Saturday, 18 January 2020

വാല്മീകി രാമായണം -2

വാല്മീകി രാമായണം -2
അസ്മത് ദേശത് പ്രസൂദസ്യ സകാ ശാത് അഗ്ര ജന്മനഹ സ്വം സ്വം ചരിത്രം ശിക്ഷേരം പ്രഥ്യുവ്യാം സർവ്വ മാനവാഹ.
സ്വം സ്വം ചരിത്രം എന്നാൽ അവനവന്റെ കഥ അവനവന്റെ നിജ സ്വരൂപം എന്തെന്ന് അറിയണമെങ്കിൽ അസ്മത് ദേശത് ഈ ഭാരത ദേശത്തുള്ള ശ്രേഷ്ഠൻമാരെ സമീപിക്കണം.
ഈ ദേശത്തേയ്ക്ക് വേദ കാര്യങ്ങളെല്ലാം ചുരുങ്ങി വന്നിരിക്കുന്നു. ഒന്നു കൂടി വീക്ഷിച്ചാൽ ഇസ്ലാമിക അധിനിവേഷത്താൽ പിന്നേയും അവ ചുരുങ്ങി ദക്ഷിണ ദേശത്തിൽ മാത്രമായി നിലനില്ക്കുന്നു. വടക്കൻ മേഘലകളിൽ വേദാദ്ധ്യായനം എല്ലാം നിന്നു പോയിരിക്കുന്നു. ഉലകം മുഴുവനും സനാഥന ധർമ്മം നിലനിന്നിരുന്നു. സനാഥന ധർമ്മത്തിന് വേദമാണ് പ്രമാണം. വേദമെന്നാൽ ഋക്ക് വേദം, യജുർ വേദം, സാമ വേദം അഥർവ്വ വേദം. അതിന് ആറ് അംഗങ്ങൾ ശിക്ഷ ,കല്പം, വ്യാകരണം, നിരുക്തം, ചന്ദോ, ജ്യോതിഷം എന്നിവ. ഇവ എല്ലാം ചേർന്ന് ഇതിന് മുകളിലായി ബ്രഹ്മ വിദ്യ എന്ന ഒന്നുണ്ട് ബ്രഹ്മവിദ്യയേ പരാവിദ്യാ, അപരാവിദ്യ എന്ന് തിരിച്ചിരിക്കുന്നു എന്ന് വേദത്തിൽ തന്നെ പറഞ്ഞിരിക്കുന്നു.
ഇതൊക്കെ ആയാലും ഒരുവൻ സ്വയം ഉണർന്നാൽ ആത്മജ്ഞാനം ഉണ്ടായാൽ മാത്രമേ വേദത്തെ അറിഞ്ഞവൻ ആകുന്നുള്ളൂ.
തത്ര പരാ യയാതമക്ഷരമതി ഗമ്യതേ
വേദത്തിന്റെ ലക്ഷ്യം തന്നെ ആത്മസാക്ഷാത്കാരമാണ്. വേദം ഒരു കണ്ണാടി മാതിരി നമുക്ക് നമ്മുടെ സ്വരൂപത്തെ കാട്ടിത്തരുന്നു. ചിലയിടത്ത് വേദത്തിൽ പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രമേ അംഗീകരിക്കൂ എന്നും. ചിലയിടത്ത് വേദവുമായി ഒത്തു പോകുന്നില്ല എന്ന് ബുദ്ധൻ പറഞ്ഞപ്പോൾ അത് ഉപേക്ഷിച്ചതുമായി കാണുന്നു.ബുദ്ധനും ജ്ഞാനി തന്നെയാണ്. ബുദ്ധ മതം ശ്രേഷ്ഠം തന്നെയാണ്. പക്ഷേ വേദം ബാഹ്യമായ ഒരു പ്രമാണമാണ് എന്ന ഒരു അഭിപ്രായം വന്നപ്പോൾ അവർ അത് ഉപേക്ഷിച്ചു. വേദങ്ങൾ ഭാരത വർഷത്തിന്റെ പ്രകൃതിയാണ്. അതിനാൽ എന്തിനും ഏതിനും വേദത്തെ പ്രമാണമാക്കുക എന്നത് നമ്മുടെ സ്വഭാവമാണ്.
പുരാണങ്ങളും ശാസ്ത്രങ്ങളും വേദത്തിൽ നിന്നാണ് വന്നത്. ആരോഗ്യ ശാസ്ത്രമായ ആയുർവേദം വേദത്തിൽ നിന്നും വന്നു. ആയുധങ്ങളെ ഉപയോഗിക്കുന്നതിനായുള്ള ധനുർവേദം വേദത്തിൽ നിന്ന് വന്നു. ഭരതൻ നാട്യ ശാസ്ത്രം എഴുതിയതും വേദത്തിൽ നിന്നും.എല്ലാത്തിനും വേദമാണ് പ്രമാണം.
ഭാഗവതത്തിൽ പറയുന്നു വേദ വൃക്ഷത്തിൽ നിന്നും പഴുത്തു വീണ പഴം ആണ് ഭാഗവതം എന്ന്. മഹാഭാരതവും എല്ലാവർക്കും വേദാർത്ഥത്തെ മനസ്സിലാക്കി കൊടുക്കാനായാണ് വ്യാസർ എഴുതിയത്. രമണമഹർഷി അരുണാചല അക്ഷരമാല അവസാനിപ്പിക്കുമ്പോൾ പറയുന്നു വേദാന്തത്തെ വേരറ വിളങ്കും വേദ പൊരുൾ അരുൾ അരുണാചല. മഹാത്മാക്കൾ എല്ലാം ആ സംസ്കാരത്തെ ഉൾകൊണ്ടു കൊണ്ടാണ് വന്നിരിക്കുന്നത്.

വാല്മീകി രാമായണം-3

വാല്മീകി രാമായണം-3🔰
കുറച്ച് വർഷങ്ങൾക്ക് മുൻമ്പ് യോഗി രാമസൂരത്കുമാർ എന്ന ഒരാൾ ഉണ്ടായിരുന്നു. ആരോ അദ്ദേഹത്തോട് വേദത്തെ കുറിച്ച് ചോദിച്ചു. അതിന് അദ്ദേഹം മറുപടി പറഞ്ഞു വേദം എവിടെയുണ്ടോ അവിടേയ്ക്കേ ഞങ്ങളെ പോലുള്ളവർക്ക് വരുവാൻ സാധിക്കുള്ളൂ. വേദങ്ങളാൽ തയ്യാറാക്കപ്പെട്ട ഒരു വയലുണ്ടെങ്കിൽ മാത്രമേ ജ്ഞാന നിഷ്ഠയോടെയും ഭക്തിയോടെയും ഇരിക്കുന്ന ഒരിടം ഞങ്ങൾ യോഗികൾക്ക് ഉണ്ടാവുകയുള്ളൂ.
വേദത്തെ പ്രമാണമാക്കി എന്നു പറയുമ്പോൾ നാട്യ ശാസ്ത്രത്തിൽ ഭരത മുനി പറയുന്നു അതിലുള്ള വിഷയം (subject) ഋക്ക് വേദത്തിൽ നിന്നും, സംഗീതം സാമ വേദത്തിൽ നിന്നും, മുദ്രകൾ യജുർ വേദത്തിൽ നിന്നും , അഥർവ്വ വേദത്തിൽ നിന്നും രസത്തെ എടുത്തിരിക്കുന്നു. അഥർവ്വ വേദത്തിൽ ബാഹ്യ വിഷയങ്ങൾ മാത്രമല്ല മുഖ്യമായ ഉപനിഷത്തുക്കൾ എല്ലാം തന്നെ ഉണ്ട്.
ഇങ്ങനെ എല്ലാത്തിലും പ്രമാണമായി വേദം സ്ഥിതി ചെയ്യുന്നു. എന്തുകൊണ്ട് വേദങ്ങൾ. ലോക കാര്യങ്ങൾ അറിയാൻ ശാസ്ത്രങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരു ജീവൻ സംസാരത്തിൽ നിന്ന് കരകയറാനുള്ള അതി ഗംഭീരമായ വിഷയത്തെ ഈശ്വരനാൽ വെളിപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിൽ നമുക്കറിയാനേ സാധിക്കില്ലായിരുന്നു.
ബാഹ്യ വിഷയങ്ങളിൽ ഗവേഷണം നടത്താൻ നമുക്ക് ബുദ്ധിയുണ്ട്. ആപ്പിൾ താഴെ വീഴുന്നതും ആറ്റവും അങ്ങനെ സൂക്ഷ്മവും അതിസൂക്ഷ്മവും ആയ കാര്യങ്ങളും എല്ലാം ദൃശ്യ വസ്തു തന്നെയാണ്. സൂക്ഷ്മത്തിൽ സൂക്ഷ്മം അതിലും സൂക്ഷ്മമായി ഒന്നും ഇല്ലെങ്കിൽ അതിനർത്ഥം അതിനപ്പുറം നിങ്ങളും ഉണ്ടാകുകയില്ല എന്നാണ്. അണോഹോ അണീയാൻ. അതിനാൽ വേദവും ഉപനിഷത്തുക്കളും പറയുന്നു നീ കാണുന്നതിന് അപ്പുറം എന്തെന്ന് ചോദിച്ചാൽ നിനക്കറിയില്ല the unknowable. അതറിയാൻ എന്താണ് വഴി. ആരറിഞ്ഞിരിക്കുന്നുവോ അവരിൽ നിന്നറിഞ്ഞു കൊള്ളുക. കത്തുന്ന ഒരു വിളക്കിൽ നിന്ന് വിളക്ക് കത്തിച്ചോളൂ. അറിഞ്ഞവന്റെ ഹൃദയത്തിൽ നിന്നെന്ത് ഊറി വരുന്നോ അതാണ് നമുക്ക് ഗതിയായി മാറുന്നത്. അതു തന്നെയാണ് ഈശ്വരന്റെ വെളിപാടും.
ഒരു വ്യക്തി എന്ത് പറഞ്ഞാലും അതിൽ അയാളുടെ അഭിപ്രായങ്ങൾ ഇഷ്ടാനിഷ്ടങ്ങൾ വാസന ഒക്കെ കലർന്നിരിക്കും.നമ്മുടെ എല്ലാ അഭിപ്രായങ്ങളിലും നമ്മുടെ സംസ്കാരം അഭിമാനം കലർന്നിരിക്കും. അതിനാണ് പുരുഷ സമ്പർക്കം എന്നു പറയുന്നത്. നമ്മളിലെ വ്യക്തി അതിൽ ഒളിഞ്ഞിരിക്കുന്നു.

വാല്മീകി രാമായണം-4

വാല്മീകി രാമായണം-4📖
നമുക്ക് നമ്മളെ താണ്ടി പോകുന്നത് പ്രയാസമുള്ള കാര്യമാണ്. നമ്മുടെ വ്യക്തിത്വവുമായി സമ്പർക്കമില്ലാതെ മനസ്സുമായി സമ്പർക്കമില്ലാതെ ഉന്മയെ വെളിപ്പെടുത്തുന്നത് വേദമാണ്. അങ്ങനെയൊരു വെളിപാടു വേദത്തിൽ ഇല്ലായിരുന്നെങ്കിൽ മനുഷ്യന് അവന്റെ പാരമാർത്ഥിക സത്യത്തെ ഒരു കാലത്തും അറിയുവാൻ സാധിക്കില്ലായിരുന്നു എന്ന് ആചാര്യൻ ബ്രഹ്മസൂത്രത്തിൽ ചർച്ച ചെയ്യുന്നു. ഇങ്ങനെ അതിഗംഭീരമായ ആത്മവിദ്യയെ വേദം നമുക്ക് ഉപദേശിച്ച് തന്നില്ലായിരുന്നെങ്കിൽ നമുക്ക് ഊഹിച്ചെടുക്കാൻ കൂടി കഴിയില്ലായിരുന്നു. അപ്പോൾ വേദ മെന്നാൽ ഈശ്വരന്റെ ജ്ഞാനശക്തിയുടെ പേരാണ് . ഈശ്വരനെ അറിയുന്നതും ഈശ്വരന്റെ ജ്ഞാനശക്തിയുടെ കരുണയാലാണ്.
ആ ജ്ഞാനശക്തി ഭഗവാൻ അവതരിച്ചപ്പോൾ കൂടെ അവതരിച്ചതാണ് ഭഗവാനെ കാണിച്ചു കൊടുക്കുന്നതിനായി.
വേദവേദ്യമായിരിക്കുന്ന ആ പരമപുരുഷൻ രാമൻ അവതരിച്ചപ്പോൾ കൂടെ അവതരിച്ച വേദം തന്നെയാണ് രാമായണം. വാല്മീകി രാമായണം എന്ന് എടുത്തു പറയുന്നതെന്തു കൊണ്ടെന്നാൽ മറ്റു രാമായണങ്ങളിൽ ഭാവം ഭക്തി നിറഞ്ഞിരിക്കുന്നു എന്നാൽ വാല്മീകി രാമായണം വേദം കണക്കെ ശുദ്ധമായി പ്രകൃതിയായി നിലകൊള്ളുന്നു.
ആർഷ്യേ രാമായണം എന്നാൽ ഋഷി പ്രോക്തമായി ഇരിക്കുന്നത്. തപസ്സിന്റെ ഗന്ധം അതിലുണ്ട്. രാമായണം മുഴുവനും തപസ്സാണ്. ആർഷ ധർമ്മം രാമായണത്തിൽ നിറഞ്ഞിരിക്കുന്നു. രാമായണം ആരംഭിക്കുന്നതും തപസ്സിൽ നിന്നാണ്.

വാല്മീകി രാമായണം അയോദ്ധ്യാകാണ്ഡം-88

വാല്മീകി രാമായണം🌹
🌻അയോദ്ധ്യാകാണ്ഡം-88🌻
നമ്മളെ നാം ശ്രദ്ധിക്കാതിരിക്കുന്നതിനാണ് മായ എന്ന് പറയുന്നത്. നിത്യ ശുദ്ധമായ വസ്തുവിലേയ്ക്ക് ശ്രദ്ധ പോകാത്തത് മായ. അത് 'കഷ്ടം കഷ്ടം' എന്നു പറയുന്നു കാരണം ഇത്രയും ലളിതമായ ഒന്നിനെ മനസ്സിലാക്കാതെ പോകുന്നല്ലോ. ഇന്റെർനെറ്റിൽ കളിച്ചു നടക്കുന്ന നമുക്ക് ഇത്ര സരസമായ ഒരു വസ്തു അപ്രാപ്യമായതെങ്ങനെ.
ഋഷികൾ ആ സത് വസ്തുവിനെ അപരോക്ഷം എന്ന് വിളിക്കുന്നു immediate experience എന്ന് വിളിക്കുന്നു. ഒരു ലഡ്ഡു കഴിക്കണമെങ്കിൽ കൂടി കടലമാവ് , പഞ്ചസാരയും ഒക്കെ വാങ്ങി വരണം, ഒരു പഴം കഴിക്കാൻ അതിന്റെ തൊലി ഉരിഞ്ഞ് വായിൽ വയ്ക്കുന്നതിന് ഒരു ചെറിയ കാലയളവുണ്ട്. ശരീരത്തിൽ കാല് മരവിച്ചാൽ നുള്ളി നോക്കും. എന്നാൽ തന്നിരുപ്പ് അറിയുന്നതിന് കാലയളവേ ഇല്ല. തന്നിരിപ്പിന് കാലമേ ഇല്ല. മനസ്സിരിക്കുന്നിടത്താണ് കാലത്തിന് പ്രസക്തി. തന്നിരുപ്പിൽ ഒരു ഇടവേളയില്ല അഖണ്ഡമായി ഇരിക്കുന്നു. " അഖണ്ഡ പ്രബോധ്യേഹി" എന്നാൽ വിച്ഛിത്തിയില്ലാത്ത ഉണർവ്വ് അഥവാ ഇടമുറിയാത്ത ഉണർവ്വ് എന്നർത്ഥം.
എന്നാൽ മനസ്സിന് വിച്ഛിത്തിയുണ്ട്. ഒരു കുഞ്ഞിന്റെ മുൻമ്പിൽ നമ്മൾ അച്ഛനോ അമ്മയോ ആകുന്നു. മാതാപിതാക്കളുടെ മുന്നിൽ മകനോ മകളോ ആകുന്നു. രണ്ടിനുമിടയിൽ വിച്ഛിത്തി വന്നു. പതിയുടെ അരികിൽ പത്നിയായും, പത്നിയുടെ മുന്നിൽ പതിയായും മാറുന്നു. ആഫീസിൽ പോയാൽ ആഫീസർ ആകുന്നു. നമ്മുടെ വ്യക്തിത്വം ഇത്തരത്തിൽ മാറി കൊണ്ടേയിരിക്കുന്നു .എന്നാൽ തന്നിരുപ്പ് വിച്ഛിത്തി ഇല്ലാതെയിരിക്കുന്നു. ഈ വ്യക്തിത്വത്തെ താനെന്ന് ധരിച്ചാൽ വിച്ഛിത്തി ഉണ്ട്. ഉണർവ്വിൽ ശ്രദ്ധ വന്നാൽ അവിച്ഛിന്നമായിരിക്കും. ആ അവിച്ഛിന്നമായ പ്രബോധം ആകാശമാണ്.
നമ്മൾ ആകാശമായാൽ ഈ ജഗത്തിലുള്ള സകല നാമ രൂപങ്ങളും ആകാശമാകും. അറിവും ആകാശമാകും. നമ്മുടെ ഉള്ളിലുള്ള സകല പ്രമാണങ്ങളും ആകാശമാകും. നമ്മുടെ അനുഭവങ്ങളും മനസ്സും ആകാശമാകും. സ്വയം പ്രകാശമാകും.

വാല്മീകി രാമായണം അയോദ്ധ്യാകാണ്ഡം-89

വാല്മീകി രാമായണം🌹
🌺അയോദ്ധ്യാകാണ്ഡം-89🌺
ആ സ്വാനുഭവത്തിൽ നിരന്തരം രമിച്ചിരിക്കുന്നതിനാൽ ആ രാമനെ കാണുമ്പോൾ ഋഷികളെല്ലാം രമിക്കുന്നു. രാമനെ കാണുമ്പോൾ ഭരദ്വാജ മഹർഷിക്ക് ആശ്ചര്യമാണ് കാരണം പട്ടാഭിഷേകം മുടങ്ങി വനവാസത്തിന് ഇറങ്ങേണ്ടി വന്ന രാമനെന്ന രാജകുമാരനെ സമാധാനിപ്പിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു ഭരദ്വാജർ. എന്നാൽ രാമൻ ആശ്രമത്തിൽ വന്നതും അവിടമാകെ വസന്തം വന്ന പോലെയായിരുന്നു. ആശ്രമത്തിലാകെ ഘനീഭവിച്ച ശാന്തി പിറവി എടുത്തു.
രസായനമയീ ശാന്തിഹി
പരമാനന്ദ ദായിനി
നാനന്ദയതികം നാമ
സാധു സംഗമ ചന്ദ്രിക
ആത്മാവിന്റെ സ്വരൂപമാണ് ആനന്ദം . മോദം പ്രമോദം എല്ലാം വെളിയിൽ നിന്ന് വരുന്നതാണ്. ആനന്ദം സ്വരൂപത്തിൽ നിന്ന് വരുന്നു. അത് എപ്പോഴും ഒരേ പോലിരിക്കുന്നു. പൂർണ്ണമായിരിക്കുന്നു അതിലൊന്നും ചേർക്കുകയോ കുറക്കുകയോ ചെയ്യാൻ സാധിക്കില്ല.
ഭരദ്വാജ മഹർഷിക്ക് ശാന്തിയാകുന്ന രസായനം കുടിച്ച പോലെ തോന്നി രാമനെ ദർശിച്ചപ്പോൾ. അതിനാലാണ് ഭരദ്വാജർ രാമന് ചിത്രകൂടം കാട്ടി കൊടുത്തിട്ട് പിന്നീട് തിരികെ പോയത് വാല്മീകി ആശ്രമത്തിലേയ്ക്കാണ് .വാല്മീകിയോട് ചോദിച്ചു എന്താണ് രാമന്റെ പിന്നിലെ രഹസ്യം. പട്ടാഭിഷേകം മുടങ്ങി രാജ്യം കൈവിട്ട രാജകുമാരൻ .എല്ലാ സുഖ സൗകര്യത്തോടും കഴിഞ്ഞിരുന്ന രാജകുമാരൻ. ജഡാധാരിയായി വനവാസത്തിന് വരേണ്ടി വന്നു എന്നിട്ട് ആ മുഖത്ത് എന്തൊരു നിറവാണ്. അലയില്ലാത്ത കടൽ പോലെ .
സമുദ്രസ്യ ഗാംഭീര്യം ,സ്ഥയ്ര്യം മേരോരിവ സ്ഥിതി ,അന്തശീതളത ച ഇന്ദോഹു
ഉള്ളിൽ കുളിർമ. തിരമാലയില്ലാത്ത കടൽ പോലെ അക്ഷോഭ്യമായ നില. ഇതിന്റെ കാരണം ആരാഞ്ഞപ്പോൾ ആണ് വാല്മീകി വാസിഷ്ഠ രാമായണം ഉദ്ധരിക്കുന്നത്.
ചിത്രകൂടത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ചിത്രകൂട ഗിരിക്കടുത്ത് വാല്യവതി എന്ന നദി ഒഴുകുന്നു. വനത്തിനുള്ളിലേക്ക് കൂടുതൽ യാത്ര ചെയ്തപ്പോൾ സീത ഒരുപാട് സന്തോഷിച്ചു. സീതയോട് രാമൻ പറഞ്ഞു ഈ വനത്തിലാണ് ബ്രഹ്മ ഋഷികൾ എല്ലാം ഏകാന്തമായിരുന്നു ആത്മ ധ്യാനം ചെയ്യുന്നത്. സീത ചോദിച്ചു അരമനയെല്ലാം വിട്ട് ഈ വനത്തിൽ വരേണ്ടി വന്നതിൽ അങ്ങയ്ക്കു ദു:ഖമില്ലേ.രാമൻ പറഞ്ഞു ഇദം തു അമൃതം പ്രാഹുഹു . സീതേ ഇതു തന്നെയാണ് അമൃതം.
അരമനയിലെ രാജതന്ത്രത്തെ വച്ചു നോക്കുമ്പോൾ വനവാസം അമൃതമാണ്. സമാധിക്ക് ഭംഗമില്ലാതെ ഇരിക്കാം ഇവിടെ. ഏയ് സീതേ സമാധി എന്നാൽ ഏത് നിലയിലാണ് വികല്പമേ ഇല്ലാത്തത് ആ നിലയ്ക്കാണ് സമാധി എന്നു പറയുന്നത്. ഈ വനത്തിൽ ബാഹ്യമായ വികല്പങ്ങൾ നമ്മളെ ബാധിക്കില്ല. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതും ശത്രു മിത്രം ഒന്നും ഉണ്ടാകില്ല. ആ നിലയിൽ ഇരുന്ന് സമാധി അഭ്യസിച്ചാൽ പതിന്നാല് വർഷം കഴിഞ്ഞ് തിരിച്ച് അയോദ്ധ്യയ്ക്ക് മടങ്ങുമ്പോൾ എല്ലാവരേയും വീണ്ടും കാണേണ്ടി വരുമ്പോൾ
ബ്രഹ്മചിത് ബ്രഹ്മ ഭുവനം
ബ്രഹ്മഭൂത പരമ്പരാഹ
ബ്രഹ്മാഹം ബ്രഹ്മ മത് ശത്രുഹു
ബ്രഹ്മ മത് മിത്ര ബാന്ധവ:
ഭൂതകാലത്ത് ആര് നമുക്ക് ബന്ധുവായിരുന്നുവോ, ഇഷ്ടമുള്ളവർ ,ഇഷ്ടമില്ലാത്തവർ ആര് വന്നു മുന്നിൽ നിന്നാലും നമ്മുടെ ഹൃദയത്തിൽ ചിത് അനുഭവം ഉണ്ടെങ്കിൽ നമുക്കു മനസ്സിലാകും ആ ഞാനെന്ന ഉണർവ്വ് പല പല പേരുകളിൽ അറിയപ്പെട്ട് നമുക്കു മുന്നിൽ നിൽക്കുകയാണെന്ന്.
ഞാൻ ആരെന്ന് ചോദിച്ചാൽ ഉടനെ വരുന്ന ഉത്തരം എന്റെ പേര്, ഈ ജാതി, ഈ വർണ്ണം, ഈ ലിംഗം അങ്ങനെ പോകുന്നു വിവരണം. എപ്പോഴാണോ ഞാൻ എന്ന ഉണർവ്വ് ഇതിൽ നിന്നുമൊക്കെ മോചിതമാകുന്നുവോ അഥവാ ഈ വിശേഷണങ്ങൾ എല്ലാം ഇല്ലാതാകുന്നുവോ.
ബോധോ നിർവ്വാസനോ യസ്യ
ബോധത്തിൽ നിന്ന് വാസനയേ അകന്നാൽ
സജീവൻ മുക്ത ലക്ഷണ:
ആരുടെ ഉണർവ്വിലാണോ ഞാൻ ഇവൻ അവൻ എന്ന വ്യക്തിത്വം ഇല്ലാതിരിക്കുന്നത്. ആരാണോ ഉണർവ്വിൽ ആകാശം പോലെയിരിക്കുന്നത്.നിർലിപ്തനായിരിക്കുന്നുവോ അവന് വനത്തിലിരുന്നാലും അരമനയിലിരുന്നാലും ഒരു പോലെയാണ്.

വാല്മീകി രാമായണം അയോദ്ധ്യാകാണ്ഡം-90

വാല്മീകി രാമായണം🍂
🌲അയോദ്ധ്യാകാണ്ഡം-90🌲
ശ്രീ ശുക മഹർഷി ജനകനോട് ഒരിക്കൽ ചോദിച്ചു എങ്ങിനെയാണ് അങ്ങ് ഒരു ജ്ഞാനിയായിട്ട് ഇത്രയധികം ആൾക്കാരുടെ ഇടയിൽ കഴിയുന്നത്. ജനകൻ പറഞ്ഞു ഞാൻ ആൾക്കൂട്ടത്തിന് നടുവിലാണ് എന്നാൽ ഏകാന്തനാണ്.
അഹോ ജന സമൂഹേപി
ന ദ്വൈതം വശ്യതോ മമ
ആരണ്യം മിവ സംവൃത്തം
ക്വരതിം കരവാണ്യഹം
ഈ ജനസമൂഹത്തിൽ ദ്വൈതം ദർശിക്കാത്ത എനിക്ക് കാട് പോലെ നിശ്ചലമാണ് ചുറ്റും. സീത രാമനോട് പറഞ്ഞു എന്റെ പിതാവ് അരമനയിലും ഒരു യോഗിയെ പോലെയാണ് കഴിഞ്ഞത്. സീതയുടെ അറിവിനേയും തന്മയത്വത്തേയും രാമൻ യാത്രയിലുടനീളം പുകഴ്ത്തി കൊണ്ടേയിരുന്നു.
വിശ്വാമിത്ര മഹർഷി രാമന് കഥകൾ ചൊല്ലി കൊടുത്ത പോലെ കാട്ടിൽ രാമൻ സീതയ്ക്കും ലക്ഷ്മണനും കഥകൾ ചൊല്ലി കൊടുത്തു കൊണ്ടേയിരുന്നു. ഏകാന്തതയിൽ ആത്മ വിചാരം നടന്നു കൊണ്ടേയിരിക്കുന്നു. ബ്രഹ്മ വിദ്യ വിചാരം നടന്നു കൊണ്ടേയിരിക്കുന്നു.
നമ്മൾ എവിടെ തങ്ങും ലക്ഷ്മണാ. ഭരദ്വാജർ പറഞ്ഞ പർവ്വതം സമീപത്തു തന്നെ കാണുന്നുണ്ട് അവിടെ തങ്ങാം ജ്യേഷ്ഠാ. ശരി ലക്ഷ്മണാ നീ മുന്നിലും സീത നടുവിലും ഞാൻ പിറകിലായും നടക്കാം. കായ് കനികൾ പുഷ്പങ്ങൾ എന്തെങ്കിലും സീത ചോദിച്ചാൽ എടുത്തു കൊടുത്തേയ്ക്കു.ഒരു കുറവും സീതയ്ക്കുണ്ടാകാതെ നോക്കാം.
യദ് യദ് ഫലം പ്രാർത്ഥയതേ
പുഷ്പം വാചനകാത്മജാം
തത് തത് പ്രയച്ഛ വൈദേഹ്യാം
എത്രാസ്യാ രമതേ മനഹാം
ആ കാട്ടിനുള്ളിൽ പോയി ലക്ഷ്മണൻ ഭംഗിയുള്ള ഒരു ചെറിയ കുടീരം ഉണ്ടാക്കുന്നു.പല മരങ്ങളിൽ നിന്നുമുള്ള ഇലകളും തടിയുമുപയോഗിച്ച് സുന്ദരമായൊരു കുടീരം. രാമൻ ചോദിച്ചു ഇതെല്ലാം നീ എവിടെ നിന്ന് പഠിച്ചു ലക്ഷ്മണാ. ലക്ഷ്മണൻ പറഞ്ഞു സൃഷ്ടസ്ഥ്വം വനവാസായ.
അവർ ഗൃഹ പ്രവേശനം ചെയ്ത് പൂജയെല്ലാം ചെയ്ത് അഗ്നിക്ക് അർപ്പണങ്ങൾ ചെയ്ത് ഗൃഹബലി നടത്തി രാമൻ മന്ത്രങ്ങൾ ചൊല്ലി താമസം ആരംഭിച്ചു. ലക്ഷ്മണൻ അദ്ധ്വാനത്തിന്റെ ക്ഷീണത്താൽ ഗാഢമായി ഉറങ്ങി പോയി. രാമൻ വിളിച്ചുണർത്തി സൂര്യോദയത്തിൽ .
പ്രസുക് തസ്തു തഥോ ഭ്രാത്രാ
സമയേ പ്രതി ബോധിതഹാം
ജഹു തന്ത്രാം ച നിദ്രാം ച
പ്രസക്തം ച പരിശ്രമം
കോട്ടുവായിട്ട് എണീറ്റിരുന്നു ലക്ഷ്മണൻ. വാല്മീകി വളരെ സ്വാഭാവികമായാണ് എല്ലാം വിവരിച്ചിരിക്കുന്നത് .രാമനെല്ലാം ചെയ്ത് കൊടുക്കുന്നത് ലക്ഷ്മണനാണ്. കാരണം രാമനെ സേവിക്കുക എന്നതാണ് ലക്ഷ്മണന്റെ ജീവിത ലക്ഷ്യം.

Wednesday, 15 January 2020

വാല്മീകി രാമായണം അയോദ്ധ്യാകാണ്ഡം-87

വാല്മീകി രാമായണം 🌹
💐അയോദ്ധ്യാകാണ്ഡം-87💐
ജ്ഞാനി ശിഷ്യനെ ബോധിപ്പിക്കുന്നു നിന്റെ സ്വരൂപം ആകാശം പോലെയാണ്. ഉപാധി , മനസ്സ്,ശരീരം ഒന്നും നിന്റെ ധർമ്മമല്ല.
അപ്രാണോഹി അമന: ശുഭ്ര:
പ്രാണൻ, ശരീരം, മനസ്സ് എല്ലാം ആകാശത്തിലെ മേഘങ്ങൾ പോലെ പ്രത്യക്ഷപ്പെടുന്നു അപ്രത്യക്ഷമാകുന്നു. ആകാശത്തിന് ഒരു കോട്ടവും സംഭവിക്കുന്നില്ല. അതുപോലെ സ്വരൂപമാകുന്ന ആകാശത്ത് ശരീരം നിൽക്കട്ടെ ശരീരം മറയട്ടെ മനസ്സുദിക്കട്ടെ മനസ്സ് മറയട്ടെ അഭിമാനമുദിക്കട്ടെ അഭിമാനം മറയട്ടെ ഇതൊക്കെ ഉദിച്ചത് കൊണ്ട് ആകാശത്തിന് ഒന്നും സംഭവിക്കുന്നില്ല അത് മറയുന്നത് കൊണ്ട് ഒന്നും നഷ്ടമാകുന്നുമില്ല.
സ്വരൂപമാകുന്ന ആകാശം ഉദിക്കാതെ മറയാതെ സദാ ഏക സ്വരൂപമായി അഘണ്ടമായി ആ ചിതാകാശം ഒന്നിനാലും സ്പർശിക്കപ്പെടാതെ നിത്യ അസ്പന്ദ സ്വരൂപമായി സിദ്ദ വസ്തുവായി ഇരിക്കുന്നു.
ആ സ്വരൂപം തന്നെയാണ് നമ്മുടെ ഹൃദയത്തിൽ ഞാൻ എന്ന ഉണർവിന്റെ രൂപത്തിൽ നിത്യ പ്രസിദ്ധമായിരിക്കുന്നത്. അഹം അഹം എന്ന പദത്തിലൂടെ നമ്മൾ കുറിക്കുന്ന വസ്തുവിന്റെ സത്യാവസ്ഥ ,പൊരുൾ, വാസ്തവത്തിലുള്ള സ്ഥിതി. അഹം പദത്തിന്റെ അർത്ഥം.
അഹമെന്നാൽ അഹങ്കാരമല്ല. അഹങ്കാരത്തിന്റെ സ്വരൂപത്തെ ആരാഞ്ഞു പോയാൽ അഹങ്കാരം മറയുകയും അഹം പദം അഥവാ ചിത് പദം ,ചിത് പദാർത്ഥം താനേ വിളങ്ങുന്നത് അറിയുവാൻ സാധിക്കും.
പുതിയതായി അപ്പോൾ വിളങ്ങുന്നതല്ല വിളങ്ങി കൊണ്ടേയിരിക്കുകയാണ്. മനസ്സ് പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴും വിളങ്ങുന്നു ,ബുദ്ധി പ്രവർത്തിക്കുമ്പോഴും വിളങ്ങുന്നു, അഹങ്കാരം ഉള്ളപ്പോഴും അത് പ്രകാശിച്ചു കൊണ്ടിരിക്കുന്നു. ആ സ്വയം പ്രകാശിക്കുന്ന വസ്തുവിൽ ശ്രദ്ധ പോകുമ്പോൾ എണ്ണി ഒടുങ്ങി സ്വയം പ്രകാശം തന്നെ സ്വയമേവ പ്രകാശപ്പെടുത്തുന്നു അഥവാ വെളിപ്പെടുത്തുന്നു.
വിചാരം ഒടുങ്ങുന്നയിടത്ത് വിചാരം ചെയ്യുന്നവനും ഒടുങ്ങി വിശദമായ ബോധം ,വിശദമായ ഉണർവ് ,വിശദമായ ശാന്തി ,ശിവം ഹൃദയത്തിൽ പ്രകാശിക്കുന്നു. അതിനാണ് സമാധിയെന്നു പറയുന്നത്, ആത്മാനുഭവം എന്ന് പറയുന്നത്. അനുഭവം എന്നത് ആത്മാവിന്റെ സ്വരൂപമായിക്കുന്നു. ശരീരത്തിന് അനുഭവമില്ല പ്രതീതി മാത്രമാണുള്ളത്. മനസ്സിനനുഭവം ഇല്ല പ്രതീതി മാത്രമേയുള്ളു. ആത്മാ എപ്പോഴും അനുഭവ സ്വരൂപമായിരിക്കുന്നു. സന്ദേഹത്തിനിടമില്ലാതെ ഇരിക്കുന്നു.
ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കാം. വേറെ ലോകങ്ങൾ ഉണ്ടാ ഇല്ലയോ എന്ന് സംശയിക്കാം. എന്നാൽ തന്നിരുപ്പ് ആർക്കും സംശയിക്കാൻ സാധിക്കില്ല. തന്നിരുപ്പ് എല്ലാവർക്കും ഉണർവായി സദാ നിത്യ സിദ്ദമായിരിക്കുന്നു. ആ കേവല അനുഭവത്തെ സംശയിക്കാതിരിക്കുന്നത് എന്തു കൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് ആശ്ചര്യം തന്നെയാണ്.