്നതും ഇവിടെയാണ്.
ഛത്തീസ്ഗഢിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ദന്തേശ്വരി. സീതാദേവിയുടെ പല്ല് പൊഴിഞ്ഞുവീണിടത്താണ് ദന്തേശ്വരീ ക്ഷേത്രം. അമ്പലത്തിലേക്കുള്ള നടവഴിയിലൊരിടത്ത് പാറയില്‍ പതിഞ്ഞ സീതാദേവിയുടെ കാല്‍പ്പാദം കാണാം. മരപ്പട്ടകള്‍ കൊണ്ട് ചുവരുകള്‍ തീര്‍ത്ത് ചെറിയൊരെടുപ്പ്. അതിനുള്ളിലെ സാമാന്യം വലിയ ഒരു ഹാള്‍. അത്രയേയുള്ളൂ ക്ഷേത്രം. ദന്തേശ്വരീ ക്ഷേത്രമുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് ദന്തേവാഡ എന്നു പേരു വന്നത്. മാവോവാദികളുടെ ആക്രമണങ്ങളും ചെറുത്തു നില്പുകളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധി നേടിയ ദന്തേവാഡ മലനിരകളും മനോഹരങ്ങളായ ഭൂപ്രദേശങ്ങളുമുള്ള ഭംഗിയുള്ള നഗരമാണ് . ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഭൂതകാലത്തെ കുറിച്ച് പറയുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്
റായ്പൂരിലെ നാഗറിലുള്ള സപ്ത ഋഷി ആശ്രമവും രാമയാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരവധി മഹര്‍ഷിമാരുമായി ബന്ധപ്പെട്ട ഇവിടെ രാമന്‍ എത്തിയിരുന്നു.. സീതാദേവി ശിവപൂജ നടത്തിയിരുന്നത് എന്നു വിശ്വസിക്കുന്ന കുലേശ്വര്‍ നാഥക്ഷേത്രം, ശ്രീരാമന്‍ മഹാവിഷ്ണുവിനെ പൂജിച്ചിരുന്ന രാജീവ്‌ലോചനന്‍ ക്ഷേത്രം, ആയുധങ്ങള്‍ കഴുകിയ സാരംഗി അരുവി, മാണ്ഡവ്യമുനിയെ കണ്ട ആശ്രമം തുടങ്ങി രാമയണവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങള്‍ റായിപൂരിലുണ്ട്. ഗിഥോരിയിലുള്ള വലിയ ആല്‍മരത്തിന്റെ കീഴില്‍ സീതാ രാമ ലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്നു. വിശ്രമ വട് ( വട്- ആല്‍) എന്നാണിത് അറിയപ്പെടുന്നത്.
കൊരിയ ജില്ലയില്‍ നേര്‍ രേഖയില്‍ എന്നതുപോലെ സ്ഥിതിചെയ്യുന്ന മൂന്ന് ക്ഷേത്രങ്ങള്‍ സീതാദേവിയുമായി ബന്ധപ്പെട്ടതാണ്. ജനകപൂരില്‍ മംബായി നദീതീരം, ഛട്ടോര നെരൂര്‍ നദിക്കര എന്നിവിടങ്ങളില്‍ സീത ഭക്ഷണം പാകം ചെയ്തിരുന്നിടത്തും റാപ നദിക്കരിയില്‍ സീത ശിവപൂജ നടത്തിയ സ്ഥലത്തും ആണ് ഈ ക്ഷേത്രങ്ങള്‍.
രായിഘട്ട് ജില്ലയിലെ സിംഗ്പൂരിലെ രാംധാര പ്രസിദ്ധമാണ്. സീതാ രാമ ലക്ഷ്മണന്മാര്‍ ഇവിടെ സ്‌നാനം ചെയ്തിരുന്നു. എല്ലാക്കാലാത്തും ജലനിരപ്പ് ഒരേ നിലയിലായിരിക്കും എന്നതാണ് രാംധാരയുടെ പ്രത്യേകത.
ഒറീസയിലെ ഏറ്റവും പ്രധാന രാമായണ ചിഹ്നം മല്‍ഖാന്‍ ഗിരി ഗുപ്‌തേശ്വരമാണ്. ഇവിടെ ഉള്‍വനത്തിലെ വലിയ ഗുഹകാണാന്‍ നല്ല തിരക്കാണ്. ശിവ സാന്നിധ്യം എപ്പോഴും ഉണ്ട് എന്നു കരുതുന്ന ഇവിടെ രാമന്‍ പൂജ നടത്താനെത്തിയിരുന്നു. തൊട്ടടുത്തുതന്നെ രാമഗിരി മലയുണ്ട്. അതിനടിവാരത്താണ് സീത കുളിച്ചിരുന്ന അമ്മ കുണ്ഡ്. പ്രത്യേക തരം മീനുകള്‍ കുളത്തിലെ പ്രത്യേകതയാണ്. സീത പരിപാലിച്ചിരുന്ന മീനുകള്‍ എന്നതാണ് വിശ്വാസം. ഇവിടെ നിന്ന് കുറച്ചകലെ ഖൈയാര്‍ പുടിലും സീത കുളിച്ചിരുന്നത് എന്നു കരുതുന്ന കുളമുണ്ട്. സീത ഉപയോഗിച്ചിരുന്നത് എന്ന സങ്കല്‍പത്തില്‍ ഒരു വാളും ഇവിടെ ആരാധിക്കുന്നു.
യഥാര്‍ത്ഥ കിഷ്‌കിന്ഡ എന്ന് ഒറിയക്കാര്‍ വിശേഷിപ്പിക്കുന്ന സ്ഥലമാണ് മല്‍ഖാന്‍ ഗിരി. ശ്രീരാമന്‍ പൂജിച്ചത് എന്നു കരുതുന്ന പടുകൂറ്റന്‍ ശിവലിംഗമാണ് ആകര്‍ഷകം. അടുത്ത് മോട്ടു എന്ന സ്ഥലത്ത് സ്വയംഭൂവായ സീത, രാമന്‍ , ലക്ഷ്മണന്‍, ശിവന്‍, ഗണപതി എന്നീ വിഗ്രഹങ്ങള്‍ കാണാം. ഇവിടെ ക്ഷേത്രം പണിയാന്‍ ശ്രമിച്ചപ്പോഴൊക്കെ ചുമന്ന സര്‍പ്പങ്ങലെ കണ്ടാതിനാല്‍ പിന്‍തിരിയുകയായിരുന്നു.
ശബരി, ഗോദാവരി നദികളുടെ സംഗമസ്ഥാനമായ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ കോണവാരത്ത് രാമന്‍ താമസിച്ചിരുന്നു. പര്‍ണശാല ഇപ്പോഴും കാണാനാകും. നിസാമബാദിലെ ബസര്‍ ശ്രീരാമക്ഷേത്രവും കരിം നഗരിലെ ഇലേന്ദകുന്ത രാമക്ഷേത്രവും ആന്ധ്രപ്രദേശിലെ രാമയാണ സ്പര്‍ശമുള്ള ക്ഷേത്രങ്ങളാണ്..🙏🏻
പി.ശ്രീകുമാർ
തുടരും









രാമന്റെ വഴിയേ.......📖
_💧ചിത്രകൂടം💧
ഗംഗാനദി കടന്ന് മനോഹരമായ വനപ്രദേശത്തിലൂടെ യാത്രചെയ്ത രാമനും ലക്ഷമണനും സീതയും രാത്രി തങ്ങുവാനായ് വലിയ വൃക്ഷത്തിന്റെ ചുവട് തിരഞ്ഞെടുത്തു. സൂര്യനുദിച്ചപ്പോള്‍ ഗംഗ യമുനയുമായി ചേരുന്ന ദിക്കുനോക്കിയായി അവരുടെ യാത്ര. ഒടുവില്‍ ഗംഗാ യമുനാ സംഗമസ്ഥാനത്തിന് അടുത്ത് ഭരദ്വാജമുനിയുടെ ആശ്രമത്തില്‍ എത്തി. മുനി മൂവരേയും യഥോചിതം സ്വീകരിച്ച് സല്‍ക്കരിച്ചു. രാമന്‍ അദ്ദേഹത്തോട് ജനങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കാത്ത അത്രയും ഉള്ളിലേക്ക് പര്‍ണ്ണശാല കെട്ടി താമസയോഗ്യമായ ഒരു വനപ്രദേശം പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മുനി ഭരദ്വാജന്‍, ചിത്രകൂടത്തെക്കുറിച്ച് രാമനോട് പറഞ്ഞു. ''ഇവിടെനിന്നും അകലെ പുണ്യമായ ഒരു പര്‍വ്വതമുണ്ട്. ചിത്രകൂടമെന്ന ആ പര്‍വതത്തിന്റെ കൊടുമുടികള്‍ എത്ര കാണുന്നുവോ അത്രയും പുണ്യം ലഭിക്കും. അങ്ങനെ ആ രാത്രി അവിടെ തങ്ങി, പിറ്റേന്ന് ചിത്രകൂടത്തിലേക്ക് മൂവരും യാത്ര ആരംഭിച്ചു.''
ഗംഗാ യമുനാ സംഗമസ്ഥാനത്തുനിന്നും പടിഞ്ഞാറേ ദിക്കിലേക്ക് യാത്ര തുടര്‍ന്ന് കാളിന്ദീ നദീതീരത്തെത്തി. ഊക്കോടെ ഒഴുകുന്ന കാളിന്ദി കടക്കാന്‍ കാട്ടുമരങ്ങള്‍ മുറിച്ച് ചങ്ങാടം ഉണ്ടാക്കി ലക്ഷ്മണന്‍. പിന്നെ മൂവരും കാളിന്ദി കടന്നു. നേരം സന്ധ്യയായപ്പോള്‍ സന്ധ്യാവന്ദനം കഴിച്ച് അവര്‍ മരച്ചുവട്ടില്‍ വിശ്രമിച്ചു.പുലര്‍ച്ചെ കാട്ടുമൃഗങ്ങളുടെ ശബ്ദം കേട്ടുതുടങ്ങിയ വേളയില്‍ മൂവരും വീണ്ടും സഞ്ചരിച്ച് പ്രകൃതിമനോഹരമായ ചിത്രകൂട വനപ്രദേശത്ത് എത്തിച്ചേര്‍ന്നു.
തീപോലെ വിളങ്ങുന്ന പിലാശ് മരങ്ങള്‍!; പാറപോലെ വലുതായ അനവധിയായ തേനീച്ചക്കൂടുകള്‍ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്നു! പലതരം പക്ഷികളും ഫലമൂലങ്ങളും തികഞ്ഞ് തെളിനീര്‍ നിറഞ്ഞ ചിത്രകൂടം!
പിന്നെ രാമന്റെ ആജ്ഞ അനുസരിച്ച് ലക്ഷ്മണന്‍ ഉറപ്പുള്ള മരങ്ങള്‍ കൊണ്ട് പര്‍ണശാല നിര്‍മ്മിച്ച് പുല്ലുമേഞ്ഞ് മനോഹരമാക്കി. വാസ്തുശമനം ചെയ്തു. രാമന്‍ തന്നെ ദേവതാപൂജ ചെയ്ത് പാപശമനകരമായ ഉത്തമബലിയും നല്കി. അതിനുശേഷം മൂവരും പര്‍ണശാലയില്‍ പ്രവേശിച്ചു'.
ചിത്രകൂട് എന്ന വാക്കിന് 'അത്ഭുതങ്ങളുടെ കുന്നുകള്‍' എന്ന അര്‍ത്ഥമാണ്. വടക്കെ വിന്ധ്യ പര്‍വ്വതനിരകളില്‍ നിലകൊള്ളുന്ന ചിത്രകൂട പ്രദേശം ഉത്തര്‍പ്രദേശിലെ ചിത്രകൂട ജില്ലയിലും, മധ്യപ്രദേശിലെ സത്‌ന ജില്ലയിലും കൂടി പരന്നു കിടക്കുന്നു. അമാവാസി, ദീപാവലി, പൗര്‍ണ്ണമി, മകര സംക്രാന്തി, രാമനവമി എന്നീ വിശേഷ ദിവസങ്ങളില്‍ ഭക്തരുടെ തിരക്കാണ്. രാമായണകാഴ്ചയുടെ നിരവധി ശേഷിപ്പുകള്‍ ചിത്രകൂടില്‍ ഉണ്ട്.
ചിത്രകൂട് പര്‍വതം കാമദ്ഗിരി എന്നപേരില്‍ രാമ ഭക്തരുടെ വിശ്വാസ കേന്ദ്രമായി തലയുയര്‍ത്തി നില്‍ക്കുന്നു. രാമന്റെ വിശുദ്ധരൂപമായിട്ടാണ് ഈ കുന്നിനെ കാണുന്നത്. ചെറിയ വനമുള്ള കുന്നിന്റെ അടിവാരം ചെറു ക്ഷേത്രങ്ങളാല്‍ സമൃദ്ധം. മലയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവുള്ള അടിവാരം പ്രദിക്ഷണം ചെയ്യുകയാണ് പ്രധാനം. ആഗ്രഹ സാഫല്യം ഉറപ്പാകും എന്നതാണ് സങ്കല്പം. അടിവാരത്തില്‍ മലയക്ക് ചുറ്റും പരിക്രമണ വീഥിയുണ്ട്. മലയുടെ പകുതി ഭാഗം യിപിയിലും പകുതി മധ്യപ്രദേശിലുമാണ്. പരിക്രമണം തുടങ്ങുന്നത് മധ്യപ്രദേശില്‍. മലയുടെ പകുതി പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശ്. തീരുമ്പോള്‍ വീണ്ടും മധ്യപ്രദേശ്. ശ്രീരാമനെ അയോധ്യയിലേക്ക് കൂട്ടികകൊണ്ടുപോകാന്‍ എത്തിയ ഭരതന്‍, രാമനുമായി കൂടികാഴ്ച നടത്തിയത് ഈ മലയിലാണ് .നാലു സഹോദരന്മാരുടെ കൂടിക്കാഴ്ച വളരെ വൈകാരികമായിരുന്നു. പാറകളും മലകളും പോലും ഉരുകി. ശ്രീരാമന്റെയും സഹോദരന്മനാരുടെയും കാലടയാളം പാറയില്‍ പതിച്ചിരുന്നു. ഇന്നും ഇവിടെയത് കാണാം.
മന്ദാകിനി നദിക്കരികെയുള്ള രാംഘട്ട് പ്രധാന തീര്‍ത്ഥ സ്ഥാനമാണ്.. പ്രവാസ കാലഘട്ടത്തില്‍ രാമ, ലക്ഷ്മണന്‍, സീത എന്നിവര്‍ ഇവിടെ കുളിക്കാനിടയായി എന്നാണ് വിശ്വാസം. പിതാവ് ദശരഥന്റെ മരണവാര്‍ത്ത അറിഞ്ഞ് രാമന്‍ ശ്രാദ്ധ ചടങ്ങ് നടത്തിയത് ഇവിടെയാണ്. രാംഘട്ട് കുളിക്കുന്നതിനും പൂര്‍വികര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി അനുയോജ്യമായ സ്ഥലമായി കരുതുന്നു. കവിയായ തുളസീദാസിനു മുന്നില്‍ ശ്രീരാമന്‍ ഇവിടെ വെച്ച് പ്രത്യക്ഷപ്പെട്ടതായും പറയപ്പെടുന്നു. രാമഘട്ടില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. ക്ഷേത്ര പരിക്രമണവും നദീ ആരതിയും ഭക്തി നിര്‍ഭരമാണ്. രാമഘട്ടിനു സമീപം ഒട്ടേറെ ആശ്രമങ്ങളും കാണാന്‍ കഴിയും.
രാമഘട്ടിനുത്തതുള്ള ജലസ്രോതസ്സിലാണ് ജാനകി കുണ്ഡ്. മന്ദാകിനി നദിയിലെ ഈ ശുദ്ധ ജലത്തില്‍ സീത കുളിച്ചുവെന്നാണ് വിശ്വാസം. ജാനകി കുണ്ഡിനു സമീപത്തായുള്ള പാറയാണ് സ്ഫടിക ശില. ശുദ്ധമായതും മൃദലമായതുമായ പാറയാണിത്. രാമന്റേയും സീതയുടേയും കാല്‍പാദരൂപങ്ങള്‍ പാറയിലുണ്ട്. ഹനുമാന്‍ ധാരയാണ് മറ്റൊരു ആകര്‍ഷകം. ലങ്ക ചുട്ടെരിച്ചെത്തിയ ഹനുമാന്റെ ശരീരത്തിലെ ചൂട് തണുപ്പിക്കാന്‍ ശ്രീരാമന്‍ അസ്ത്രം എയ്ത് നിര്‍മ്മിച്ച ജലധാരയാണിത്. മലമുകളില്‍ നിന്നുള്ള ജലധാര താഴെയുള്ള തടാകത്തില്‍ അവസാനിക്കും. തടാകത്തില്‍നിന്ന് മലയിലേക്ക് 700 പടവുകളാണുള്ളത്. ചിത്രകൂടനഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള ഗുപ്ത-ഗോദാവരിയില്‍ ഒരു ജോഡി ഗുഹകളുണ്ട്. ഗുഹാമുഖം ഇടുങ്ങിയതാണെങ്കിലും ഒരു ഗുഹ ഉയരമുള്ളതും വിസ്തൃതി ഏറിയതുമാണ്. നീളമുള്ളതും ഇടുങ്ങിയതുമായ രണ്ടാമത്തെ ഗുഹയിലൂടെ എപ്പോഴും വെള്ളം ഒഴുക്കുണ്ട്. രണ്ടാമത്തെ ഗുഹയില്‍ രാമനും ഇരുന്നത് എന്നു കരുതുന്ന സിംഹാസന സമാനമായ രണ്ട് പാറകളുണ്ട്. ശ്രീരാമനുമായി ബന്ധപ്പെട്ട വിശുദ്ധ ഗുഹകള്‍ കാണാവുന്ന മറ്റൊരു സ്ഥലമാണ് പമ്പാപൂര്‍.
ഭരത് കൂപ് ആണ് മറ്റൊരു പുണ്യസ്ഥലം. ചെറിയൊരു ക്ഷേത്രവും കിണറുമാണ് ഇവിടുള്ളത്. രാമനെ കൂട്ടികൊണ്ടുപോയി പട്ടാഭിഷേകം നടത്തണം എന്നുറച്ച് ചിത്രകൂടത്തിലെത്തിയ ഭരതന്‍, കിരീടധാരണ സമയത്ത് ഉപയോഗിക്കാന്‍ അഞ്ച് പുണ്യനദികളിലേയും വെള്ളം ശേഖരിച്ചിരുന്നു. രാമനെ തിരിച്ചു കൊണ്ടുപോകാന്‍ കഴിയാതെ മടങ്ങുന്ന ഭരതന്‍ ദുഖത്തോടെ താന്‍ ഈ തീര്‍ത്ഥം ഇനി എന്തു ചെയ്യണം എന്ന് വസിഷ്ഠമുനിയോട് ചോദിച്ചു. മുനിയുടെ നിര്‍ദ്ദേശപ്രകാരം ജലം കിണറ്റിലൊഴിച്ചു. ഒരിക്കലും വറ്റാത്ത ഈ കിണറിലെ ജലം പരമപവിത്ര തീര്‍ത്ഥമായിട്ടാണ് കരുതുന്നത്.
അനസൂയ ക്ഷേത്രമാണ് ചിത്രകൂട പ്രദേശത്തെ മറ്റൊരു രാമായണ കാഴ്ച. പട്ടണത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.അത്രി മുനിയുടെ പത്‌നിയാണ് അനസൂയ. ചിത്രകൂടത്തില്‍ പത്ത് വര്‍ഷക്കാലം മഴ ഇല്ലാതായി. ജലം കിട്ടാനായി അനസൂയ കഠിന തപസിലേര്‍പ്പെട്ടു. മന്ദാകിനിയില്‍ നിന്നും നൂറ് കൈവഴികളുമായാണ് ഗംഗാദേവി അനസൂയയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഈ അരുവികള്‍ ഇന്നും കാണാം. ഇവിടെ നിന്നും കുറച്ചകലെയുള്ള സ്ഥലമാണ് അമരാവതി. രാമലക്ഷമണന്മാര്‍ വിശ്രമിച്ചു എന്നു കരുതുന്ന സ്ഥലത്ത് ചെറിയൊരു ആശ്രമം ഉണ്ട്്. വിരാധ രാക്ഷസന്‍ രാമനെ ആക്രമിക്കാനെത്തതിയത് ഇവിടെയെന്നാണ് കരുതുന്നത്്. വിരാധനെ വധിച്ചശേഷം വസ്ത്രവും ആയുധങ്ങളും കഴുകിയ പുഷ്‌ക്കരണി, വിരാധനെ ദഹിപ്പിച്ച വിരാധ് കുണ്ട് എന്നിവയും ഇപ്പോഴും കാണാം. പുഷ്‌ക്കരണിയില്‍ കുളിച്ചശേഷം രാമന്‍ ശിവ പൂജനടത്തിയ മാര്‍ക്കേണ്ടേയ ആശ്രമം, ശ്രീരാമന്‍ ഇന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശരഭംഗ ആശ്രമം, അശ്വമുനി ആശ്രമം, സുതിഷ്ണ ആശ്രമം, ബ്രഹസ്പതി കുണ്ട്, അഗ്നി ജീവാ ആശ്രമം തുടങ്ങി രാമായണ ബന്ധിയായ നിരവധി അവശേഷിപ്പുകള്‍ ചിത്രകൂടം ഉള്‍പ്പെടുന്ന മധ്യപ്രദേശിലെ സത്‌ന ജില്ലയിലും സമീപ ജില്ലകളായ പന്ന, കാന്തി, ജബല്‍പൂര്‍ ഹോസംഗാ ബാദ് എന്നിവിടങ്ങളിലുമായി കാണാം.
ഗ്രാമീണ ഭാരതത്തിന്റെ സ്വാഭിമാനത്തിനും സ്വയം പര്യാപ്തതയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നാനാജി ദേശ്മുഖ് സ്ഥാപിച്ച ഭാരതത്തിലെ ആദ്യ ഗ്രാമീണ സര്‍വകലാശാലയും ദീനദയാല്‍ ഗവേഷണ കേന്ദ്രവും ചിത്രകൂടത്തിലെ ആധുനിക അഭിമാനസ്ഥാപനങ്ങളാണ്.🙏🏻
പി.ശ്രീകുമാർ
തുടരും