Thursday, 9 January 2020

വാല്മീകി രാമായണം-35

വാല്മീകി രാമായണം-35
ഹൃദയത്തിന്റെ വർണ്ണമാണ് സൂര്യനുദിക്കുമ്പോൾ ഉള്ള സുവർണ്ണ നിറം .ആ നിറം ആകാശത്തിൽ പരന്ന് സന്ധ്യാഭ്രം ആകുന്നു. ഭാഗവതത്തിൽ പരമശിവനെ ഇങ്ങനെ വർണ്ണിക്കുന്നു സന്ധ്യാഭ്ര രുചാ. ശിവന്റെ വർണ്ണം പ്രകാശമയമായ സുവർണ്ണ വർണ്ണം . അത് ദർശിക്കുന്നത് തന്നെ സാധനയാണ്. പ്രകൃതിയെ നിരീക്ഷിക്കുക, സൂര്യൻ കിഴക്കുദിക്കുകയും പടിഞ്ഞാറസ്തമിക്കുകയും ചെയ്യുമ്പോൾ പരക്കുന്ന ആ സ്വർണ്ണ പ്രകാശം ഹൃദയത്തെ സ്പർശിച്ചാൽ മനസ്സ് ശാന്തമാകും. മനസ്സ് ശാന്തമായാൽ ധ്യാനം തനിയെ വരും. മെ ടിറ്റേഷൻ ക്ലാസ്സിൽ പോയി ശ്വാസം അടക്കി ഇരിക്കുന്നതിനേക്കാൾ ഭേദം ആണ്. ഇവിടെ വിശ്വാമിത്രനും രാമലക്ഷ്മണൻമാർക്ക് ആ കാഴ്ച കാട്ടി കൊടുക്കുന്നു സരയൂ നദി കരയിൽ നിന്ന് കൊണ്ട്. കുഞ്ഞുങ്ങളെ ഇത്തരം കാഴ്ചകൾ കാണിച്ചു കൊടുത്ത് വളർത്തിയാൽ ജീവിതം മുഴുവനും അവന് അതൊരവലംമ്പമാകും. പുസ്തകം മാത്രം പഠിച്ചാൽ മൗഢ്യം ബാധിക്കും.
സൂര്യൻ, ചന്ദ്രൻ ,നക്ഷത്രങ്ങൾ, നദി ,സമുദ്രം, മലകൾ ,ഭൂമി, ആകാശം എല്ലാം ഈശ്വരൻ തന്നെയാണ്.
യ പ്രിഥിവ്യാം തിഷ്ടൻ
യ പ്രിഥിവ്യാ: അന്തരോ
യം പ്രിഥിവി ന വേദാ
യ പ്രിഥിവി അന്തരോ യമയതി
ഏഷതേ ആത്മാ അന്തർയാമി അമൃത:
അന്തർയാമി അധികരണമെന്ന പേരിൽ ഉപനിഷത്തിൽ വരുന്നതാണ് ഈ ശ്ലോകം. ഭൂമിക്കുള്ളിൽ ആരാണോ ഇരിക്കുന്നത്. ആകാശത്തിൽ ആരാണോ ഇരിക്കുന്നത് ,കാറ്റിനുള്ളിൽ, സൂര്യ ചന്ദ്രൻമാർക്കുള്ളിൽ ആരാണോ ഇരിക്കുന്നത് അത് തന്നെയാണ് നമ്മുടെ ഉള്ളിലും ആത്മാവായിരുന്ന് സ്വരൂപമായിരുന്ന് അഹം അഹം എന്ന അനുഭവ സ്വരൂപമായി വിളങ്ങുന്നത്.
വിശ്വാമിത്രൻ രാമനോട് പറയുന്നു നീ എഴുന്നേൽക്കൂ രാമാ എഴുന്നേറ്റ് ആദിത്യനെ നോക്കു സന്ധ്യാ വന്ദനം ചെയ്യു. ഉത്തിഷ്ഠ നരശാർദൂല. ഇങ്ങനെ വേണം നമ്മൾ കുട്ടികളെ എഴുന്നേൽപ്പിക്കാൻ. രാമൻ കണ്ണുതുറന്നതും ജഡാമണ്ഡലധാരിയായ വിശ്വാമിത്രൻ തപസ്സിനാലേ സൂര്യനെപ്പോലെ ജ്വലിക്കുന്നു. ആകാശത്താണോ സൂര്യൻ അടുത്തിരിക്കുന്ന വിശ്വാമിത്രനാണോ സൂര്യൻ എന്ന് തോന്നിപ്പിക്കും വിധം തേജസുള്ളതായിരുന്നു മഹർഷിയുടെ വദനം. സ്നേഹം വിരിഞ്ഞു നിൽക്കുന്നതു പോലെ തോന്നി രാമന് മഹർഷിയെ കണ്ടപ്പോൾ. രണ്ടു കുട്ടികളും സരയൂ നദിയിൽ കുതിച്ച് കുളിച്ചു വന്നു. സാധനയ്ക്കായി ഇരുന്നു. സൂര്യനെ നോക്കി ഗായത്രി മന്ത്രം ജപിച്ചു. ജപം കഴിഞ്ഞ് മഹർഷിയെ വന്ന് നമസ്കാരം ചെയ്തു. ഇതാണ് സനാഥന സംസ്കാരം മഹർഷി പരമ്പരയിൽ നിന്ന് വന്ന സംസ്കാരം .ഇത് നമ്മുടെ കുട്ടികളിൽ വളർത്തിയെടുക്കണം.

വാല്മീകി രാമായണം-42

വാല്മീകി രാമായണം-42
കരിയിലയും ചാമ്പലുമായി വിജനമായി തോന്നുന്ന ആശ്രമമായിരുന്നു ഗൗതമ മഹർഷിയുടെ ആശ്രമം. ഒരു കാലത്ത് ഗൗതമ മഹർഷിയുടെ പത്നി അഹല്യയ്ക്ക് പാതിവ്രത്യ ഭ്രംശം വരുവാനിടയായി. അതിനുത്തരവാദി മനുഷ്യരല്ല ഇന്ദ്രനായിരുന്നു. അതീന്ദ്രിയ ജ്ഞാനമുള്ള ഗൗതമ മഹർഷിക്ക് ഇത് മനസ്സിലായതും ഇന്ദ്രനേയും ശപിച്ചു അഹല്യയേയും ശപിച്ചു.
ഈ തമോ ഗുണത്തിൽ നിന്ന് മുക്തി നേടാൻ ആരുമറിയാതെ ആരുടേയും കണ്ണിൽ പെടാതെ നീ തപസ്സു ചെയ്യണം എന്നദ്ദേഹം അഹല്യയെ ശപിച്ചു. വാല്മീകി രാമായണത്തിൽ കല്ലായി പോകാൻ ശപിച്ചതായി പറയുന്നില്ല. മനുഷ്യരുടെ കണ്ണിൽ പെടാതെ ഇരിക്കട്ടെ എന്നു മാത്രമാണ് പറയുന്നത്. വായു ഭക്ഷണം മാത്രം എടുത്ത് സർവ്വ ഭൂതങ്ങൾക്കും അദൃശ്യയായി ആശ്രമത്തിൽ ഇരുന്ന് തപസ്സ് ചെയ്യാനായിരുന്നു അഹല്യക്ക് ഗൗതമ മഹർഷി വിധി കല്പിച്ചത്.
രമണ ഭഗവാനോട് ഒരാൾ അഹല്യ കല്ലായി മാറിയതിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഈ കല്ല് എന്നു പറയുന്നത് പ്രതീകാത്മകമായാണ് ആത്മീയമായ സ്തംഭനമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. മനസ്സ് ഏതെങ്കിലും ഒരശുദ്ധിക്ക് വഴങ്ങിയാൽ പിന്നെ ജപം,ധ്യാനം ,മനനം,സമാധി ഒന്നും നടക്കില്ല. അനങ്ങാതെ കല്ലുമാതിരി കിടക്കും. മുന്നോട്ടു പോകാൻ കഴിയാതെ തപിക്കും. ആ നിലയിൽ നിന്ന് മോചിതനാകാൻ ഏതെങ്കിലും ഒരു ജീവൻ മുക്തന്റെ അതിമാനുഷ സമ്പർക്കം വരണം. ശ്രീ രാമൻ എന്ന് ഈ ആശ്രമത്തിൽ വരുന്നുവോ അന്ന് നിനക്ക് ശാപമോക്ഷം ലഭിക്കും എന്ന് ഗൗതമ മഹർഷി അനുഗ്രഹിച്ചിരുന്നു. രജോഗുണത്താൽ വന്ന ദോഷം രജസ്സിനാൽ മാറി.
ദു:ഖേ സുഖേ ച രജയേ ബബോവ ഹേതുഹു
താദൃത് വിതാം അപി ബഹതി ഗൗതമ ധർമ്മ പത്ന്യാഹ
യസ്മാത് ഗുണേന രജസാ വികൃതിം ഗതാസാ
രാമസ്യ പാദ രജസാ പ്രകൃതിം പ്രപേതേ.
ശ്രീരാമന്റെ പാദ സ്പർശത്താൽ പാദ രജസ്സിനാൽ അഹല്യയ്ക്ക് ആ സ്തംഭിച്ച നിലയിൽ നിന്ന് മോക്ഷം ലഭിക്കുന്നു. ഇത്രയും വലിയ മഹാത്മാക്കൾക്കു ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ സംഭവിക്കാം കാരണം ഇത് പ്രകൃതിയാണ് മഹർഷിമാരെപോലെ പ്രകൃതിയെ അറിയുന്നവർ വേറെ കാണില്ല. അതിനാലാണ് ബുദ്ധ മതത്തിലെ പോലെ ആർക്കും സന്യാസിയാകാം എന്നതിനോട് യോജിക്കാൻ സാധിക്കാത്തത്.അങ്ങനെ ചെയ്താൽ സമൂഹം ദുഷിച്ചു പോകും. കാരണം ഓരോ മനുഷ്യന്റെയും ശരീര പ്രകൃതിയിൽ വിത്യാസം ഉണ്ട്. സത്വ രജോ തമോ ഗുണത്തിൽ വാതം പിത്തം കഫം എന്നിവയിൽ എല്ലാം വിത്യാസമുണ്ട്. ഗുണാതീതനാകാതെ വസ്ത്രത്തിന്റെ നിറം മാത്രം കാഷായമാക്കിയിട്ടോ പേരു മാറ്റിയിട്ടോ ഒരു പ്രയോജനവും ഇല്ല.
രമണ ഗീതയിൽ രമണ മഹർഷിയോട് ധർമ്മാശ്രമത്തെ കുറിച്ച് ചോദിക്കുന്നു അദ്ദേഹം മൂന്ന് ആശ്രമങ്ങളെ കുറിച്ച് പറഞ്ഞ് നിർത്തുന്നു. നാലാമത്തെ ആശ്രമം തുരീയാശ്രമത്തെ കുറിച്ച് പറയുന്നില്ല. അദ് ദേഹം തീർത്തും വൈദികനാണ്. പൗരാണിക സംസ്കാരമല്ല. ഇപ്പോഴുള്ള സന്യാസ സമ്പ്രദായങ്ങളെല്ലാം പൗരാണികമാണ് . എന്തു കൊണ്ട് രമണ ഭഗവാൻ ആദ്യത്തെ മൂന്നാശ്രമങ്ങളെ ബ്രഹ്മചര്യം, ഗ്രാഹസ്ത്യം, വാനപ്രസ്തം എന്നിവയെ കുറിച്ച് മാത്രം പറയുന്നു. ഭഗവാൻ സന്യാസിയാണെങ്കിൽ എല്ലാവർക്കും സന്യാസം ഉപദേശിക്കാമായിരുന്നല്ലോ. അപ്പോൾ തുരീയാശ്രമമോ? എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
തുരീയാശ്രമ: കാലേ സ്വയമേവ ഭവിഷ്യതി
ഒരു പഴം പഴുത്തു കഴിഞ്ഞാൽ മരത്തിനോട് ചോദിക്കില്ല താനേ താഴേ വീഴും. അതു പോലെ ആദ്യത്തെ മൂന്നാശ്രമങ്ങൾ ശരിയാം വണ്ണം ആചരിച്ചാൽ പക്വമായി താനേ നാലാമത്തെ ആശ്രമത്തിൽ വന്നു ചേരുന്നു. അതിൽ തനിയെ വന്നടയുന്നതാണ്.
തപസ്സിനാൽ പൂർണ്ണത കൈവന്ന അഹല്യ രാമന്റെ മുന്നിലേയ്ക്ക് വരുന്നു.
സാഹി ഗൗതമ വാക്യേന ദുർനിരിക്ഷാം ബബൂവഹ ത്രയാണാം അപി ലോകാനാം യാവദ് രാമസ്യ ദർശനം.
തേജസ്സോടെ ജ്വലിച്ച് പ്രകാശമയമായ അഗ്നി ചാമ്പൽ നീക്കി പുറത്തേയ്ക്ക് വരുന്ന പോലെ അഹല്യ പുറത്തേയ്ക്ക് വന്നു. അവരെ കണ്ടതും ശാപ മോക്ഷം നൽകിയ രാമനും ലക്ഷ്മണനും നമസ്കരിച്ചു എന്തെന്നാൽ അവർ ദേവിയുടെ അമ്മാളിന്റെ തൽസ്വരൂപമാകുന്നു.

വാല്മീകി രാമായണം-41

വാല്മീകി രാമായണം-41
സുപ്രഭാത നിഷാരാമ പൂർവ്വാ സന്ധ്യാ പ്രവർത്തതേ ഉത്തിഷ്ഠ ഉത്തിഷ്ഠ ഭദ്രം ച ഗമനായഭിരോവച
ഹേ രാമ ഇരുട്ടെല്ലാം മാറിയിരിക്കുന്നു സൂര്യഭഗവാൻ പ്രകാശിക്കുന്നു. സന്ധ്യാ കാലമായി നമുക്ക് യാത്ര തുടരാം. രാമലക്ഷ്മണൻമാർ എഴുന്നേറ്റു ശുചിയായി വന്ന് സന്ധ്യാ വന്ദനം ചെയ്തിട്ട് യാത്ര തുടർന്നു. അങ്ങനെ അല്പ ദൂരം ചെന്നപ്പോൾ ഗംഗയുടെ മനോഹരമായ ഒഴുക്ക് കണ്ട് സന്തോഷത്തോടെ നോക്കി നിന്നു ഇരുവരും. ഗംഗയുടെ ഒരു സവിശേഷത അതിന്റെ തീരത്ത് അവിടവിടെയായി മഹർഷികൾ ധ്യാനിക്കുന്നതു കാണാം. ഭഗവത്പാദർ പറയുന്നു ദൂരെ എവിടെയെങ്കിലും ഒരു നൃപനായിരിക്കുന്നതിലും ഭേദം ഗംഗയുടെ തീരത്ത് ഒരു മരമായോ ഗംഗയിൽ ഒരു ആമയായോ മീനായോ കഴിയുന്നതാവും.
താം ദൃഷ്ട്വാം പുണ്യ സലിലാം
ഹംസ സാരസ സേവിതാം
ബബുർ മുനയ്യ സർവ്വേ മുദിദാ: സഹരാഗം
പക്ഷികളെയെല്ലാം നദിക്കരയിലും നദിയിലുമായി കാണാം . ഇതെല്ലാം കണ്ട് പ്രസന്നതയോടെ നിൽക്കുന്നു രാമലക്ഷ്മണൻമാർ. അവർക്ക് ഗംഗയുടെ ഉത്പത്തിയെ കുറിച്ചും മഹർഷി പറഞ്ഞു കൊടുക്കുന്നു.
ഹിമവാന് ഉണ്ടായ രണ്ടു പുത്രിമാരിൽ ജ്യേഷ്ഠയാണ് ഗംഗ ഇളയ മകൾ ഉമ. ആ ഗംഗയെയാണ് പിന്നീട് ദേവലോകത്തേയ്ക്ക് കൂട്ടി കൊണ്ടു പോകുന്നത്. ഹിമവാന്റെ ഈ രണ്ട് പുത്രിമാരിൽ ഗംഗ വെളിയിൽ ഇരിക്കുന്നവളും, ഉമ ഉള്ളിൽ ഇരിക്കുന്നവളും ബ്രഹ്മവിദ്യാ സ്വരൂപിണിയുമാണ്. ഹിമാലയ സാനുക്കളിൽ ഏകാന്തമായിരുന്ന് ബ്രഹ്മവിദ്യയെ ഉപാസിക്കുകയും മുക്തിയടയുകയും ചെയ്യുന്നതിനാൽ ബ്രഹ്മവിദ്യയെ ഹിമവാന്റെ പുത്രിയായി കരുതുന്നു.
ഗംഗ ഭൂമിയിൽ അവതരിക്കുന്നതിനായി ഭഗീരഥ പ്രയത്നം വേണ്ടി വന്നു. ഭഗീരഥൻ തന്റെ പിതൃക്കളുടെ ആത്മശാന്തിക്കായി തപസ്സ് ചെയ്ത് ഗംഗയെ ഭൂമിയിൽ കൊണ്ടു വന്നു. ഗംഗയെ ഭൂമി ദേവി വിളിച്ചിട്ട് വരികയുണ്ടായില്ല കാരണം ഭൂമിയിൽ വന്നാൽ കണ്ട മഹാപാപികളെല്ലാം വന്ന് കുളിച്ച് പോകും എന്ന് ഗംഗ. അപ്പോൾ ഭഗീരഥൻ പറയുന്നു
സാധവോ ന്യാസിന ശാന്ത ബ്രഹ്മിഷ്ഠ ലോക പാവന:
ശരി മഹാപാപികൾ വന്ന് കുളിക്കുമായിരിക്കും പക്ഷേ സർവ്വ സംഗ പരിത്യാഗികൾ , ബ്രഹ്മനിഷ്oർ, ലോകത്തെ പവിത്രമാക്കുന്ന ജ്ഞാനികൾ, ഭാഗവതോത്തമൻമാർ ഇവരും സ്നാനം ചെയ്യാൻ വരില്ലേ. ഇത് കേട്ടതും സന്തോഷത്തോടെ വന്നു ഗംഗ ഭൂമിയിലേയ്ക്ക്. അങ്ങനെ ഒഴുകി വരുന്ന ഗംഗയെ താങ്ങാൻ ഭൂമിക്കാകുമായിരുന്നില്ല.വീണ്ടും തപസ്സു ചെയ്ത് ശിവനെ പ്രീതിപ്പെടുത്തി. ശിവൻ തന്റെ ജഡയിൽ ഏറ്റു കൊള്ളാം ഗംഗയെ എന്നു പറഞ്ഞ് ജഡയെ വിരിച്ചിട്ടു.
അപലേപഭരാക്രാന്ത സുരലോക തരംഗിണി
പപാത പാർവ്വതി കാന്ത ജഡാകാന്താര ഗഹ്വരേ
ദേവലോകത്തു നിന്ന് ശിവന്റെ ജഡയിലേയ്ക്ക് കുതിക്കുന്ന ഗംഗയിൽ ജല ജീവികളായ മീനും മുതലയും ഒക്കെ ഉണ്ടായിരുന്നു. ഇവയെല്ലാം കൂടി ചേർത്ത് ജഡ കെട്ടി വച്ചു ശിവൻ. പിന്നീട് ഏഴ് സ്രോതസ്സിലൂടെ ശക്തി കുറച്ച് ഗംഗയെ ഭൂമിയിൽ പ്രവേശിപ്പിച്ചു. ഹരിദ്വാരിൽ നിന്ന് മുകളിലേയ്ക്ക് ദേവപ്രയാഗ്, കർണ്ണ പ്രയാഗ് ,സോന പ്രയാഗ് എന്നിവടിങ്ങളിൽ കാണാം ചിലപ്പോൾ അളകനന്ദയുമായി യോജിച്ചും ചിലപ്പോൾ മന്ദാകിനിയുമായി യോജിച്ച് ഭഗീരഥി ഒഴുകുന്നു. ശരിക്കും ദേവഭൂമിയാണ് അവിടം. ആശ്ചര്യമാണ് ഗംഗയുടെ ശക്തമായ ആ ഒഴുക്ക് കാണുന്നത്.അങ്ങനെ ഗംഗയെ ഭൂമിയിൽ അവതരിക്കാൻ യത്നിച്ച ഭഗീരഥന്റെ പിതൃക്കൾക്ക് ഗംഗയാൽ ആത്മശാന്തിയും മോക്ഷവും ലഭിക്കുന്നു.
പിന്നീട് സുബ്രഹ്മണ്യന്റെ ജനനത്തെ കുറിച്ചും വിശ്വാമിത്രൻ കുമാരൻമാർക്ക് വിസ്തരിച്ചു പറഞ്ഞു കൊടുക്കുന്നു. അങ്ങനെ യാത്ര ചെയ്ത് അവർ ഗൗതമ മഹർഷിയുടെ ആശ്രമത്തിൽ എത്തുന്നു.

ലിംഗപുരാണം ആമുഖം

ലിംഗപുരാണം☘
💧ആമുഖം💧
💥ഇപ്പോള്‍ ആവശ്യം പട്ടികയില്‍ 11 ആയി വരുന്ന ലിംഗപുരാണം മാത്രമാണ്. ലിംഗമാണല്ലോ വിഷയം. എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും മഹാപ്രളയമാണ് എന്നാണ് വിശ്വാസം. എല്ലാത്തിനും അരങ്ങൊരുക്കിയത് ഒരു മഹാപ്രളയമായിരുന്നു. കണ്ണെത്താ ദൂരത്തോളം വെള്ളം മാത്രം. ആ വെള്ളത്തിനു മേല്‍ ജ്വലിക്കുന്ന ശിവലിംഗം പെട്ടെന്ന് പ്രത്യക്ഷമായി. ഈ ലിംഗത്തില്‍ നിന്നാണ് വേദങ്ങളും മറ്റു ഗ്രന്ഥങ്ങളും ബ്രഹ്മാവും വിഷ്ണുവുമടക്കമുള്ള ശതകോടി ദേവകളുമുണ്ടായത്. ലിംഗം എന്നാല്‍ പുരുഷശരീരത്തിലെ ഒരവയവമല്ല അത് ശക്തിയുടെ രൂപമാണ്.💥
💥ശിവന്‍ ലിംഗരൂപത്തില്‍ ആരാധിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയാവുന്നവര്‍ ചുരുക്കമാണ്. അതിനു പിന്നിലൊരു കഥയുണ്ട്. യുഗങ്ങള്‍ക്കു മുമ്പ് സര്‍വ്വസംഹാരിയായ മഹാപ്രളയമുണ്ടായി. പ്രപഞ്ചത്തില്‍ എല്ലായിടത്തും വെള്ളവും ഇരുട്ടും മാത്രം. വെള്ളത്തിന്റെ പരപ്പില്‍ അനന്തന്റെ പുറത്ത് മഹാവിഷ്ണു ഉറക്കത്തിലായിരുന്നു, നാരായണ രൂപത്തില്‍. അവിടെത്തന്നെയുണ്ടായിരുന്ന ബ്രഹ്മാവിന് പക്ഷേ, മഹാവിഷ്ണുവിനെ തിരിച്ചറിയാനായില്ല. മഹാവിഷ്ണുവിന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്നുയര്‍ന്നു നില്‍ക്കുന്ന താമരയാണ് ബ്രഹ്മാവിന്റെ ഉറവിടം എന്നത് വേറെ കാര്യം.💥
🌻മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ചോദിച്ചു -‘അങ്ങാരാണ്? ഇവിടെ എന്തു ചെയ്യുന്നു?’🌻
🕉ബ്രഹ്മാവിന്റെ ചോദ്യം കേട്ട് വിഷ്ണു ഉണര്‍ന്നു -‘സുഖമല്ലേ ബ്രഹ്മദേവാ. എല്ലാം നന്നായി നടക്കുന്നുണ്ടല്ലോ അല്ലേ മകനേ?’🕉
🕉‘എന്നെ മകനെന്നു വിളിക്കാന്‍ നിങ്ങളാരാണ്?’ -ബ്രഹ്മാവ് കുപിതനായി. ‘ഞാന്‍ ബ്രഹ്മനാണ്, എല്ലാത്തിന്റെയും അധിപതി. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ഞാനാണ്. എന്നെ എങ്ങനെയാണ് നിങ്ങള്‍ക്ക് മകനെന്നു വിളിക്കാനാവുക?’🕉
💥‘അങ്ങെല്ലാം മറന്നുപോയി എന്നു തോന്നുന്നു’ -വിഷ്ണു പറഞ്ഞു. ‘ഞാന്‍ വിഷ്ണുവാണ്. അങ്ങ് എന്നില്‍ നിന്നാണ് ഉത്ഭവിച്ചത്. അതാണ് ഞാന്‍ അങ്ങയെ മകനേ എന്നു വിളിച്ചത്.’💥
☘ബ്രഹ്മാവ് ഇത് സ്വീകരിച്ചില്ല. അദ്ദേഹം വിഷ്ണുവുമായി വഴക്കിട്ടു. ഈ കലഹം ശക്തി പ്രാപിക്കുന്നതിനിടെ പെട്ടെന്ന് വെട്ടിത്തിളങ്ങുന്ന ഒരു ലിംഗം അവിടെ പ്രത്യക്ഷപ്പെട്ടു. വിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള കലഹം തീര്‍ക്കാനായി ആവിര്‍ഭവിച്ചതു പോലാണ് തോന്നിയത്. ലിംഗം ആകാശം മുട്ടെ വളര്‍ന്നു നിന്നു. ആദിയും അന്തവും ഇല്ലാത്ത പ്രതീതി.☘
🌷‘അഗ്നിയുടെ ഈ തൂണ് ഇവിടെങ്ങനെ വന്നു?’ -ബ്രഹ്മാവിനോട് വിഷ്ണു ചോദിച്ചു. ബ്രഹ്മാവാണല്ലോ സൃഷ്ടിയുടെ എല്ലാം. പക്ഷേ, ബ്രഹ്മാവിന് ഉത്തരമുണ്ടായില്ല. ‘നമുക്ക് ഇത് പരിശോധിക്കണം. അങ്ങ് മുകളിലേക്കു പോയി അഗ്രം കണ്ടെത്താന്‍ ശ്രമിക്കൂ. ഞാന്‍ താഴേക്കു പോകാം. അറ്റം കണ്ടെത്തിയ ശേഷം നമുക്ക് കാര്യം വിലയിരുത്താം’ -വിഷ്ണു നിര്‍ദ്ദേശിച്ചു. ബ്രഹ്മാവ് അംഗീകരിച്ചു. അദ്ദേഹം അരയന്നത്തിന്റെ രൂപത്തില്‍ പറന്നു പൊങ്ങി. വിഷ്ണുവാകട്ടെ വരാഹരൂപം ധരിച്ച് താഴേയ്ക്കു കുഴിച്ചു പോയി. അല്പസമയത്തിനു ശേഷം ഇരുവരും നിരാശരായി മടങ്ങി. ലിംഗത്തിന്റെ മുകളിലോ താഴെയോ ഉള്ള അറ്റം കണ്ടെത്താന്‍ രണ്ടു പേര്‍ക്കും സാധിച്ചില്ല. തങ്ങളെക്കാള്‍ വലിയൊരു ശക്തിയുണ്ടെന്ന് വിഷ്ണുവിനും ബ്രഹ്മാവിനും അതോടെ മനസ്സിലായി. അവര്‍ ലിംഗത്തെ സ്തുതിച്ചു.🌷
🌱ആദിമമന്ത്രമായ ‘ഓംകാരം’ മുഴങ്ങി. സ്തുതിയില്‍ സംപ്രീതനായ ശിവന്‍ ലിംഗത്തില്‍ നിന്നു പ്രത്യക്ഷപ്പെട്ടു. വേദനാമന്‍ എന്ന പേരുള്ള ഋഷിയുടെ രൂപത്തിലാണ് അദ്ദേഹം പ്രത്യക്ഷനായത്. പ്രപഞ്ചത്തിന്റെ ഉത്ഭവം ലിംഗത്തില്‍ നിന്നാണെന്ന് അദ്ദേഹം വിഷ്ണുവിനും ബ്രഹ്മാവിനും വ്യക്തമാക്കിക്കൊടുത്തു. വിശുദ്ധമായ ഗായത്രീമന്ത്രവും ഉപദേശിച്ചു. വിഷ്ണുവിനോടും ബ്രഹ്മാവിനോടുമായി ശിവന്‍ പറഞ്ഞു -‘പരമമായ ബ്രഹ്മത്തിന്റെ മൂന്നു ഭാഗങ്ങളാണ് നമ്മള്‍ മൂവരും. ബ്രഹ്മാവിന് സൃഷ്ടിയുടെ ചുമതല. വിഷ്ണുവിന് സ്ഥിതിയുടെ ചുമതല. എനിക്ക് സംഹാരവും. നമ്മള്‍ പരസ്പരം കലഹിക്കാന്‍ പാടില്ല.’ അന്നു മുതല്‍ ശിവന്‍ ലിംഗരൂപത്തില്‍ ആരാധിക്കപ്പെടുന്നു.🌱
🌹ഇതാണ് ലിംഗപുരാണം. ആത്മീയപ്രഭാഷകനല്ല ഞാന്‍. അതിനുള്ള വിവരവുമില്ല. വിവരമുള്ളവര്‍ എഴുതിവെച്ചത് വായിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ്. ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനു താല്പര്യമുണ്ടാവണം എന്നു മാത്രം. ലിംഗം എന്നു പറഞ്ഞാല്‍ അധിക്ഷേപമല്ല എന്നു മനസ്സിലാക്കുക. ഊര്‍ജ്ജത്തിന്റെ ആദിയും അന്തവുമില്ലാത്ത അഗ്നി തൂണാണ് ലിംഗം......🌷🌹🙏🏻
🍃ഭഗവാൻ മഹേശ്വരന്റെ കൃപാകടാക്ഷം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട് നാളെ മുതൽ ചെറിയ പോസ്റ്റുകളായി മഹേശ്വരന്റെ തൃപാദങ്ങളിൽ സമർപ്പിക്കുന്നു.🍃
ഹരി ഓം
ഓം നമഃശിവായ .....☘☘☘
കടപ്പാട് ഗുരുപരമ്പരയോട്

ശിവ പാർവതി കഥകൾ

ശിവ പാർവതി കഥകൾ
⚜⚜⚜⚜⚜⚜⚜⚜⚜
ഒരു ദിവസം ഭഗവാൻ പരമശിവനും പാർവതിദേവിയും രൂപം മാറി മനുഷ്യരെ സന്ദർശിക്കാൻ തീരുമാനിച്ചു. മഹാദേവന്റെ നിർദേശപ്രകാരം പാർവതിദേവി സുന്ദരിയായ ഒരു മനുഷ്യസ്ത്രീയുടെ വേഷവും, നന്ദികേശൻ ഒരു സാധാരണ കാളയുടെ രൂപവും സ്വീകരിച്ചു. പരമശിവൻ അല്പം പ്രായം ചെന്ന ഒരു മനുഷ്യനായി രൂപം മാറി. ഭഗവാൻ ദേവിയോട് പറഞ്ഞു "ദേവീ, അവിടുന്ന് ഈ കാളയുടെ പുറത്ത് യാത്ര ചെയ്താലും." അങ്ങനെ ദേവി കാളയുടെ പുറത്തും, ഭഗവാൻ കാൽനടയായും അവർ യാത്ര തുടങ്ങി. ആളുകൾ ഇവർ മൂവരെയും ശ്രദ്ധിക്കാൻ തുടങ്ങി. യുവതിയായ ഒരു സ്ത്രീ കാളപ്പുറത്തും, അവരുടെ വൃദ്ധനായ ഭർത്താവ് നടന്നും പോവുന്നത് ആളുകൾ കൗതുകത്തോടെ നോക്കി.
കുറച്ചു മുന്നോട്ടു പോയപ്പോൾ ഒരു കൂട്ടം മനുഷ്യര് ഇത് കണ്ടു, കാളപ്പുറത്തു ഇരിക്കുന്ന സ്ത്രീയെ കുറ്റപ്പെടുത്തി സംസാരിക്കാൻ തുടങ്ങി. "എന്തൊരു ധിക്കാരി! വയസ്സായ തന്റെ ഭർത്താവിനെ നടത്തിയിട്ട് സുഖമായി കാളയുടെ പുറത്ത് കയറി യാത്ര ചെയ്യുന്നു. ഇത്രയും സ്വാർത്ഥയായ ഭാര്യയെ ലഭിച്ചത് ആ മനുഷ്യന്റെ ഭാഗ്യദോഷം തന്നെ". പരമശിവൻ ഇത് കേട്ട് പാർവതീ ദേവിയോട് പറഞ്ഞു "മനുഷ്യര് ദേവിയെ കുറ്റപ്പെടുത്തുന്നല്ലോ. ഒരു കാര്യം ചെയ്യാം, ഇനി ഞാൻ കാളയുടെ പുറത്ത് യാത്ര ചെയ്യാം, ദേവി നടന്നു വരൂ." . ദേവി സമ്മതിച്ചു.
മുന്നോട്ടു പോയപ്പോൾ വീണ്ടും മനുഷ്യര് ഇത് കണ്ടു അവരെ കുറ്റപ്പെടുത്തി സംസാരിച്ചു "എന്തൊരു ക്രൂരനായ മനുഷ്യനാണ് ഇത്. സുന്ദരിയും യുവതിയും ആയ ഭാര്യയെ നടത്തിയിട്ട് അയാള് സുഖമായി യാത്ര ചെയ്യുന്നു. ഇത്തരം ക്രൂരന്മാരായ ഭർത്താക്കൻമാരും ഈ ലോകത്ത് ഉണ്ടോ?" ഇത് ശ്രദ്ധിച്ച പരമശിവൻ പുഞ്ചിരിയോടെ പാർവതി ദേവിയോട് പറഞ്ഞു. "ദേവീ, മനുഷ്യര് നമ്മെ വീണ്ടും കുറ്റപ്പെടുത്തുന്നല്ലോ. എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും നടക്കാം..എന്താ?" . ദേവി സമ്മതിച്ചു.
പക്ഷെ എന്നിട്ടും വഴിയിൽ കണ്ടു മുട്ടിയ മനുഷ്യരുടെ വിമർശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇത്തവണ ആളുകൾ അവരെ കുറ്റപ്പെടുത്തുന്നത് കൂടാതെ കളിയാക്കി ചിരിക്കാനും തുടങ്ങി. " ഹ ഹ ഹ...എന്തൊരു വിഡ്ഢികളായ മനുഷ്യരാണ് ഇത്? ഒരു കാള ഉണ്ടായിട്ടു കല്ലും മുള്ളും ചവിട്ടി നടന്നു പോവുന്നോ? അതിന്റെ പുറത്ത് കയറി യാത്ര ചെയ്തൂടെ ഇവർക്ക് "
പരമശിവൻ ദേവിയോട് പറഞ്ഞു, "ദേവീ എങ്കിൽ പിന്നെ നമുക്ക് രണ്ടു പേർക്കും കാളയുടെ പുറത്ത് കയറി യാത്ര ചെയ്യാം..എന്താ? അങ്ങനെയെങ്കിലും കുറ്റപ്പെടുത്തൽ അവസാനിക്കുമോ എന്ന് നോക്കാം.". പുഞ്ചിരിയോടെ ദേവിയും സമ്മതിച്ചു. അങ്ങനെ രണ്ടു പേരും കാളയുടെ പുറത്ത് യാത്രയായി. കുറച്ച് ദൂരം പോയപ്പോൾ വീണ്ടും ആളുകൾ ഇവരെ കണ്ടു ഇങ്ങനെ പറഞ്ഞു " എന്തൊരു ക്രൂരന്മാര് ഈ ഭാര്യയും ഭർത്താവും.. ഒരു പാവം മിണ്ടാപ്രാണിയുടെ പുറത്ത് കയറി ഇങ്ങനെ യാത്ര ചെയ്യാൻ ഇവർക്ക് യാതൊരു മടിയും ഇല്ലല്ലോ. കഷ്ടം. ഇങ്ങനെ പോയാൽ ഈ കാളയെ ഇവർ കൊല്ലുമല്ലോ"
പരമശിവനും, പാർവതീ ദേവിയും നന്ദികേശനും തിരിച്ചു കൈലാസത്തിൽ എത്തി. ഭഗവാൻ മന്ദഹാസത്തോടെ പറഞ്ഞു. "ദേവീ, അങ്ങ് കണ്ടില്ലേ? ഈ ലോകം എന്തിലും ഏതിലും കുറ്റം കണ്ടു പിടിച്ചു കൊണ്ടേയിരിക്കും. അത് ലോകത്തിന്റെ സ്വഭാവമാണ്."
നമ്മൾ നന്മ ചെയ്താലും അതിലും കുറ്റം കാണുന്ന ആളുകൾ ഉണ്ടാവും. അത് കൊണ്ട് തന്നെ, എന്താണ് ശരി എന്ന് നമുക്ക് ഉത്തമ ബോധ്യമുണ്ടോ അതാണ്‌ ചെയ്യേണ്ടത്. നമ്മുടെ പ്രവൃത്തി കൊണ്ട് മറ്റൊരാൾക്കോ, മറ്റു ജീവികൾക്കോ ഉപദ്രവമോ, നഷ്ടമോ ഉണ്ടാവില്ല എങ്കിൽപിന്നെ കുറ്റപ്പെടുത്തലുകളെ ഭയക്കേണ്ട കാര്യമില്ല. വിമർശനങ്ങൾ ഒരിക്കലും അവസാനിക്കില്ല. ചുറ്റും നിന്ന് വിമര്ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാവുമ്പോൾ പല മനുഷ്യരും ലക്ഷ്യത്തിൽ നിന്ന് പിന്തിരിയുന്നു. അങ്ങനെ പരാജയപ്പെടുകയും ചെയ്യുന്നു. പക്ഷെ നന്മ ചെയ്യുന്നത് തുടരുകയാണ് വേണ്ടത്, കുറ്റപ്പെടുത്തലുകളെ അവഗണിച്ചു ലക്ഷ്യത്തെ പിന്തുടരുക തന്നെയാണ് ഓരോ മനുഷ്യനും ചെയ്യേണ്ടത്

വാല്മീകി രാമായണം-50

വാല്മീകി രാമായണം-50📖
പരശുരാമൻ വൈഷ്ണവ ധനുസ്സ് രാമന് നല്കി. രാമൻ അത് വരുണന് നല്കി. വരുണൻ അഗസ്ത്യ മുനിക്ക് നല്കി. അഗസ്ത്യ മുനി പിന്നെ ഒരു സാഹചര്യത്തിൽ രാമന് വീണ്ടും ആ വിശിഷ്ടമായ ചാപം നല്കുന്നു. ഇങ്ങനെ അത് കൈമാറി വന്നു. ഇവിടെ ബാലകാണ്ഡം പൂർത്തിയാകുന്നു. രാമ ലക്ഷ്മണ ഭരത ശത്രുഘ്നൻ മാർ അവരുടെ ഭാര്യാ സമേതം അയോദ്ധ്യയിൽ എത്തി ചേരുന്നു. അയോദ്ധ്യയിൽ അവർക്ക് ആഘോഷങ്ങളോടു കൂടിയ സ്വീകരണം ലഭിക്കുന്നു. കുറേ നാൾ അങ്ങനെ അവർ സന്തോഷത്തോടെ ജീവിക്കുന്നു.
അയോദ്ധ്യാ കാണ്ഡം തുടങ്ങുന്നു
ഗച്ഛതാ മാതുല കുലം
ഭരതേന ധധാനക:
ശത്രുഘ്നോ നിത്യ ശത്രുഘ്നോ
നീത പ്രീതി പുരസ്കൃത:
ഒരു തേര് അയോദ്ധ്യയിൽ നിന്ന് കേകേയ ദേശത്തേയ്ക്ക് പോകുന്നു. അതിൽ ഭരതൻ ശത്രുഘ്നനേയും കൂട്ടി തന്റെ മാതാവിന്റെ ദേശത്തേയ്ക്ക് പോകുന്നു. അവർ രണ്ട് പേരും എപ്പോഴും ഒരുമിച്ചാണ്. രാമലക്ഷ്മണൻമാരെ പോലെ തന്നെ.
ദശരഥന് ഇവർ നാലു പേരും പ്രിയരാണ്. എന്നാൽ രാമോ രതികര പിതുഹു. രാമനെ കാണുമ്പോൾ ദശരഥന് എന്തെന്നില്ലാത്ത വാത്സല്യമാണ്. രാമനെ കാണുമ്പോൾ എന്തോ ഒരു പ്രത്യേക അനുഭൂതിയാണ് അദ്ദേഹത്തിന്. മുരുഗനാര് സ്വാമി രമണ മഹർഷിയെ നോക്കി പറയും എനിക്ക് അര മണിക്കൂർ പോലും തികച്ച് അങ്ങയെ നോക്കി ഇരിക്കാൻ സാധിക്കുന്നില്ല. അങ്ങയുടെ തേജസ്സ് അപാരമാണ് . പത്ത് മാസം അങ്ങയുടെ മാതാവ് എങ്ങനെ അങ്ങയെ വയറ്റിൽ കൊണ്ടു നടന്നു. ഹൃദയം ഉരുകുന്നു അങ്ങനെ നോക്കി നിൽക്കുമ്പോൾ. അത് സാധാരണ ലൗകികമായ മാനുഷികമായ ആകർഷണമല്ല തീർത്തും അലൗകികമായ ആകർഷണമാണ്.
വിവേകാനന്ദൻ ലോക മത സമ്മേളനത്തിന് പോയപ്പോൾ ബുദ്ധിശാലികളായ പ്രഗത്ഭൻമാരുൾപ്പടെ ഏഴായിരം പേരുണ്ടായിരുന്നു സദസ്സിൽ. വിവേകാനന്ദൻ സംസാരിച്ചു തുടങ്ങിയപ്പൊഴേക്കും അവർ അദ്ദേഹത്തിന് നല്കിയ അംഗീകാരത്തിന് കാരണം വാക്കുകൾക്കുമപ്പുറം തെളിഞ്ഞു കാണാവുന്ന അദ്ദേഹത്തിന്റെ ദിവ്യ തേജസുള്ള മുഖമായിരുന്നു. അദ്ദേഹം ആ വേദിയിൽ വന്നിരുന്നപ്പോഴേ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം സംസാരിക്കുന്നത് കേൾക്കാനായി സദസ്യർ കാത്തിരുന്നത് നാല് ദിവസം.
നല്ല സംഗീതം ശിശുവിനും, പശുവിനും , പാമ്പിനും മനസ്സിലാകും. അതുപോലെ ആത്മീയ സാന്നിദ്ധ്യവും ആടിനും മാടിനും പാമ്പിനും ഒക്കെ മനസ്സിലാകും.സിസ്റ്റർ ക്രിസ്റ്റീന വിവേകാനന്ദനെ കുറിച്ച് എഴുതി ഒരിക്കൽ അദ്ദേഹം ഒരു തെരുവിലൂടെ നടന്നു പോകുമ്പോൾ കാളപ്പോരു നടത്തുന്ന ഒരിടത്തു നിന്ന് ഒരു കൂറ്റൻ കാള ചാടി രക്ഷപ്പെട്ട് തെരുവിലൂടെ ഓടി വന്നു. വിവേകാനന്ദ സ്വാമികളുടെ കൂടെ മറ്റ് രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. എതിരെ ഒരു സ്ത്രീ നടന്നു വരുന്നു. കാള ഓടി അടുത്തതും അദ്ദേഹം ആ സ്ത്രീയെ പിറകിലേയ്ക്ക് മാറ്റി കാളയുടെ മുന്നിൽ നിന്നു. കാള അദ്ദേഹത്തെ കണ്ടതും ശാന്തനായി തിരികെ പോയി. നന്ദികേശൻ ശിവനെ കണ്ട പോലെ.ക്രിസ്റ്റീന പറയുന്നു 'As if he saw his master ' എന്ന്. ഇതു പോലെ ആത്മീയത തുളുമ്പുന്ന മനുഷ്യരെ മിണ്ടാപ്രാണികൾക്ക് പോലും മനസ്സിലാകും. അവർ ആ രീതിയിൽ പ്രതികരിക്കും.

വാല്മീകി രാമായണം-53

വാല്മീകി രാമായണം-53
രാമനുള്ള മറ്റൊരു പ്രധാന ഗുണം പൂർവ്വഭാഷി ഒരാളെ കണ്ടാൽ ആദ്യം തന്നെ ഒരു സംഭാഷണം തുടങ്ങി വെയ്ക്കുന്നു. ഇതൊക്കെ അഹന്തയില്ലായ്മയുടെ ലക്ഷണങ്ങളാണ് .
സ്വാമി ശിവാനന്ദയെ കുറിച്ച് പറയും അദ്ദേഹം മലേഷ്യയിൽ ഡോക്ടർ ആയിരുന്നപ്പോൾ ആരും അദ്ദേഹത്തെ നൃത്ത പരിപാടികൾക്കൊന്നും വിളിച്ചിരുന്നില്ല. കാരണം എവിടെ പോയാലും അദ്ദേഹം ഒരു ഹാർമോണിയ പെട്ടിയുമായി വന്ന് ഭജന പാട്ടുകൾ പാടും. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹ റിസപ്ഷനും കുപ്പുസ്വാമിയെന്ന ശിവാനന്ദയെ വിളിക്കുകയുണ്ടായില്ല. എന്നാൽ യഥാ സമയത്ത് അദ്ദേഹം ഹാർമോണിയ പെട്ടിയുമായി വരുകയും ഭജന സങ്കീർത്തനങ്ങൾ പാടുകയും ചെയ്തു. അദ്ദേഹം പറഞ്ഞു നീ വിളിക്കാൻ മറന്നാലും എനിക്ക് വരാതെയിരിക്കാൻ സാധിക്കില്ലല്ലോ. അല്പം പോലും ദേഷ്യമോ പരിഭവമോ അദ്ദേഹത്തിനുണ്ടായില്ല. കാരണം അവർക്ക് അഹന്തയെന്നൊന്നില്ല എന്നതുകൊണ്ട് തന്നെ.
രാമനെ കുറിച്ച് പ്രജകൾ പറയുന്നതിങ്ങനെ.
രാമോ ലോകാഭിരാമോയം
രാമൻ എല്ലാവരുടേയും ഹൃദയം കവരുന്നു.
ശൗര്യ വീര്യ പരാക്രമയ്ഹി
പ്രജാ പാലന സയുക് തോ
ന രാഗോപഹേന്ദ്രിയഹ
ഇതൊക്കെയാണെങ്കിലും രാമന് ഒന്നിനോടും ബന്ധനമോ അഭിനിവേഷമോ ഇല്ല. ഏതെങ്കിലും ഒരു വസ്തുവിനോട് ആസക്തിയില്ല. അത് സ്വന്തമാക്കിയെ തീരു എന്ന മോഹവുമില്ല.